Quantcast

സ്വയം വിമര്‍ശനത്തിനുള്ള വേദിയായി കെപിസിസി യോഗങ്ങള്‍

MediaOne Logo

admin

  • Published:

    23 May 2016 2:11 PM IST

സ്വയം വിമര്‍ശനത്തിനുള്ള വേദിയായി കെപിസിസി യോഗങ്ങള്‍
X

സ്വയം വിമര്‍ശനത്തിനുള്ള വേദിയായി കെപിസിസി യോഗങ്ങള്‍

കെ ബാബുവും ഡൊമനിക് പ്രസന്റേഷന്‍ എന്നിവരുടെ തോല്‍വി ഉള്‍പ്പെടെ കേരളത്തില്‍ ഉടനീളം തിരിച്ചടി നേരിട്ട സാഹചര്യത്തില്‍ ഉമ്മന്‍ചാണ്ടി വിമര്‍ശിക്കപ്പെടും.

തെരഞ്ഞെടുപ്പിലെ തിരിച്ചടി കോണ്‍ഗ്രസില്‍ ആഭ്യന്തര സംഘര്‍ഷം വര്‍ധിക്കാന്‍ ഇടയാക്കും. ഉമ്മന്‍ചാണ്ടിയുടെ അനിഷേധ്യത പാര്‍ട്ടിയില്‍ ചോദ്യം ചെയ്യപ്പെടും. പ്രതിപക്ഷ നേതൃസ്ഥാനംപോലും പ്രധാന തര്‍ക്ക വിഷയമാകും. പാര്‍ട്ടിയിലെ ചര്‍ച്ചകളില്‍ ഐ വിഭാഗത്തിന്റെ നിലപാട് നിര്‍ണായകമാകും.

ആരോപണവിധേയരെയും സ്ഥിരമായി മത്സരിച്ചവരെയും മാറ്റനിര്‍ത്തണമെന്ന വി എം സുധീരന്റെ നിര്‍ദേശത്തെ ഉമ്മന്‍ചാണ്ടിയുടെ വാശിക്ക് മുന്നിലാണ് ഹൈക്കമാന്‍ഡ് തള്ളിയത്. കെ ബാബുവും ഡൊമനിക് പ്രസന്റേഷന്‍ എന്നിവരുടെ തോല്‍വി ഉള്‍പ്പെടെ കേരളത്തില്‍ ഉടനീളം തിരിച്ചടി നേരിട്ട സാഹചര്യത്തില്‍ ഉമ്മന്‍ചാണ്ടി വിമര്‍ശിക്കപ്പെടും.

സോളാര്‍, ബാര്‍കോഴ, ഭൂമിദാന വിവാദങ്ങള്‍ എന്നിവയെല്ലാം പാര്‍ട്ടിക്കകത്ത് ഉയര്‍ന്നുവന്നെങ്കിലും തെരഞ്ഞെടുപ്പ് വിജയങ്ങ‍ള്‍ ചൂണ്ടിക്കാട്ടി ഉമ്മന്‍ചാണ്ടിയും എ വിഭാഗവും അവയെയെല്ലാം അവഗണിച്ചിരുന്നു. കനത്ത തിരിച്ചടിയുടെ പശ്ചാത്തലത്തില്‍ ഈ ചോദ്യങ്ങളെല്ലാം പാര്‍ട്ടിയില്‍ വീണ്ടും ഉയരും. വി എം സുധീരന്റെ നേതൃത്വത്തിലുള്ള വിഭാഗം ഇക്കാര്യം പാര്‍ട്ടിയില്‍ ഉന്നയിക്കും. അതേസമയം തെരഞ്ഞെടുപ്പ് വേളയില്‍ അഴിമതി ആരോപണങ്ങള്‍ ചര്‍ച്ചയാക്കുകയും സ്ഥാനാര്‍ഥി നിര്‍ണയം വിവാദമാക്കുകയും ചെയ്തതാണ് തിരിച്ചടിക്ക് കാരണമെന്ന വാദം മറുവിഭാഗവും ഉയര്‍ത്തും. ഈ ചര്‍ച്ചകളില്‍ ഐ വിഭാഗം എടുക്കുന്ന നിലപാട് നിര്‍ണായകമാവും. എംഎല്‍എ മാരുടെ കണക്കെടുത്താല്‍ എ വിഭാഗത്തിനേക്കാള്‍ ഐ വിഭാഗത്തിനാണ് എണ്ണം കൂടുതല്‍. പ്രതിപക്ഷ നേതൃസ്ഥാനം സംബന്ധിച്ച ചര്‍ച്ചകളില്‍ ഇതിന് പ്രാധാന്യമുള്ളതിനാല്‍ ഐ വിഭാഗം തന്ത്രപരമായ സമീപനാമായിരിക്കും സ്വീകരിക്കുക. 23 ന് നടക്കുന്ന കെ പി സി സി നിര്‍വാഹക സമിതിയോഗം ഇത്തരം വിമര്‍ശത്തിന്റെയും പ്രതിരോധത്തിന്റെ വേദിയാകും.

TAGS :

Next Story