Quantcast

സിപിഐ സംസ്ഥാന കൌണ്‍സിലില്‍ പിണറായിക്ക് രൂക്ഷ വിമര്‍ശം

MediaOne Logo

Alwyn

  • Published:

    2 May 2017 2:18 PM GMT

സിപിഐ സംസ്ഥാന കൌണ്‍സിലില്‍ പിണറായിക്ക് രൂക്ഷ വിമര്‍ശം
X

സിപിഐ സംസ്ഥാന കൌണ്‍സിലില്‍ പിണറായിക്ക് രൂക്ഷ വിമര്‍ശം

മന്ത്രിസഭാ തിരുമാനങ്ങള്‍ മാധ്യമങ്ങളോട് വിശദീകരിക്കേണ്ട എന്നത് പിണറായി വിജയന്റെ ഏകപക്ഷീയമായ തീരുമാനമാണെന്ന് സിപിഐ സംസ്ഥാന കൌണ്‍സില്‍.

മുഖ്യമന്ത്രി പിണറായി വിജയനെതിരെ സിപിഐ സംസ്ഥാന കൌണ്‍സിലില്‍ രൂക്ഷ വിമര്‍ശം. മന്ത്രിസഭാ തിരുമാനങ്ങള്‍ മാധ്യമങ്ങളോട് വിശദീകരിക്കേണ്ട എന്നത് പിണറായി വിജയന്റെ ഏകപക്ഷീയമായ തീരുമാനമാണെന്ന് സിപിഐ സംസ്ഥാന കൌണ്‍സില്‍. എംകെ ദാമോദരന്‍ വിവാദം സര്‍ക്കാരിന്റെ പ്രതിച്ഛായയെ ബാധിച്ചെന്നും കൌണ്‍സിലില്‍ വിമര്‍ശമുയര്‍ന്നു.

മന്ത്രിസഭാ തീരുമാനങ്ങള്‍ ജനങ്ങളോട് വിശദീകരിക്കാത്തത് ജനങ്ങളില്‍ സംശയങ്ങള്‍ക്ക് ഇടയാക്കി. വിവരാവകാശപ്രകാരം പോലും വിവരങ്ങള്‍ നല്‍കാനാകില്ലെന്ന നിലപാട് ശരിയല്ല. തീരുമാനങ്ങള്‍ മാധ്യമങ്ങളോട് വിശദീകരിക്കാനാകില്ലെന്ന മുഖ്യമന്ത്രിയുടെ തീരുമാനം ഏകപക്ഷീയമാണെന്നും സിപിഐ സംസ്ഥാന കൌണ്‍സില്‍ അംഗങ്ങള്‍ അഭിപ്രായപ്പെട്ടു. എംകെ ദാമോദരനെ നിയമോപദേഷ്ടാവായി നിയമിച്ചതിനെത്തുടര്‍ന്നുണ്ടായ വിവാദങ്ങള്‍ ജനകീയ സര്‍ക്കാരിന്റെ പ്രതിഛായക്ക് കളങ്കമായി. മുഖ്യമന്ത്രിക്ക് ഇത്രയേധികം ഉപദേശകന്മാര്‍ എന്തിനാണെന്നും മികച്ച ഭരണാധികാരിയായി പേരെടുത്ത അച്യുതമേനോന്‍ ഒരു പൊളിറ്റിക്കല്‍ സെക്രട്ടറി മാത്രമാണ് ഉണ്ടായിരുന്നതെന്നും അഭിപ്രായമുയര്‍ന്നു. ദാമോദരന്‍ പിന്മാറിയത് ഗുണകരമായെന്നും യോഗം വിലയിരുത്തി. എന്നാല്‍ സര്‍ക്കാരിന്റെ തുടക്കത്തില്‍ തന്നെ ഇങ്ങനെയുള്ള വിമര്‍ശമുയര്‍ത്തുന്നത് ശരിയല്ലെന്നായിരുന്നു സെക്രട്ടറി കാനം രാജേന്ദ്രന്റെ അഭിപ്രായം.

ഗോഡ്ഫാദര്‍ പരാമര്‍ശത്തില്‍ ബിജിമോളുടെ വിശദീകരണം തൃപ്തികരമല്ലെന്നാണ് യോഗത്തിലെ പൊതുവികാരം. വീണ്ടും വിശദീകരണം തേടാനും യോഗം തീരുമാനിച്ചു. തെരഞ്ഞെടുപ്പ് അവലോകനത്തില്‍ സി ദിവാകരനെതിരെ വിമര്‍ശമുയര്‍ന്നു. ജയിച്ചാല്‍ മന്ത്രിയാകുമെന്ന നിലയില്‍ തെരഞ്ഞെടുപ്പ് പ്രചാരണം നടത്തിയത് കമ്യൂണിസ്റ്റ് രീതിക്ക് ചേര്‍ന്നതല്ലെന്നാണ് ദിവാകരനെതിരെ ഉയര്‍ന്ന വിമര്‍ശം.

TAGS :

Next Story