ബന്ധുനിയമനം ജയരാജന്റെ രാജിയിലേക്ക്
ജയരാജന്‍ രാജി സന്നദ്ധത അറിയിച്ചു. പാര്‍ട്ടിയും മുഖ്യമന്ത്രിയും കൈവിട്ടു. നിര്‍ണായക സെക്രട്ടേറിയറ്റ് യോഗം നാളെ
ബന്ധുനിയമന വിവാദം വ്യവസായ മന്ത്രി ഇ പി ജയരാജന്റെ രാജിയിലേക്ക് നീങ്ങുന്നു. സര്‍ക്കാറിന്റെ പ്രതിഛായ വീണ്ടെടുക്കാന്‍ രാജിയല്ലാതെ മറ്റ് വഴികളില്ലെന്ന ചിന്തയിലാണ് മുഖ്യമന്ത്രിയും പാര്‍ട്ടിയും. ജയരാജന്‍ സിപിഎം സംസ്ഥാന സെക്രട്ടറി കോടിയേരി ബാലകൃഷ്ണനെ രാജി സന്നദ്ധത അറിയിച്ചു. നാളെ നിര്‍ണായകമായ സിപിഎം സംസ്ഥാന സെക്രട്ടേറിയേറ്റ് ചേരാനിരിക്കെ മുഖ്യമന്ത്രി പിണറായി വിജയന്‍ കോടിയേരി ബാലകൃഷ്ണനുമായി എ കെ ജി സെന്ററിലെത്തി ചര്‍ച്ച നടത്തി.
വ്യവസായ വകുപ്പിലെ നിയമനങ്ങളില്‍ സ്വജനപക്ഷപാതമെന്ന ആരോപണം കത്തിനില്‍ക്കെ ഇന്നലെ വൈകുന്നേരം എ കെ ജി സെന്ററില്‍ കോടിയേരി ബാലകൃഷ്ണനുമായി നടത്തിയ കൂടിക്കാഴ്ചയിലാണ് മന്ത്രി ഇ പി ജയരാജന്‍ രാജി സന്നദ്ധത അറിയിച്ചത്.പാര്‍ട്ടിയോടോ മുഖ്യമന്ത്രിയോടോ ആലോചിക്കാതെ സ്വന്തം നിലക്ക് നിയമനങ്ങള്‍ നടത്തിയതിനെ കൂടിക്കാഴ്ചയില്‍ കോടിയേരി വിമര്‍ശിച്ചു. ഇതോടെ തെറ്റുപറ്റിയെന്ന് സമ്മതിച്ച ജയരാജന്‍ രാജിക്ക് തയ്യാറാവുകയായിരുന്നു. ഇന്നത്തെ മന്ത്രിസഭയില്‍ നിയമന വിവാദത്തില്‍ തന്റെ ഭാഗം വിശദീകരിക്കാന്‍ പോലും ജയരാജനെ മുഖ്യമന്ത്രി അനുവദിച്ചില്ല. ഉച്ചക്ക് മൂന്ന് മണിയോടെ എകെജി സെന്ററിലെത്തിയ മുഖ്യമന്ത്രി അരമണിക്കൂറോളം കോടിയേരിയുമായി കൂടിക്കാഴ്ച നടത്തി.
നാല് മാസം മാത്രം പ്രായമായ സര്‍ക്കാരില്‍ അഴിമതി ആരോപണത്തിന്റെ പേരില്‍ മന്ത്രി രാജി വെക്കേണ്ടിവരികയെന്നത് സര്‍ക്കാരിനും പാര്‍ട്ടിക്കും വലിയ ക്ഷീണമുണ്ടാക്കും. വ്യവസായ വകുപ്പ് ജയരാജനില്‍ നിന്ന് മാറ്റുകയും വിവാദ നിയമനങ്ങള്‍ റദ്ദാക്കുകയും ചെയ്തുകൊണ്ടുള്ള പരിഹാര മാര്‍ഗവും പാര്‍ട്ടി പരിഗണിച്ചെങ്കിലും രാജിയാവശ്യത്തിന് തന്നെയാണ് മേല്‍ക്കൈ. മുഖ്യമന്ത്രി പിണറായിക്കും ഇക്കാര്യത്തില്‍ ഉറച്ച നിലപാടാണ്.
യുഡിഎഫ് സര്‍ക്കാറിന്റെ കാലത്ത് ആരോപണ വിധേയരായ മന്ത്രിമാരെ നിലനിര്‍ത്തിയുള്ള അന്വേഷണം പ്രഹസനമാണെന്ന് വാദിച്ച ഇടതുപക്ഷത്തിന് വിജിലന്‍സ് അന്വേഷണം നേരിടുന്ന ജയരാജനെ നിലനിര്‍ത്തുന്നത് ധാര്‍മികമായ പ്രതിസന്ധിയി സൃഷ്ടിക്കും. പ്രതിപക്ഷത്തിന് അടിക്കാന്‍ വടി നല്‍കല്‍ കൂടിയാവും അത്. സംസ്ഥാന നേതൃത്വത്തിലെ ആരും തന്നെ ഇതുവരെ പിന്തുണയുമായി രംഗത്തെത്തിയിട്ടില്ലാത്ത സ്ഥിതിക്ക് നാളെ സംസ്ഥാന സെക്രട്ടേറിയറ്റിലും ഇ പി ജയരാജന്‍ രൂക്ഷ വിമര്‍ശം നേരിടും.
രാജി പ്രഖ്യാപനത്തിന് ജയരാജന്‍ അതുവരെ കാത്തിരിക്കുമോ എന്നതാണ് ഇനിയുള്ള ചോദ്യം.
Adjust Story Font
16

