Quantcast

മലയാളം സര്‍വ്വകലാശാലക്കായി പരിയാപുരത്തെ വിവാദ ഭൂമി വാങ്ങാനുള്ള നടപടികളുമായി റവന്യൂ വകുപ്പ്

MediaOne Logo

Jaisy

  • Published:

    3 May 2018 12:41 AM IST

മലയാളം സര്‍വ്വകലാശാലക്കായി  പരിയാപുരത്തെ വിവാദ ഭൂമി വാങ്ങാനുള്ള നടപടികളുമായി റവന്യൂ വകുപ്പ്
X

മലയാളം സര്‍വ്വകലാശാലക്കായി പരിയാപുരത്തെ വിവാദ ഭൂമി വാങ്ങാനുള്ള നടപടികളുമായി റവന്യൂ വകുപ്പ്

നേരത്തേ നിശ്ചയിച്ചതിലും പതിനായിരം രൂപ കുറച്ചാണ് ഇടപാടിനുള്ള നീക്കം

തിരൂരിലെ മലയാളം സര്‍വ്വകലാശാലക്കായി വെട്ടം പരിയാപുരത്തെ വിവാദ ഭൂമി വാങ്ങാനുള്ള നടപടികളുമായി റവന്യൂ വകുപ്പ് മുന്നോട്ട്. നേരത്തേ നിശ്ചയിച്ചതിലും പതിനായിരം രൂപ കുറച്ചാണ് ഇടപാടിനുള്ള നീക്കം. അതിനിടെ ഭൂമി ഇടപാടിനെക്കുറിച്ച് അന്വേഷിക്കണമെന്ന് ആവശ്യപ്പെട്ട് യൂത്ത് കോണ്‍ഗ്രസ് ഗവര്‍ണര്‍ക്ക് പരാതി നല്‍കി. മലയാളം സര്‍വ്വകലാശാലക്കായി ഭൂമി കണ്ടെത്തിയതിലും വില നിശ്ചയിച്ചതിലുമുള്ള ക്രമക്കേടുകള്‍ മീഡിയാവണ്‍ നേരത്തേ പുറത്തുകൊണ്ടുവന്നിരുന്നു. ഇതിനു പിറകെയാണ് ഇതേ ഭൂമി വാങ്ങാനുള്ള നീക്കം റവന്യൂവകുപ്പ് ഊര്‍ജ്ജിതമാക്കിയത്.

വെട്ടം പരിയാപുരത്തെ ആറ് ഏക്കര്‍ ചതുപ്പ് ഉള്‍പ്പെട്ട 17.2 ഏക്കര്‍ സ്വകാര്യ ഭൂമിക്ക് സെന്‍റൊന്നിന് 170,000 രൂപയാണ് റവന്യൂവകുപ്പ് വില നിശ്ചയിച്ചത്. വില കൂടുതലാണെന്ന നിലപാടാണ് ഉന്നത വിദ്യാഭ്യാസ വകുപ്പ് സ്വീകരിച്ചത്. മെയ് 30ന് മലപ്പുറം കളക്ട്രേറ്റില്‍ രഹസ്യ സ്വഭാവത്തോടെ ഭൂമി ഉടമകളെ വിളിച്ച് എല്‍എ ഡെപ്യൂട്ടി കളക്ടര്‍ യോഗം ചേര്‍ന്നു. ഈ യോഗത്തില്‍ ഭൂമിയുടെ വില സെന്‍റൊന്നിന് 160,000 രൂപയായി കുറച്ചു. പതിനായിരം രൂപ കുറച്ചുള്ള പുതിയ ശിപാര്‍ശ ഉന്നത വിദ്യാഭ്യാസ വകുപ്പിലേക്ക് മലപ്പുറം എല്‍എ ഡെപ്യൂട്ടി കലക്ടര്‍ അയച്ചുകഴിഞ്ഞു.

ഈ ശിപാര്‍ശ സ്വീകരിക്കാന്‍ ഉന്നത വിദ്യാഭ്യാസ വകുപ്പില്‍ ശക്തമായ സമ്മര്‍ദ്ദമാണ് തിരൂരിലെ പ്രമുഖ ഭരണപക്ഷ നേതാക്കള്‍ ചെലുത്തുന്നത്. അതിനിടെ ഭൂമി ഇടപാടില്‍ അഴിമതി ആരോപിച്ച് യുഡിഎഫ് സമരത്തിന് ഇറങ്ങിക്കഴിഞ്ഞു. ഭൂമി ഇടപാട് റദ്ദാക്കണമെന്ന് ആവശ്യപ്പെട്ട് യൂത്ത് കോണ്‍ഗ്രസ് സംസ്ഥാന സെക്രട്ടറി സിദ്ദീഖ് പന്താവൂര്‍ ഗവര്‍ണര്‍ക്ക് പരാതി നല്‍കി. ഇപ്പോള്‍ നിശ്ചയിച്ച വിലയേക്കാള്‍ കുറച്ച് ഭൂമി നല്‍കാന്‍ സന്നദ്ധരായി ചിലര്‍ രംഗത്തുവന്നിട്ടും കൂടിയ വിലക്ക് ഭൂമി വാങ്ങുന്നതിന് പിന്നില്‍ അഴിമതിയാണെന്ന് ആക്ഷേപം ശക്തമായിട്ടുണ്ട്.

TAGS :

Next Story