ചെറുപാര്‍ട്ടികള്‍ക്ക് അടിതെറ്റിയ തെരഞ്ഞെടുപ്പ്

ചെറുപാര്‍ട്ടികള്‍ക്ക് അടിതെറ്റിയ തെരഞ്ഞെടുപ്പ്
യുഡിഎഫിലെ ജെഡിയു, ആര്‍എസ്‍പി, സിഎംപി പാര്‍ട്ടികള്‍ക്ക് ഒരു സീറ്റ് പോലും നേടാനായില്ല
ഭരണമാറ്റത്തിനായി ജനം വിധിയെഴുതിയപ്പോള്‍ ചെറുപാര്‍ട്ടികള്‍ക്ക് അടിതെറ്റി. യുഡിഎഫിലെ ജെഡിയു, ആര്‍എസ്‍പി, സിഎംപി പാര്‍ട്ടികള്‍ക്ക് ഒരു സീറ്റ് പോലും നേടാനായില്ല. എല്‍ഡിഎഫിനൊപ്പം നിന്ന ജനാധിപത്യ കേരള കോണ്‍ഗ്രസ്, ഐഎന്‍എല്‍ എന്നീ പാര്‍ട്ടികള്‍ക്കും വിജയിക്കാനായില്ല. അതേസമയം കോണ്‍ഗ്രസ് എസും കോവൂര്‍ കുഞ്ഞുമോന്റെ ആര്‍എസ്‍പിയും സിഎംപി അരവിന്ദാക്ഷന്‍ വിഭാഗവും നിയമസഭയിലെത്തി.
മുന്നണികള്‍ മാറിമാറി പരീക്ഷിച്ച ജെഡിയുവിന് ഇത്തവണ പൂര്‍ണ പരാജയം. വടകരയില്‍ മനയത്ത് ചന്ദ്രനും കല്‍പ്പറ്റയില്‍ ശ്രേയാംസ് കുമാറും എലത്തൂരില്‍ പി കിഷന്‍ചന്ദും തോറ്റു. ജെഡിയു സംസ്ഥാന അധ്യക്ഷന്‍ എം പി വീരേന്ദ്രകുമാറിന്റെ മകന്‍ കൂടിയായ ശ്രേയാംസ് കുമാര്‍ എല്‍ഡിഎഫ് സ്ഥാനാര്‍ഥി സി കെ ശശീന്ദ്രനോട് പരാജയപ്പെട്ടത് പതിമൂവായിരത്തി എണ്‍പത്തി മൂന്ന് വോട്ടിനാണ്.
ആര്‍എസ്‍പിക്ക് വന്‍ തിരിച്ചടിയാണ് ഇത്തവണയുണ്ടായത്. ഇരവിപുരത്ത് സംസ്ഥാന സെക്രട്ടറി എ എ അസീസ്, കുന്നത്തൂരില്‍ ഉല്ലാസ് കോവൂര്‍, ചവറയില്‍ മന്ത്രി ഷിബു ബേബി ജോണ്‍, കൈപമംഗലത്ത് എംടി മുഹമ്മദ് നഹാസ് എന്നിവരാണ് പരാജയപ്പെട്ടത്. അതേസമയം കുന്നത്തൂരില്‍ ആര്‍എസ്‍പിയില്‍ നിന്ന് പുറത്ത് പോയ കോവൂര്‍ കുഞ്ഞുമോനാണ് ജയിച്ചതെന്നതും ശ്രദ്ധേയം.
കേരള കോണ്‍ഗ്രസ് മാണി വിഭാഗം വിട്ട് പുറത്തുവന്ന് എല്‍ഡിഎഫ് സ്വതന്ത്രരായി കന്നിയങ്കത്തില്‍ നാലിടത്ത് മത്സരിച്ച ജനാധിപത്യ കേരള കോണ്‍ഗ്രസ് എല്ലായിടത്തും തോറ്റു. ഇടുക്കിയില്‍ മത്സരിച്ച പാര്‍ട്ടി ചെയര്‍മാന്‍ ഫ്രാന്‍സിസ് ജോര്‍ജിന്റെ പരാജയം 9333 വോട്ടിനാണ്. തിരുവനന്തപുരത്ത് ആന്റണി രാജുവും ചങ്ങനാശേരിയില്‍ ഡോ കെ സി ജോസഫും പൂഞ്ഞാറില്‍ പി സി ജോസഫും പരാജയപ്പെട്ടു. ഐഎന്‍എല്‍ സ്ഥാനാര്‍ത്ഥികള്‍ക്കും സമ്പൂര്‍ണ പരാജയം നേരിട്ടു. സിഎംപി സി പി ജോണ്‍ വിഭാഗം സ്ഥാനാര്‍ഥി സി പി ജോണ്‍ കുന്നംകുളത്ത് തോറ്റു. കണ്ണൂരില്‍ കോണ്‍ഗ്രസ് എസിലെ കടന്നപ്പള്ളി രാമചന്ദ്രന്‍ കോണ്‍ഗ്രസിലെ സതീശന്‍ പാച്ചേനിയെ പരാജയപ്പെടുത്തി. ചവറയില്‍ ഷിബു ബേബി ജോണിനെ അട്ടിമറിച്ചാണ് സിഎംപി അരവിന്ദാക്ഷന്‍ വിഭാഗത്തിലെ വിജയന്‍ പിള്ള ജയിച്ചത്.
Adjust Story Font
16

