വെന്നിക്കൊടി പാറിച്ച് ഹരിത ഭാരവാഹികളും; തദ്ദേശ തെരഞ്ഞെടുപ്പിൽ വിജയിച്ചത് 11 പേർ; താരങ്ങളായി മുൻ നേതാക്കളും
നാലു പേർ മലപ്പുറം ജില്ലയിൽനിന്ന് തെരഞ്ഞെടുക്കപ്പെട്ടപ്പോൾ കണ്ണൂർ ജില്ലയിൽ നിന്ന് മൂന്നും കാസർകോട് നിന്ന് രണ്ടും എറണാകുളത്ത് നിന്നും കോഴിക്കോട് നിന്നും ഒരാൾ വീതവുമാണ് തെരഞ്ഞെടുക്കപ്പെട്ടത്.

Photo| Special Arrangement
കോഴിക്കോട്: തദ്ദേശ തെരഞ്ഞെടുപ്പിൽ വെന്നിക്കൊടി പാറിച്ച് എംഎസ്എഫ് വനിതാ സംഘടനയായ ഹരിത ഭാരവാഹികളും. വിവിധ ജില്ലകളിൽ നിന്ന് 11 പേരാണ് ഗ്രാമ- ബ്ലോക്ക്- ജില്ലാ പഞ്ചായത്ത് ഡിവിഷനുകളിൽനിന്ന് വിജയിച്ചിരിക്കുന്നത്. നാലു പേർ മലപ്പുറം ജില്ലയിലെ തദ്ദേശ സ്ഥാപനങ്ങളിൽനിന്ന് തെരഞ്ഞെടുക്കപ്പെട്ടപ്പോൾ കണ്ണൂർ ജില്ലയിൽ നിന്ന് മൂന്നും കാസർകോട് നിന്ന് രണ്ടും എറണാകുളത്ത് നിന്നും കോഴിക്കോട് നിന്നും ഒരാൾ വീതവുമാണ് തെരഞ്ഞെടുക്കപ്പെട്ടത്.
മലപ്പുറം ജില്ലാ പഞ്ചായത്ത് പൂക്കോട്ടൂർ ഡിവിഷനിൽ നിന്ന് പി.എച്ച് ആയിഷാ ബാനു വിജയിച്ചപ്പോൾ കൊണ്ടോട്ടി ബ്ലോക്ക് പഞ്ചായത്ത് വാഴക്കാട് ഡിവിഷനിൽ നിന്ന് വജീദ ജെബിൻ വിജയിച്ചു. ഏലംകുളം പഞ്ചായത്ത് നാലാം വാർഡിൽ നിന്നും നാജിയ യാസറും തേഞ്ഞിപ്പലം പഞ്ചായത്ത് 17ാം വാർഡിൽ നിന്ന് ടി.പി ഫാത്തിമ നിഹയും തെരഞ്ഞെടുക്കപ്പെട്ടു.
ഇരിട്ടി മുൻസിപ്പാലിറ്റി വാർഡ് 19- ഉളിയിൽ നിന്ന് ഷബ്‌ന ഷെറിനും മാട്ടൂൽ പഞ്ചായത്ത് 16 വാർഡിൽ നിന്ന് നഹ്‌ല സഹീദും ധർമടം പഞ്ചായത്ത് വാർഡ് 13ൽ നിന്ന് നിഹ്‌ല നാസറും വിജയിച്ചു. തൃക്കരിപ്പൂർ പഞ്ചായത്ത് 10ാം വാർഡിൽ നിന്ന് അഷ്‌രീഫ ജാബിറും കാസർകോട് ബ്ലോക്ക് പഞ്ചായത്ത് ചെങ്കള ഡിവിഷനിൽ നിന്ന് നാസിഫ കെ. ജലീലും വിജയിച്ചു.
കോഴിക്കോട് ജില്ലാ പഞ്ചായത്ത് ഉള്ളിയേരി ഡിവിഷനിൽ നിന്ന് റീമ കുന്നുമ്മലും എറണാകുളം ജില്ലയിലെ വാഴക്കുളം ബ്ലോക്ക് പഞ്ചായത്ത് നെടുന്തോട് ഡിവിഷനിൽ നിന്ന് അഡ്വ. ഫർഹത്ത് സുഹൈലും ജയിച്ചുകയറി.
അതേസമയം, മുൻ ഹരിത സംസ്ഥാന നേതാക്കളും ഇത്തവണത്തെ തെരഞ്ഞെടുപ്പിൽ വൻ വിജയമാണ് നേടിയത്. നിലവിൽ മുസ്‍ലിം യൂത്ത് ലീഗ് സംസ്ഥാന സെക്രട്ടറിയായ അഡ്വ. ഫാത്തിമ തഹ്‌ലിയ കോഴിക്കോട് കോർപറേഷൻ കുറ്റിച്ചിറ വാർഡില്‍ നിന്ന് ആയിരത്തിലേറെ വോട്ടുകള്‍ക്കാണ് വിജയം സ്വന്തമാക്കിയത്.
പെരിന്തൽമണ്ണ ബ്ലോക്ക് പഞ്ചായത്തിൽ വലമ്പൂർ ഡിവിഷനിൽ നിന്ന് ജനവിധി തേടിയ യൂത്ത് ലീഗ് ദേശീയ സെക്രട്ടറി നജ്മ തബ്ഷീറയാണ് മറ്റൊരു താരം. പ്രസിഡന്റ് സ്ഥാനാർഥിയായി കളത്തിലിറങ്ങിയ നജ്മയും വമ്പൻ വിജയമാണ് നേടിയത്. വയനാട് ജില്ലാ പഞ്ചായത്ത് തരുവണ ഡിവിഷനിൽ നിന്ന് മുൻ ഹരിത നേതാവ് മുഫീദ തെസ്നിയും മികച്ച വിജയം നേടി തെരഞ്ഞെടുക്കപ്പെട്ടു.
Adjust Story Font
16

