കേന്ദ്രനയങ്ങള്‍ക്കും വര്‍ഗീയതക്കുമെതിരെ എല്‍ഡിഎഫിന്‍റെ ജനജാഗ്രതായാത്ര ഇന്ന് തുടങ്ങും

കേന്ദ്രനയങ്ങള്‍ക്കും വര്‍ഗീയതക്കുമെതിരെ എല്‍ഡിഎഫിന്‍റെ ജനജാഗ്രതായാത്ര ഇന്ന് തുടങ്ങും
ജനജാഗ്രതായാത്ര എന്ന് പേരിട്ടിരിക്കുന്ന ജാഥ വടക്ക് നിന്ന് കോടിയേരി ബാലകൃഷ്ണനും തെക്ക് നിന്ന് കാനം രാജേന്ദ്രനുമാണ് നയിക്കുന്നത്
കേന്ദ്രസര്‍ക്കാരിന്റെ ജനദ്രോഹനയങ്ങള്‍ക്കും വര്‍ഗ്ഗീയതയ്‌ക്കെതിരെ ഇടത് മുന്നണി നടത്തുന്ന മേഖല ജാഥകള്‍ ഇന്നാരംഭിക്കും. ജനജാഗ്രതായാത്ര എന്ന് പേരിട്ടിരിക്കുന്ന ജാഥ വടക്ക് നിന്ന് കോടിയേരി ബാലകൃഷ്ണനും തെക്ക് നിന്ന് കാനം രാജേന്ദ്രനുമാണ് നയിക്കുന്നത്. തിരുവനന്തപുരത്ത് പിണറായി വിജയനും മഞ്ചേശ്വരത്ത് സിപിഐ അഖിലേന്ത്യാ സെക്രട്ടറി ഡി രാജയും ജാഥകള്‍ ഉദ്ഘാടനം ചെയ്യും.
ബിജെപിയുടെ ജനരക്ഷായാത്രക്ക് പിന്നാലെയാണ് എല്‍ഡിഎഫും സംസ്ഥാന ജാഥയുമായി രംഗത്ത് വരുന്നത്. നേരത്തെ തീരുമാനിച്ചിരുന്ന ജാഥ വേങ്ങര ഉപതെരഞ്ഞടുപ്പ് ആയതിനാലാണ് മാറ്റിവെച്ചത്. രണ്ട് മേഖല ജാഥകള്‍ മുന്നണിയിലെ തന്നെ രണ്ട് പ്രധാന പാര്‍ട്ടികളുടെ നേതാക്കള്‍ തന്നെയാണ് നയിക്കുന്നത്. തിരുവനന്തപുരം മുതല്‍ എറണാകുളം വരെയുള്ള തെക്കന്‍ മേഖലാ ജാഥ സിപിഐ സംസ്ഥാന സെക്രട്ടറി കാനം രാജേന്ദ്രനും മഞ്ചേശ്വരം മുതല്‍ തൃശ്ശൂര്‍ വരെയുള്ള ജാഥ സിപിഎം സംസ്ഥാന സെക്രട്ടറി കോടിയേരി ബാലകൃഷ്ണനുമാണ് നയിക്കുന്നത്. എല്ലാ മണ്ഡലങ്ങളിലും ജാഥക്ക് മുന്നണി സ്വീകരണം ഒരുക്കും. രണ്ട് ജാഥയിലും എല്ലാ ഘടകകക്ഷികളുടേയും അംഗങ്ങളുണ്ട്.
കേന്ദ്രസര്‍ക്കാര്‍ നയങ്ങള്‍ക്കെതിരെ പ്രതിഷേധിക്കുന്നതിനൊപ്പം സംസ്ഥാന സര്‍ക്കാരിന്‍റെ നേട്ടങ്ങള്‍ ജനങ്ങളിലെത്തിക്കുകയുമാണ് ജാഥയുടെ ലക്ഷ്യം. സോളാര്‍ വിഷയം കേരളത്തിലുടനീളം സജീവമായി നിര്‍ത്താനും ഇടത് മുന്നണി ജാഥയിലൂടെ ഉദ്ദേശിക്കുന്നുണ്ട്. ഇന്ന് വൈകിട്ട് പാളയത്ത് മുഖ്യമന്ത്രി പിണറായി വിജയന്‍ ഉദ്ഘാടനം ചെയ്യുന്ന തെക്കന്‍ മേഖല ജാഥ നാളെ ജില്ലയിലെ വിവിധ നിയമസഭ മണ്ഡലങ്ങളില്‍ പര്യടനം നടത്തും. മഞ്ചേശ്വരത്ത് സിപിഐ അഖിലേന്ത്യാ സെക്രട്ടറി ഡി രാജയാണ് ജാഥ ഉദ്ഘടാനം ചെയ്യുന്നത്.
Adjust Story Font
16

