Quantcast

പിണറായി വിജയന് ഡല്‍ഹി മലയാളികള്‍ സ്വീകരണം നല്‍കി

MediaOne Logo

admin

  • Published:

    31 March 2018 10:27 AM IST

പിണറായി വിജയന് ഡല്‍ഹി മലയാളികള്‍ സ്വീകരണം നല്‍കി
X

പിണറായി വിജയന് ഡല്‍ഹി മലയാളികള്‍ സ്വീകരണം നല്‍കി

ജനസംസ്കൃതിയുടെ നേതൃത്വത്തില്‍ ഡല്‍ഹിയിലെ എല്ലാ മലയാളി സംഘടനങ്ങളുടെയും പങ്കാളിത്തത്തോടെ കേരള ഹൌസിലായിരുന്നു സ്വീകരണ പരിപാടി

മുഖ്യമന്ത്രി സ്ഥാനമേറ്റെടുത്ത പിണറായി വിജയന് ഡല്‍ഹി മലയാളികളുടെ സ്വീകരണം.ജനസംസ്കൃതിയുടെ നേതൃത്വത്തില്‍ കേരള ഹൌസ് അങ്കണത്തില്‍ വച്ചായിരുന്നു പരിപാടി. ചടങ്ങില്‍ പ്രവാസികളുടെ പ്രശ്നങ്ങളില്‍ പരിഹാരം കാണുമെന്നും ജനങ്ങളുടെ പിന്തുണയാണ് സര്‍ക്കാരിന്റെ കരുത്തെന്നും പിണറായി വിജയന്‍ പറഞ്ഞു.

മുഖ്യമന്ത്രിയായതിനു ശേഷം ഡല്‍ഹിയിലെത്തിയ പിണറായി വിജയന് ഉജ്ജ്വല സ്വീകരണമാണ് ഡല്‍ഹി മലയാളികള്‍ നല്‍കിയത്. ജനസംസ്കൃതിയുടെ നേതൃത്വത്തില്‍ ഡല്‍ഹിയിലെ എല്ലാ മലയാളി സംഘടനങ്ങളുടെയും പങ്കാളിത്തത്തോടെ കേരള ഹൌസിലായിരുന്നു സ്വീകരണ പരിപാടി സംഘടിപ്പിച്ചത്.

കേരളത്തിന് പുറത്തുള്ളവരുടെയും പ്രവാസികളുടെയും പ്രശ്നങ്ങള്‍ ഉന്നയിച്ചായിരുന്നു പിണറായിയുടെ പ്രസംഗം. യാത്രാ പ്രശ്നം, ആഭ്യന്തര പ്രശ്നങ്ങളെ തുടര്‍ന്ന് സംസ്ഥാനത്തേക്ക് തിരിച്ചെത്തിയവരുടെ പുനരധിവാസം, തൊഴിലില്ലായ്മ, വികസന പ്രവര്‍ത്തനങ്ങള്‍ക്കുണ്ടാകുന്ന തടസ്സം തുടങ്ങിയ വിഷയങ്ങളെ സര്‍ക്കാര്‍ ഗൌരവത്തോടെയാണ് കാണുന്നതെന്നും പ്രശ്ന പരിഹാരത്തിനായുള്ള ശ്രമങ്ങള്‍ ആരംഭിച്ചതായും പിണറായി വിജന്‍ പറഞ്ഞു.
ഇനിയുള്ള അഞ്ച് വര്‍ഷം അഴിമതി മുക്ത ഭരണമായിരിക്കുമെന്നും സംസ്ഥാനത്തിന്റെ ഐക്യം തകര്‍ക്കാന്‍ ആരെയും അനുവദിക്കില്ലെന്നും പിണറായി ആവര്‍ത്തിച്ചു.

പരിപാടിയില്‍ സിപിഎം ജനറല്‍ സെക്രട്ടറി സീതാറാം യെച്ചൂരി മുഖ്യാതിഥിയായി.കോടിയേരി ബാലകൃഷ്ണന്‍, കാനം രാജേന്ദ്രന്‍, കെ എം തിവാരി, എം എ ബേബി, ബിനോയ് വിശ്വം, ആനി രാജ എന്നിവരടക്കം രാഷ്ട്രീയ സാംസ്കാരിക രംഗത്തെ പ്രമുഖരും ചടങ്ങിനെത്തിയിരുന്നു.

അതിനിടെ പിണറായി വിജയന്‍ ഡല്‍ഹിയില്‍ കോണ്‍ഗ്രസ് നേതാവ് എ കെ ആന്റണിയുമായി കൂടിക്കാഴ്ച നടത്തി. എ കെ ആന്റണിയുടെ വീട്ടിലെത്തിയായിരുന്നു കൂടിക്കാഴ്ച.

TAGS :

Next Story