ഓടുന്ന ട്രെയിൻ വീടാക്കി ഒരു കുടുംബം
ട്രെയിനിലിരുന്ന് ഹോംവർക്കുകളെല്ലാം ചെയ്ത് അവിടെയുറങ്ങി കുടുംബത്തോടെയാണ് യാത്ര. രാത്രി സമയത്ത് കൊല്ലം എറണാകുളം ഭാഗത്ത് സഞ്ചരിക്കുന്ന ട്രെയിനുകളാണ് ഇവരുടെ വാസസ്ഥലം.
സ്വന്തമായി വീടില്ലാത്തതിനാൽ ഓടുന്ന ട്രെയിൻ വീടാക്കി ഒരു കുടുംബം. ആലപ്പുഴ തീരദേശ റെയിൽപാതയിലോടുന്ന ട്രെയിനുകളിൽ താമസിക്കുന്ന കുടുംബം പകൽ സമയത്ത് ഹരിപ്പാട് റയിൽവേസ്റ്റേഷനിൽ തങ്ങുന്നു. അപകടത്തിൽ കാൽപാദം നഷ്ടപ്പെട്ട പ്രദീപും കുടുംബവും ഭക്ഷണത്തിന് പോലും നിത്യവും പ്രയാസപ്പെടുകയാണ്.
ഹരിപ്പാട് റെയിൽവേ സ്റ്റേഷനിലേക്ക് രാവിലെ ചൂളം വിളിച്ച് വരുന്ന ട്രെയിനിൽനിന്ന് കുളിച്ചു വേഷമിട്ട് പുസ്തക സഞ്ചിയുമായി വന്നിറങ്ങുന്നവരാണ് ഈ കൊച്ചുമിടുക്കികൾ. ട്രെയിനിലിരുന്ന് ഹോംവർക്കുകളെല്ലാം ചെയ്ത് അവിടെയുറങ്ങി കുടുംബത്തോടെയാണ് യാത്ര. രാത്രി സമയത്ത് കൊല്ലം എറണാകുളം ഭാഗത്ത് സഞ്ചരിക്കുന്ന ട്രെയിനുകളാണ് ഇവരുടെ വാസസ്ഥലം.
വണ്ടിയിറങ്ങിയാൽ പത്ത് മണിയോടെ മുട്ടം മുല്ലക്കര എൽഎപിഎസിലെത്തും. വൈകിട്ട് സ്കൂൾ വിട്ടാൽ അമ്മയെത്തി നാലാം ക്ലാസുകാരി ആർച്ചയെയും, രണ്ടാം ക്ലാസുകാരി ആതിരയെയും കൂട്ടും. പിന്നെ അഞ്ച് കിലോമീറ്ററുകൾക്കപ്പുറമുള്ള ഹരിപ്പാട് റെയിൽവേസ്റ്റേഷനിലെത്തും ഇതോടെ നടക്കാൻ പറ്റാത്ത അഛൻ പ്രദീപും ഇവർക്കൊപ്പമാവും. പിന്നെ എല്ലാം ഇൻഡ്യൻ റെയിൽവേ വക.
കാൽപാദം നഷ്ടപ്പെട്ട പ്രദീപ് ആറു ശസ്ത്രക്രിയക്ക് വിധേയമായി. ഇതോടെ വരുമാനം നഷ്ടപ്പെട്ട് വാടകവീടുവിട്ട് റെയിൽവേപാളത്തിലെത്തി. കുട്ടികളുടെ പ്രഭാത ഭക്ഷണം അധ്യാപകർ വക. ഉച്ചഭക്ഷണത്തിൽ നിന്നുള്ള വിഹിതം രാത്രികഴിക്കാനായ് കൊടുത്തുവിടും. രമ്യ മണ്ണാറശ്ശാല ക്ഷേത്രത്തിൽ നിന്നുള്ള സൌജന്യ ഉച്ചഭക്ഷണം വാങ്ങി ഭർത്താവിനെത്തിക്കും. ആരോഗ്യം അനുവദിക്കുന്ന ജോലിലഭിച്ചാൽ വാടക വീട്ടിലേക്ക് മാറാനാണ് പ്രദീപിന്റെ ശ്രമം. പഠിച്ച് നല്ല ജോലിലഭിക്കുമ്പോൾ വീടുവെക്കാമെന്നാണ് ഈ കുരുന്നുകളുടെ മോഹം.
Adjust Story Font
16

