Quantcast

ലീഗ് സംഘടനാ തെരഞ്ഞെടുപ്പ് വീണ്ടും പ്രതിസന്ധിയില്‍

MediaOne Logo

Jaisy

  • Published:

    20 Dec 2017 9:02 PM IST

ലീഗ് സംഘടനാ തെരഞ്ഞെടുപ്പ് വീണ്ടും പ്രതിസന്ധിയില്‍
X

ലീഗ് സംഘടനാ തെരഞ്ഞെടുപ്പ് വീണ്ടും പ്രതിസന്ധിയില്‍

കഴിഞ്ഞ ഫെബ്രുവരിയില്‍ അവസാനിക്കേണ്ട സംഘടനാ തെരഞ്ഞെടുപ്പാണ് കടുത്ത ഗ്രൂപ്പിസം മൂലം അനിശ്ചിതമായി വൈകുന്നത്

മൂന്നു ജില്ലകളില്‍ തുടരുന്ന തര്‍ക്കം മൂലം മുസ്‍ലിം ലീഗ് സംഘടനാ തെരഞ്ഞെടുപ്പ് വീണ്ടും പ്രതിസന്ധിയിലായി. കഴിഞ്ഞ ഫെബ്രുവരിയില്‍ അവസാനിക്കേണ്ട സംഘടനാ തെരഞ്ഞെടുപ്പാണ് കടുത്ത ഗ്രൂപ്പിസം മൂലം അനിശ്ചിതമായി വൈകുന്നത്. ആറ് മാസത്തെ ഷെഡ്യൂള്‍ നിശ്ചയിച്ച് തുടങ്ങിയ സംഘടനാ തെരഞ്ഞെടുപ്പ് ഒന്നര വര്‍ഷം കഴിഞ്ഞിട്ടും പൂര്‍ത്തിയാക്കാന്‍ കഴിയാത്ത കുരുക്കിലാണ് മുസ്‍ലിം ലീഗ്. കോഴിക്കോട്, തൃശൂര്‍, കണ്ണൂര്‍ ജില്ലകളിലെ തെരഞ്ഞെടുപ്പാണ് ഗ്രൂപ്പിസവും തര്‍ക്കങ്ങളും മൂലം വഴിമുട്ടി നില്‍ക്കുന്നത്.

എം സി മായിന്‍ ഹാജിയുടെ തട്ടകമായ ബേപ്പൂരും എം കെ മുനീറിന്റെ മണ്ഡലമായ കോഴിക്കോട് സൌത്തും കമ്മിറ്റികള്‍ രൂപീകരികരിക്കാനുള്ള നീക്കങ്ങളെല്ലാം തുടര്‍ച്ചയായി പൊളിയുകയാണ്. ബേപ്പൂരില്‍ ഹൈദരലി തങ്ങള്‍ നിശ്ചയിച്ച പാനല്‍ പ്രഖ്യാപിക്കുന്നത് ഒരു വിഭാഗം സംഘര്‍ഷമുണ്ടാക്കി തടഞ്ഞു. കോഴിക്കോട് സൌത്തിലും സമവായ ശ്രമങ്ങളൊന്നും വിജയിക്കുന്നില്ല. തൃശൂരില്‍ ജില്ലാ കൌണ്‍സില്‍ തെരഞ്ഞെടുപ്പ് ആറ് തവണ മാറ്റി വെക്കേണ്ടി വന്നു. തൃശൂരിലെ റിട്ടേണിംഗ് ഓഫീസര്‍ ടി.എ സലീം ജില്ലാ പ്രസിഡന്റ് സിഎച്ച് റഷീദിന് വേണ്ടി നിലകൊള്ളുന്നുവെന്ന പരാതി സംസ്ഥാന നേതാക്കളുടെ മുന്നിലെത്തിയിട്ടുണ്ട്.

കൂത്തുപറമ്പ് മണ്ഡലം കമ്മിറ്റി രൂപീകരിക്കാന്‍ കഴിയാത്തതാണ് കണ്ണൂരില്‍ കമ്മിറ്റി വരുന്നതിന് തടസ്സമായത്. തെരഞ്ഞെടുപ്പ് പൂര്‍ത്തിയായ 11 ജില്ലകളില്‍ ഒന്‍പതിടത്തും ജില്ലാ പ്രസിഡന്റുമാര്‍ മാറി. ജില്ലാ പ്രസിഡന്റ് സ്ഥാനത്ത് മൂന്ന് ടേം പൂര്‍ത്തിയാക്കിയവര്‍ മാറണമെന്ന പുതിയ നിബന്ധനയാണ് മാറ്റത്തിന് കാരണം. ജില്ലകളില്‍ മാറിനില്‍ക്കേണ്ടി വന്നരെ സംസ്ഥാന ഭാരവാഹിയാക്കണമെന്ന ആവശ്യം ഒരു വിഭാഗം ഉന്നയിക്കുന്നുണ്ട്. ഇക്കാര്യത്തില്‍ സംസ്ഥാന നേതാക്കള്‍ രണ്ട് തട്ടിലാണ്.

TAGS :

Next Story