Quantcast

മുല്ലപ്പെരിയാറില്‍ ദേശീയ സുരക്ഷാസേന പരിശോധന നടത്തി

MediaOne Logo

Sithara

  • Published:

    8 May 2018 6:02 PM IST

മുല്ലപ്പെരിയാറില്‍ ദേശീയ സുരക്ഷാസേന പരിശോധന നടത്തി
X

മുല്ലപ്പെരിയാറില്‍ ദേശീയ സുരക്ഷാസേന പരിശോധന നടത്തി

ആവശ്യത്തിന് വെളിച്ചം അണക്കെട്ടില്‍ ഒരുക്കണമെന്ന് കേന്ദ്രസംഘം നിര്‍ദ്ദേശിച്ചു

മുല്ലപ്പെരിയാര്‍ അണക്കെട്ടില്‍ ദേശീയ സുരക്ഷാ സേനാംഗങ്ങള്‍ പരിശോധന നടത്തി. ആവശ്യത്തിന് വെളിച്ചം അണക്കെട്ടില്‍ ഒരുക്കണമെന്ന് കേന്ദ്രസംഘം നിര്‍ദ്ദേശിച്ചു. എന്‍എസ്ജി പരിശോധനയ്ക്ക് എത്തിയപ്പോള്‍ കേരളത്തി‍ന്‍റെ 15 പോലീസുകാര്‍ മാത്രമാണ് മുല്ലപ്പെരിയാര്‍ അണക്കെട്ടിലുണ്ടായിരുന്നത്.

ഇന്ന് രാവിലെ 11നാണ് ദേശീയ സുരക്ഷാസേനയുടെ സംഘം മുല്ലപ്പെരിയാര്‍ അണക്കെട്ടിന്‍റെ സുരക്ഷാ പരിശോധനയ്ക്ക് എത്തിയത്. ക്യാപ്റ്റന്‍ അനൂപ് സിങിന്‍റെ നേതൃത്വത്തില്‍ ചെന്നൈയില്‍ നിന്നെത്തിയ സംഘം ബോട്ടില്‍ സഞ്ചരിച്ചാണ് ഡാം പരിശോധിച്ചത്. ഒരു ഡിവൈഎസ്പിയുടെ നേതൃത്വത്തില്‍ 123 പൊലീസ് ഉദ്യോഗസ്ഥരെയാണ് കേരളം ഡാമിന്‍റെ സുരക്ഷയ്ക്കായി നിയോഗിച്ചിരിക്കുന്നത്.

കേരളത്തിലെ പൊലീസ് ഉദ്യോഗസ്ഥര്‍ ഡാമിന്‍റെ സുരക്ഷയില്‍ അലംഭാവം കാണിക്കുന്നുവെന്ന് തമിഴിനാട് നേരത്തെ പരാതിപ്പെട്ടിരുന്നു. പരാതിയുടെ അടിസ്ഥാനത്തില്‍ കൂടി ദേശീയ സുരക്ഷാ സേന പരിശോധനയ്ക്ക് എത്തിയപ്പോഴാണ് കേരളത്തിന്‍റെ 15 പോലീസ് ഉദ്യോഗസ്ഥര്‍ മാത്രം ജോലിക്കുണ്ടായിരുന്നത്.

മൂന്ന് മണിക്കൂറിലേറെ പരിശോധന നടത്തിയ സംഘം അണക്കെട്ടില്‍ ആവശ്യത്തിന് വെളിച്ചം ഒരുക്കണമെന്ന് നിര്‍ദ്ദേശം നല്‍കി. അതേസമയം അണക്കെട്ടിന്‍റെ സുരക്ഷ സംബന്ധിച്ചുള്ള വിവരങ്ങള്‍ ശേഖരിക്കുന്നതിന് വേണ്ട ഉപകരണങ്ങള്‍ താറുമാറായത് മാറ്റി സ്ഥാപിക്കണമെന്ന് കേരളത്തിലെ ഉദ്യോഗസ്ഥര്‍ ദേശീയ സുരക്ഷാ സേനയോട് ആവശ്യപ്പെട്ടു.

TAGS :

Next Story