Quantcast

പ്രതികൾ മനോരോഗികളായ 10 കേസുകൾ

മലപ്പുറം പരപ്പനങ്ങാടിയിൽ മദ്രസാ വിദ്യാർത്ഥിയെ ആക്രമിച്ച മുൻ ആർഎസ്എസ് പ്രവർത്തകൻ മനോരോഗിയാണെന്നാണ് പൊലീസ് പറഞ്ഞത്. ഇക്കാരണം ചൂണ്ടിക്കാട്ടി പ്രതിയെ നിസ്സാര വകുപ്പ് ചുമത്തി ജാമ്യത്തിൽ വിടുകയും ചെയ്തു.

MediaOne Logo

Web Desk

  • Updated:

    2021-10-23 01:40:39.0

Published:

22 Oct 2021 5:17 PM GMT

പ്രതികൾ മനോരോഗികളായ 10 കേസുകൾ
X

കേരള പൊലീസിൽ ആർഎസ്എസ് ഗ്യാങ് പ്രവർത്തിക്കുന്നതായി സംശയമുണ്ടെന്ന് സിപിഐ ദേശീയ നേതാവ് ആനി രാജ ഗുരുതര ആരോപണമുന്നയിച്ചത് കഴിഞ്ഞ മാസമാണ്. 2016ൽ പിണറായി സർക്കാർ അധികാരമേറ്റ ശേഷവും അതിനുമുൻപ് യുഡിഎഫ് സർക്കാരിന്റെ കാലത്തും നിരന്തരം ഉന്നയിക്കപ്പെട്ട വിമർശനങ്ങളെ സാധൂകരിക്കുന്ന തരത്തിലായിരുന്നു ആനി രാജയുടെ പ്രസ്താവന.

സംസ്ഥാനത്ത് ആർഎസ്എസ് പ്രവർത്തകർ പ്രതികളായുള്ള കേസുകൾ സമാനമായ കാരണം ചൂണ്ടിക്കാട്ടി ഒതുക്കപ്പെടുകയോ അട്ടിമറിക്കപ്പെടുകയോ ചെയ്യുന്ന നിരവധി സംഭവങ്ങൾ അടുത്ത കാലത്തു തന്നെ റിപ്പോർട്ട ചെയ്തിട്ടുണ്ട്. ഏറ്റവുമൊടുവിൽ കഴിഞ്ഞ ദിവസം മലപ്പുറം പരപ്പനങ്ങാടിയിൽ മദ്രസാ വിദ്യാർത്ഥിയെ ആക്രമിച്ച മുൻ ആർഎസ്എസ് പ്രവർത്തകൻ മാനസികരോഗിയാണെന്നാണ് പൊലീസ് പറഞ്ഞത്. ഇക്കാരണം ചൂണ്ടിക്കാട്ടി പ്രതിയെ നിസ്സാര വകുപ്പ് ചുമത്തി ജാമ്യത്തിൽ വിടുകയും ചെയ്തു.

കഴിഞ്ഞ ദിവസം മദ്രസ വിട്ട് വീട്ടിലേക്ക് പോവുന്നതിനിടെയാണ് ചെട്ടിപ്പടി കുപ്പിവളവിലെ ചെമ്മല റഷീദിന്റെ മകൻ ഖാജയെ തുന്നര്കണ്ടി രാമനാഥൻ ഒരു പ്രകോപനവുമില്ലാതെ ആക്രമിച്ചത്. ആക്രമണത്തിൽ വിദ്യാർത്ഥിയുടെ കണ്ണിനു പരിക്കേറ്റു. ഈ ദിവസം തന്നെ മാതാപിതാക്കൾ പരപ്പനങ്ങാടി പൊലീസിൽ പരാതി നൽകിയെങ്കിലും തുടക്കത്തിൽത്തന്നെ അക്രമിയെ സഹായിക്കുന്ന നിലപാടാണ് പൊലീസ് സ്വീകരിച്ചതെന്ന ആരോപണമുയർന്നിട്ടുണ്ട്. പ്രതി ആർഎസ്എസ്സുകാരനല്ലെന്നും ഇയാൾ മാനസികരോഗിയാണെന്നുമാണ് പൊലീസ് പറഞ്ഞത്. ബൈക്കിൽ യാത്ര ചെയ്യവെ ഇയാളുടെ കൈതട്ടിയതാണെന്നും പൊലീസ് വിശദീകരിച്ചു.

ആർഎസ്എസുകാർ പ്രതിപ്പട്ടികയിൽ വരുന്നതോടെ ഗുരുതര കേസുകളടക്കം നിസ്സാരകാരണം കാണിച്ച് ഒതുക്കിത്തീർത്ത അവസാനത്തെ ഉദാഹരണമാണിത്. ഈ ഘട്ടത്തിൽ സംസ്ഥാനത്ത് സമാനകാരണങ്ങളാൽ അട്ടിമറിക്കപ്പെട്ട ഏതാനും കേസുകൾ പരിശോധിക്കാം.


2006 സെപ്റ്റംബർ

ദേശീയതലത്തിൽ തന്നെ ഏറെ കോളിളക്കം സൃഷ്ടിച്ച സംഭവമാണ് തപാൽ ബോംബ് സ്ഫോടനക്കേസ്. തിരുവനന്തപുരത്ത് അന്നു രാഷ്ട്രപതിയായിരുന്ന എപിജെ അബ്ദുൽ കലാമിന്റെ സന്ദർശനത്തിനു മണിക്കൂറുകൾക്കുമുൻപ് നടന്ന തപാൽ ബോംബ് സ്ഫോടനമാണ് കേസിനാസ്പദമായ സംഭവം. തിരുവനന്തപുരം മണക്കാട് സ്വദേശി മുഹ്സിൻ എന്ന ഫയർ ആൻഡ് സേഫ്റ്റി എൻജിനീയറിങ് വിദ്യാർത്ഥിയായിരുന്നു കേസിൽ ആദ്യം അറസ്റ്റിലായത്. തുടക്കത്തിൽ തന്നെ പൊലീസ് ഭീകരബന്ധം ആരോപിച്ചു രംഗത്തെത്തി. ഈ വാദം ഏറ്റുപിടിച്ച് മാധ്യമങ്ങളും മുഹ്സിന്റെ 'ഭീകരപശ്ചാത്തലം' പൊലിപ്പിച്ച് വാർത്തകളെഴുതി.


എന്നാൽ, കേസിൽ പിന്നീട് കഴക്കൂട്ടം സ്വദേശി രാകേഷ് ശർമ എന്ന രാജീവ് അറസ്റ്റിലായി. ഇതോടെ സംഭവത്തിൽ ഭീകരബന്ധമില്ലെന്ന് അന്നത്തെ ഡിജിപി രമൺ ശ്രീവാസ്തവ വാർത്താസമ്മേളനം വിളിച്ചു വ്യക്തമാക്കി. യുവാവ് മാനസികവിഭ്രാന്തിമൂലം ചെയ്തതാണെന്നും വിശദീകരണമുണ്ടായി.

2008 ജൂലൈ

കൊച്ചിയിലെ നാവികതാവളമടക്കം പ്രമുഖ കേന്ദ്രങ്ങൾ ബോംബിട്ടു തകർക്കുമെന്ന് അജ്ഞാതഭീഷണി. സംഭവത്തിൽ പിടിയിലായത് എബിവിപി പ്രവർത്തകൻ പേരാമ്പ്ര ആവളയിൽ കരിയാത്തൻ വീട്ടിൽ കുഞ്ഞിരാമന്റെ മകൻ 17കാരനായ പികെ തേജസ്. തിരിച്ചറിവില്ലാത്ത കൗമാരക്കാരൻ ചെയ്ത തമാശയായി കേസ് ഒതുക്കി.

2008 ഒക്ടോബർ

കോൺഗ്രസ് നേതാവ് സോണിയ ഗാന്ധിക്ക് ഇ-മെയിൽ വഴി ലഭിച്ച വധഭീഷണിയാണ് മറ്റൊരു സംഭവം. സോണിയ ഗാന്ധിക്കുള്ള വധഭീഷണിക്കു പുറമെ രാജ്യത്ത് സ്ഫോടനങ്ങൾ നടത്തുമെന്നും മുന്നറിയിപ്പുണ്ടായിരുന്നു മെയിലിൽ.

പൊലീസ് സംഭവത്തിൽ ഭീകരബന്ധം ആരോപിച്ചതിനു പിന്നാലെ അറസ്റ്റിലായത് അരുൺ സൂര്യ എന്ന യുവാവായിരുന്നു. എന്നാൽ, ഇതോടെ ഭീകരബന്ധ ആരോപണം പിൻവലിച്ചു. ഒരു പെൺകുട്ടിയെ കുടുക്കാനാണ് യുവാവ് സന്ദേശമയച്ചതെന്ന് പൊലീസ് വിശദീകരിച്ചു. നല്ല കുടുംബത്തിലെ അംഗമാണ് യുവാവെന്ന ക്ലീൻചിറ്റും നൽകി.

2010 മാർച്ച്

ബംഗളൂരുവിൽനിന്ന് 31 യാത്രക്കാരുമായി തിരുവനന്തപുരത്തെത്തിയ കിങ്ഫിഷർ വിമാനത്തിന്റെ കാർഗോയിൽ നാടൻ ബോംബ് കണ്ടെത്തി. ലഷ്‌ക്കറെ ത്വയ്ബ അടക്കമുള്ള ഭീകരബന്ധം സംഭവത്തിൽ ആരോപിക്കപ്പെട്ടു.

എന്നാൽ, തിരുവനന്തപുരം വിമാനത്താവളത്തിൽ കരാർ ജോലികൾ ഏറ്റെടുത്തുനടത്തുന്ന കമ്പനിയിലെ ജോലിക്കാരനായ രാജശേഖരൻ നായരായിരുന്നു കേസിൽ അറസ്റ്റിലായത്. ഹിന്ദുത്വ സംഘടനയായ ഹരിദ്വാർ മിത്ര മണ്ഡലിന്റെ പ്രവർത്തകനായിരുന്നു രാജശേഖരൻ നായർ. ഇതോടെ മാനസികരോഗവും വ്യക്തിവൈരാഗ്യവുമാണ് കൃത്യത്തിനു പിന്നിലെന്ന് പറഞ്ഞ് പൊലീസ് കേസ് ഒതുക്കി.

2012 ആഗസ്റ്റ്

കോട്ടയം പിറവം റോഡ് റെയിൽവേ സ്റ്റേഷനടുത്ത് റെയിൽപാളത്തിൽ പൈപ്പ് ബോംബ് കണ്ടെത്തി. സംഭവത്തിൽ പിടിയിലായത് കെഎസ്ആർടിസി എംപാനൽ ഡ്രൈവറായിരുന്ന എടക്കാട്ടുവയൽ വെളിയനാട് അഴകത്ത് സെന്തിൽകുമാറായിരുന്നു. ഇയാൾക്ക് മാനസികരോഗമുണ്ടെന്നും സംഭവത്തിനു പിന്നിൽ ബസ് ഡ്രൈവർമാർ തമ്മിലുള്ള വ്യക്തിവൈരാഗ്യമെന്നും പൊലീസ് അവകാശപ്പെട്ടു.

2012 സെപ്റ്റംബർ

വ്യാജ തിരിച്ചറിയൽ കാർഡുമായി ഐഎസ്ആർഒയുടെ ബാംഗ്ലൂർ ആസ്ഥാനത്തേയ്ക്ക് കടക്കാൻ ശ്രമിച്ച മലയാളിയും അഹമ്മദാബാദിൽ സ്ഥിരതാമസക്കാരിയുമായിരുന്ന കൊല്ലം പുനലൂർ സ്വദേശി ബ്യൂല എൻ. സാം പിടിയിലായി. മാനസികാസ്വാസ്ഥ്യമുള്ള സ്ത്രീയാണ് ബ്യൂലയെന്ന പൊലീസ് വിശദീകരണമാണ് പിന്നീട് പുറത്തുവന്നത്.


2015 ജൂലൈ

കാസർകോട് പെരിയ കല്യോട്ടിനടുത്ത് ചാന്തൻമുള്ളിയിൽ മൂന്നാം ക്ലാസ് വിദ്യാർഥിയും എൻഡോസൾഫാൻ ദുരിതബാധിതനുമായ ഫഹദ് കൊല്ലപ്പെട്ടു. ആർഎസ്എസ് പ്രവർത്തകനായ ഇരിയ സ്വദേശി കണ്ണോത്ത് വലിയവളപ്പിൽ വിജയനായിരുന്നു കുഞ്ഞിനെ വെട്ടിക്കൊലപ്പെടുത്തിയത്. പ്രതിയെ അറസ്റ്റ് ചെയ്തെങ്കിലും ഇയാൾക്ക് മാനസികാസ്വാസ്ഥ്യമുണ്ടെന്ന് പൊലീസും പ്രോസിക്യൂഷനും വ്യക്തമാക്കി.

മെഡിക്കൽ പരിശോധനയിൽ ഇതു കളവാണെന്ന് പിന്നീട് തെളിഞ്ഞു. കോടതി പൊലീസ്-പ്രോസിക്യൂഷൻ വാദം തള്ളി. പ്രതിക്ക് ജീവപര്യന്തം കഠിനതടവിനും 50,000 രൂപ പിഴയ്ക്കും വിധിച്ചു.

2015 ആഗസ്റ്റ്

കോട്ടയത്ത് മൂന്നിടത്ത് ട്രെയിനുകൾ അട്ടിമറിക്കാൻ ശ്രമം നടന്നു. നാടിനെ മുൾമുനയിൽ നിർത്തിയ സംഭവത്തിൽ അറസ്റ്റിലായത് ദീപു കെ തങ്കപ്പൻ എന്നയാളായിരുന്നു. പ്രതി മാനസികരോഗിയാണെന്ന് പൊലീസ് വിശദീകരണം വന്നു.


2017 മാർച്ച്

കാസർകോട് ചൂരിയിൽ മദ്രസാ അധ്യാപകനായ കുടക് സ്വദേശി മുഹമ്മദ് റിയാസ് മൗലവിയെ പുലർച്ചെ പള്ളിയിൽ കഴുത്തറുത്ത് കൊല്ലപ്പെട്ട നിലയിൽ കണ്ടെത്തി. സംഭവത്തിൽ കേളുഗുഡെ അയ്യപ്പഭജന മന്ദിരത്തിന് സമീപത്തെ അജേഷ് എന്ന അപ്പു, നിതിൻ, കേളുഗുഡെ ഗംഗെ നഗറിലെ അഖിലേഷ് എന്നിവർ അറസ്റ്റിലായി. കൊലപാതകം ആസൂത്രിതമല്ലെന്ന പൊലീസ് പ്രതികരണം പുറത്തുവന്നു. മദ്യലഹരിയിലിരിക്കെയായിരുന്നു പ്രതികൾ കൃത്യം ചെയ്തതെന്നും പൊലീസ് വിശദീകരിച്ചു.

2017 മെയ്

നിലമ്പൂർ പൂക്കോട്ടുപാടം വില്ലൂത്ത് ക്ഷേത്രത്തിലെ വിഗ്രഹം തകർക്കപ്പെട്ട നിലയിൽ കണ്ടെത്തി. സംഭവത്തിന്റെ ഉത്തരവാദിത്തം ഒരു വിഭാഗത്തിനുമേൽ ചുമത്തി വ്യാപക പ്രചാരണമുണ്ടായി.

എന്നാൽ, സംഭവത്തിൽ അറസ്റ്റിലായത് മമ്പാട് താമസിക്കുന്ന തിരുവനന്തപുരം കിളിമാനൂർ പുല്ലായി തെങ്ങുവിള സ്വദേശി എസ്എഎസ് മോഹൻകുമാറായിരുന്നു. ഇതിനുമുൻപ് വാണിയമ്പലം ബാണാപുരം ക്ഷേത്രത്തിൽ നടന്ന അക്രമത്തിനു പിന്നിലും ഇയാളാണെന്ന് കണ്ടെത്തി. പ്രതിക്ക് വിഗ്രഹങ്ങളോടുള്ള വിരോധമാണ് അക്രമത്തിന് കാരണമെന്ന് പൊലീസ് വിശദീകരിച്ചു. ഇയാൾക്ക് മനോരോഗമുള്ളതായും വ്യാഖ്യാനമുണ്ടായി.

TAGS :

Next Story