യുഡിഎഫ് തരംഗത്തിൽ 13 മന്ത്രിമാര്‍ ഔട്ട്; തോറ്റ മന്ത്രിമാര്‍ ഇവര്‍
പത്തനാപുരത്തെ കെ.ബി ഗണേഷ് കുമാറിന്‍റെ തോൽവിയാണ് എൽഡിഎഫിനെ ക്യാമ്പിനെ ഏറ്റവും കൂടുതൽ ഞെട്ടിച്ചത്

കോഴിക്കോട്: സംസ്ഥാനത്താകെ ആഞ്ഞടിച്ച യുഡിഎഫ് തരംഗത്തിൽ കടപുഴകി വീണത് 13 മന്ത്രിമാരാണ്. സിറ്റിങ് സീറ്റുകളിൽ ഉറച്ച വിജയപ്രതീക്ഷ പുലർത്തിയിരുന്ന മന്ത്രിമാരാണ് യുഡിഎഫ് തരംഗത്തിൽ അപ്രതീക്ഷിത പരാജയം ഏറ്റുവാങ്ങിയത്.
പത്തനാപുരത്തെ കെ.ബി ഗണേഷ് കുമാറിന്‍റെ തോൽവിയാണ് എൽഡിഎഫിനെ ക്യാമ്പിനെ ഏറ്റവും കൂടുതൽ ഞെട്ടിച്ചത്. 2001 മുതൽ 25 വര്‍ഷക്കാലം എംഎൽഎയായിരുന്ന ഗണേഷ് കുമാറിന് അപ്രതീക്ഷിത തിരിച്ചടിയാണ് നേരിട്ടത്. കോൺഗ്രസിന്‍റെ ജ്യോതികുമാര്‍ ചാമക്കാലയാണ് ഗണേഷ് കുമാറിനെ തറ പറ്റിച്ചത്.
നേമത്ത് വിദ്യാഭ്യാസ മന്ത്രി വി.ശിവൻകുട്ടിയും ചടയമംഗലത്ത് ക്ഷീര വികസന വകുപ്പ് മന്ത്രി ജെ.ചിഞ്ചുറാണിയും പരാജയപ്പെട്ടു. ആറൻമുളയിൽ ആരോഗ്യ മന്ത്രി വീണാ ജോര്‍ജിനെ തോൽപിച്ചത് കോൺഗ്രസിന്‍റെ അബിൻ വര്‍ക്കിയാണ്. വോട്ടെണ്ണലിന്‍റെ ഒരു ഘട്ടത്തിൽ പോലും മുന്നിലെത്താൻ വീണക്ക് കഴിഞ്ഞിരുന്നില്ല. ഏറ്റുമാനൂരിൽ വി.എൻ വാസവൻ, ഇടുക്കിയിൽ റോഷി അഗസ്റ്റിൻ, കളമശ്ശേരിയിൽ പി. രാജീവ്, ഇരിങ്ങാലക്കുടയിൽ ആര്‍.ബിന്ദു എന്നിവരാണ് തോറ്റ മറ്റ് മന്ത്രിമാര്‍.
തിരൂരിൽ കായികമന്ത്രി വി.അബ്ദുറഹിമാനും പരാജയമേറ്റുവാങ്ങി. എലത്തൂരിൽ എ.കെ ശശീന്ദ്രനും മാനന്തവാടിയിൽ ഒ.ആര്‍ കേളുവും കണ്ണൂരിൽ കടന്നപ്പള്ളി രാമചന്ദ്രനും തോറ്റു.
മുഖ്യമന്ത്രിയടക്കം ഏഴ് മന്ത്രിമാരാണ് ജയിച്ചത്. ആദ്യ റൗണ്ട് തൊട്ട് പിന്നിലായിരുന്ന മുഖ്യമന്ത്രി പിണറായി വിജയൻ ധര്‍മടത്ത് 19000ത്തിലധികം വോട്ടുകൾക്കാണ് വിജയിച്ചത്. കൊട്ടാരക്കരയിൽ 1012 വോട്ടിന്‍റെ ഭൂരിപക്ഷത്തിലും ബേപ്പൂരിൽ പി.എ മുഹമ്മദ് റിയാസ് 7487 വോട്ടിന്‍റെ ഭൂരിപക്ഷത്തിലും ജയിച്ചു. ഒല്ലൂരിൽ റവന്യൂ മന്ത്രി കെ.രാജനും നെടുമങ്ങാട് ജി.ആര്‍ അനിലും ചെങ്ങന്നൂരിൽ സജി ചെറിയാനും ചേര്‍ത്തലയിൽ പി.പ്രസാദും ജയിച്ചു.
Adjust Story Font
16

