Quantcast

തൃപ്പൂണിത്തുറയില്‍ എം. സ്വരാജ് സിപിഎം സ്ഥാനാര്‍ഥി

MediaOne Logo

admin

  • Published:

    3 Feb 2018 8:05 PM GMT

തൃപ്പൂണിത്തുറയില്‍ എം. സ്വരാജ് സിപിഎം സ്ഥാനാര്‍ഥി
X

തൃപ്പൂണിത്തുറയില്‍ എം. സ്വരാജ് സിപിഎം സ്ഥാനാര്‍ഥി

ബഹുഭൂരിഭാഗം മണ്ഡലങ്ങളിലെയും സ്ഥാനാര്‍ത്ഥി നിര്‍ണ്ണയം സിപിഎം പൂര്‍ത്തിയാക്കി

ബഹുഭൂരിഭാഗം മണ്ഡലങ്ങളിലെയും സ്ഥാനാര്‍ത്ഥി നിര്‍ണ്ണയം സിപിഎം പൂര്‍ത്തിയാക്കി. തര്‍ക്കമുണ്ടായിരുന്ന തൃപ്പൂണിത്തുറ മണ്ഡലത്തില്‍ എം.സ്വരാജ് മത്സരിക്കും. കൊല്ലത്ത് മുകേഷിന്റെയും ആറന്മുളയില്‍ വീണ ജോര്‍ജിന്റെയും സ്ഥാനാര്‍ത്ഥിത്വത്തിന് സെക്രട്ടറിയേറ്റ് അംഗീകാരം നല്‍കി. അഴീക്കോട് മണ്ഡലത്തില്‍ നികേഷ് കുമാറും മത്സരിക്കും.

തര്‍ക്കമുണ്ടായിരുന്ന മണ്ഡലങ്ങളില്‍ ജില്ല കമ്മറ്റികള്‍ നല്‍കിയ പുതുക്കിയ പട്ടിക പരിഗണിച്ചാണ് സ്ഥാനാര്‍ത്ഥി നിര്‍ണ്ണയത്തില്‍ സിപിഎം അന്തിമ ധാരണയിലെത്തിയത്. തൃപ്പൂണിത്തുറയിൽ ദിനേശ്‍ മണി പിന്‍മാറിയ സാഹചര്യത്തില്‍ ഡിവൈഎഫ്ഐ നേതാവ് എം.സ്വരാജ് സ്ഥാനാര്‍ത്ഥിയാകും. കൊല്ലത്ത് നടന്‍ മുകേഷിന്റെയും ആറന്മുളയില്‍ മാധ്യമ പ്രവര്‍ത്തക വീണ ജോര്‍ജിന്റെയും സ്ഥാനാര്‍ത്ഥിത്വത്തിനും സിപിഎം സംസ്ഥാന സെക്രട്ടറിയേറ്റ് അന്തിമ അംഗീകാരം നല്‍കി. ഇരുവരുടെയും സ്ഥാനാര്‍ത്ഥിത്വത്തിനെതിരെ നേരത്തെ മണ്ഡലം കമ്മറ്റികളിൽ നിന്ന് രൂക്ഷമായ എതിര്‍പ്പുയര്‍ന്നിരുന്നു. അഴിക്കോട് മണ്ഡലത്തില്‍ നിന്ന് മാധ്യമ പ്രവര്‍ത്തകന്‍ നികേഷ് കുമാറിനെ മത്സരിപ്പിക്കാനും സെക്രട്ടറിയേറ്റ് യോഗത്തില്‍ ധാരണയായി. നികേഷ് പാര്‍ട്ടി ചിഹ്നത്തില്‍ മത്സരിക്കണോ സ്വതന്ത്രനായി മത്സരിക്കണോ എന്ന കാര്യത്തില്‍ തീരുമാനമായിട്ടില്ല.

ഐഎന്‍എല്ലില്‍ നിന്ന് കൂത്ത്പറമ്പ്, വേങ്ങര സീറ്റുകള്‍ സിപിഎം ഏറ്റെടുക്കും. കൂത്തുപറമ്പില്‍ പി ഹരീന്ദ്രനും വേങ്ങരയില്‍ പി. ജിജിയും മത്സരിക്കും. ഈ രണ്ട് സീറ്റുകള്‍ക്ക് പകരമായി കോഴിക്കോട് സൌത്ത് മണ്ഡലവും മലപ്പുറവും ഐഎന്‍എല്ലിന് നല്‍കും. തര്‍ക്കം ഉണ്ടായിരുന്ന ചെങ്ങന്നൂരില്‍ കെ കെ രാമചന്ദ്രന്‍ നായരുടെയും കായംകുളത്ത് യു പ്രതിഭഹരിയുടെയും പേരുകളും സെക്രട്ടറിയേറ്റ് അംഗീകരിച്ചു. അതേ സമയം ഇരിങ്ങാലക്കുടയിലും വടക്കാഞ്ചേരിയിലും പുതിയ പേരുകള്‍ നിര്‍ദേശിക്കാന്‍ ജില്ല കമ്മിറ്റിയോട് സംസ്ഥാനനേതൃത്വം ആവശ്യപ്പെട്ടു.

ഘടകക്ഷികളുമായി വെച്ചുമാറാന്‍ ഉദേശിക്കുന്ന മണ്ഡലങ്ങളിലെ സ്ഥാനാര്‍ത്ഥി നിര്‍ണ്ണയം 28 നുളള എല്‍ഡിഎഫ് യോഗത്തിന് ശേഷം നടത്താനാണ് നേതൃത്വത്തിന്റെ ആലോചന.

TAGS :

Next Story