എല്‍ഡിഎഫ് സര്‍ക്കാര്‍ നൂറാം ദിവസത്തിലേക്ക്

എല്‍ഡിഎഫ് സര്‍ക്കാര്‍ നൂറാം ദിവസത്തിലേക്ക്
സെപ്റ്റംബര്‍ 2നാണ് സര്‍ക്കാറിന്റെ നൂറുദിനം പൂര്‍ത്തിയാകുന്നതെങ്കിലും പൊതു പണിമുടക്ക് പ്രമാണിച്ച് സെപ്റ്റംബര്‍ ഒന്നിനാകും ആഘോഷപരിപാടികള്‍ നടത്തുക.
എല്‍ഡിഎഫ് സര്‍ക്കാര്‍ നൂറാം ദിനത്തിലേക്ക് കടക്കുന്നു. വിമര്‍ശനങ്ങള്‍ ഏറെ നേരിട്ടെങ്കിലും ജനപ്രിയ നടപടികളിലൂടെ വിശ്വാസം ആര്‍ജിക്കാനായി എന്നാണ് സര്‍ക്കാറിന്റ വിലയിരുത്തല്‍.
37 ലക്ഷം വരുന്ന പെന്‍ഷന്‍കരുടെ കുടിശിക തീര്‍ത്ത് പെന്‍ഷന്‍ വീട്ടിലെത്തിക്കാനുളള നടപടികള്‍ ആരംഭിച്ചു. പൂട്ടിക്കിടന്ന 48 കശുവണ്ടി ഫാക്ടറികള്‍ തുറന്ന് പ്രവര്‍ത്തിപ്പിച്ചു. കടക്കെണിയില്‍ പെട്ടവര്‍ക്കായി പ്രത്യേക കടാശ്വാസ പദ്ധതി പ്രഖ്യാപിച്ചു. ഓണക്കാലത്തെ വിലക്കയറ്റം തടഞ്ഞ് നിര്‍ത്താനായി സപ്ലൈകോക്കും കണ്‍സ്യൂമര്‍ഫെഡിനുമായി 100 കോടി അനുവദിച്ചു.
സംസ്ഥാനത്തൊട്ടാകെ 1644 ഓണചന്തകള്‍ തുറന്നു 17 ലക്ഷം കുടുംബങ്ങള്‍ക്ക് ബിപിഎല്‍ കിറ്റും 1.5 ലക്ഷം ആദിവാസികള്‍ക്കായി സൗജന്യ ഓണകിറ്റും പ്രഖ്യാപിച്ചു. അധികാരമേറ്റെടുത്ത് 100 ദിവസം പൂര്‍ത്തിയാകുമ്പോള്‍ ഇടതുമുന്നണി സര്‍ക്കാര്‍ മുന്നോട്ട് വെക്കുന്ന പ്രധാന നേട്ടങ്ങള്‍ ഇവയാണ്.
അധികാരമേറ്റയുടനേ പെരുമ്പാവൂര്‍ ജിഷ വധക്കേസിലെ പ്രതിയെ പിടിക്കാനായതും സര്‍ക്കാറിന് ഗുണമായി. അടച്ചു പൂട്ടിയ സ്‌കൂളുകള്‍ ഏറ്റെടുത്തതും, മാന്ദ്യവിരുദ്ധ പാക്കേജ് പ്രഖ്യാപിച്ചതും, ഭക്ഷ്യസുരക്ഷനിയമം നടപ്പാക്കാന്‍ തീരുമാനിച്ചതും നേട്ടങ്ങളുടെ പട്ടികയില്‍ സര്‍ക്കാര്‍ ഉള്‍പ്പെടുത്തുന്നു. ബജറ്റിലെ പ്രധാന നിര്‍ദേശമായ വീടില്ലാത്തവര്‍ക്ക് വീട് പദ്ധതി സര്‍ക്കാറിന്റ നൂറാം ദിനത്തില്‍ നടപ്പില്‍ വരുത്താനും എല്‍ഡിഎഫ് തീരുമാനിച്ചിട്ടുണ്ട്.
നൂറാം ദിനം ആഘോഷിക്കാനായി വിപുലമായ പരിപാടികളും സര്‍ക്കാര്‍ സംഘടിപ്പിച്ചിട്ടുണ്ട്. സെപ്റ്റംബര്‍ 2നാണ് സര്‍ക്കാറിന്റെ നൂറുദിനം പൂര്‍ത്തിയാകുന്നതെങ്കിലും പൊതു പണിമുടക്ക് പ്രമാണിച്ച് സെപ്റ്റംബര്‍ ഒന്നിനാകും ആഘോഷപരിപാടികള്‍ നടത്തുക.
Adjust Story Font
16

