Quantcast

ട്രാന്‍സ്ജെന്‍ഡേഴ്സിന് എന്‍.സി.സി പ്രവേശനത്തിന് അനുമതി

എന്‍.സി.സി നിയമം വിവേചനമാണെന്ന് ചൂണ്ടിക്കാട്ടിയാണ് ഹൈക്കോടതി ഉത്തരവ്.

MediaOne Logo

  • Published:

    15 March 2021 11:02 AM GMT

ട്രാന്‍സ്ജെന്‍ഡേഴ്സിന് എന്‍.സി.സി പ്രവേശനത്തിന് അനുമതി
X

ട്രാന്‍സ്ജെന്‍ഡേഴ്സിന് എന്‍.സി.സി പ്രവേശനത്തിന് അനുമതി. 1948ലെ നാഷണല്‍ കാഡറ്റ് കോര്‍പ്സ് (എന്‍.സി.സി) ആക്ട് ആറുമാസത്തിനകം ഭേദഗതി ചെയ്യാന്‍ കേന്ദ്രത്തിന് ഹൈക്കോടതി നിര്‍ദ്ദേശം നല്‍കി. എന്‍.സി.സി നിയമം വിവേചനമാണെന്ന് ചൂണ്ടിക്കാട്ടിയാണ് ജസ്റ്റിസ് അനു ശിവരാമന്‍റെ ഉത്തരവ്.

എന്‍.സി.സിയില്‍ പ്രവേശനം നിഷേധിച്ചതിനെത്തുടര്‍ന്ന് തിരുവനന്തപുരം യൂണിവേഴ്സിറ്റി കോളജിലെ ട്രാന്‍സ്ജെന്‍ഡര്‍ വിദ്യാര്‍ത്ഥിനി ഹിന ഹനീഫ സമര്‍പ്പിച്ച ഹരജിയിലാണ് കോടതി അനുകൂല ഉത്തരവ് പുറപ്പെടുവിച്ചത്. ഹരജിക്കാരിക്ക് പ്രവേശന നടപടിയില്‍ പങ്കെടുക്കാമെന്നും കോടതി വ്യക്തമാക്കി.

എന്‍.സി.സിയുടെ മേല്‍നോട്ടം നിര്‍വഹിക്കുന്ന പ്രതിരോധ മന്ത്രാലയം ട്രാന്‍സ് ജെന്‍ഡര്‍ വ്യക്തിയെ എന്‍.സി.സിയില്‍ ചേരാന്‍ അനുവദിക്കില്ലെന്ന നിലപാടാണ് സ്വീകരിച്ചത്. എന്‍.സി.സിയില്‍ ട്രാന്‍സ്ജെന്‍ഡേഴ്സിന് പ്രവേശനം നല്‍കാന്‍ വ്യവസ്ഥയില്ലെന്നും നിലവില്‍ ആണ്‍കുട്ടികള്‍ക്കും പെണ്‍കുട്ടികള്‍ക്കും മാത്രമെ അവസരമുള്ളൂവെന്നുമായിരുന്നു കേന്ദ്രത്തിന്‍റെ വാദം. ഇത് തള്ളിക്കൊണ്ടാണ് ഹൈക്കോടതി ഉത്തരവ്.

മലപ്പുറം സ്വദേശിയായ ഹിന മൂന്ന് സഹോദരിമാരുടെ ഏക സഹോദരനായാണ് ജനിച്ചത്. സ്കൂള്‍ കാലഘട്ടത്തില്‍ എന്‍.സി.സിയുടെ ജൂനിയര്‍ വിഭാഗത്തില്‍ പുരുഷ വിഭാഗത്തിലാണ് ഹിന പ്രവര്‍ത്തിച്ചത്. പത്താംക്ലാസില്‍ വച്ച് എന്‍.സി.സിയുടെ എ സര്‍ട്ടിഫിക്കറ്റ് പരീക്ഷയും ഹിന പൂര്‍ത്തിയാക്കിയിരുന്നു.

പത്തൊമ്പതാം വയസിലാണ് ട്രാന്‍സ് വ്യക്തിത്വം ഹിന തിരിച്ചറിഞ്ഞ് അംഗീകരിച്ചത്. വീട് വിട്ട് ബെംഗളൂരുവിലെത്തിയ ഹിന ഇരുപതാം വയസ്സില്‍ സെക്സ് റീഅസൈന്‍മെന്‍റ് ശസ്ത്രക്രിയയ്ക്ക് വിധേയ ആവുകയായിരുന്നു. തിരുവനന്തപുരത്തെ യൂണിവേഴ്സിറ്റി കോളജില്‍ ചേര്‍ന്ന ഹിനയ്ക്ക് എന്‍.സി.സിയില്‍ ചേരണമെന്ന ആഗ്രഹത്തിന് വെല്ലുവിളികള്‍ ഏറെയായിരുന്നു.

2019 ഒക്ടോബറില്‍ കോളജിലെ എന്‍.സി.സി യൂണിറ്റിലും തിരുവനന്തപുരത്തെ എന്‍.സി.സി കമാന്‍ഡിംഗ് ഓഫീസര്‍ക്കും എന്‍.സി.സിയില്‍ വനിതാ വിഭാഗത്തില്‍ ചേരാന്‍ അനുവദിക്കണമെന്ന അപേക്ഷ സമര്‍പ്പിച്ചെങ്കിലും സ്വീകരിക്കാതെ വന്നതോടെയാണ് ഹിന കോടതിയെ സമീപിച്ചത്.

TAGS :

Next Story