Quantcast

'താജ്മഹലിനെതിരെ പറയുന്ന അധഃപതിച്ച ജനപ്രതിനിധികളാണ് ഇന്ത്യയുടെ തീരാക്കളങ്കം' ദീപ നിശാന്ത്

MediaOne Logo

Muhsina

  • Published:

    12 May 2018 7:15 PM GMT

താജ്മഹലിനെതിരെ പറയുന്ന അധഃപതിച്ച ജനപ്രതിനിധികളാണ് ഇന്ത്യയുടെ തീരാക്കളങ്കം ദീപ നിശാന്ത്
X

'താജ്മഹലിനെതിരെ പറയുന്ന അധഃപതിച്ച ജനപ്രതിനിധികളാണ് ഇന്ത്യയുടെ തീരാക്കളങ്കം' ദീപ നിശാന്ത്

താജ്മഹലിനെതിരായ ബി.ജെ.പി എംഎല്‍എ സംഗീത് സോമിന്റെ പരാമര്‍ശങ്ങള്‍ക്കെതിരെ എഴുത്തുകാരിയും അധ്യാപികയുമായ ദീപാ നിശാന്ത്. ന്യൂനപക്ഷങ്ങൾക്കെതിരെ നുണപ്രചാരണങ്ങൾ നടത്തി വിദ്വേഷം വളർത്തുന്ന തന്ത്രം ചരിത്രത്തിൽ എല്ലായിടത്തും..

താജ്മഹലിനെതിരായ ബി.ജെ.പി എംഎല്‍എ സംഗീത് സോമിന്റെ പരാമര്‍ശങ്ങള്‍ക്കെതിരെ എഴുത്തുകാരിയും അധ്യാപികയുമായ ദീപാ നിശാന്ത്. ന്യൂനപക്ഷങ്ങൾക്കെതിരെ നുണപ്രചാരണങ്ങൾ നടത്തി വിദ്വേഷം വളർത്തുന്ന തന്ത്രം ചരിത്രത്തിൽ എല്ലായിടത്തും ഫാസിസ്റ്റുകൾ പയറ്റിത്തെളിഞ്ഞതാണെന്ന് ദീപാ നിശാന്ത് വിമര്‍ശിച്ചു.

''മുഗൾവാസ്തുകലയുടെ ഉദാത്ത മാതൃകയായ ഒരു മന്ദിരത്തെ ആദ്യം സർക്കാരിന്റെ വിനോദസഞ്ചാര ലഘുലേഖയിൽ നിന്ന് ലളിതമായി വെട്ടിമാറ്റി.. ഇപ്പോഴിതാ ഒരു ജനപ്രതിനിധി ആ വെണ്ണക്കൽശിൽപ്പമന്ദിരത്തെ വിശേഷിപ്പിച്ചിരിക്കുന്നത് 'ഇന്ത്യയുടെ കളങ്കം' എന്നാണ്! 'ഹിന്ദുക്കളെ ദ്രോഹിച്ച' ഷാജഹാന്റെ താജ്മഹലിനെ ചരിത്രത്തിൽ നിന്ന് നീക്കാൻ സർക്കാർ ശ്രമിച്ചുകൊണ്ടിരിക്കുകയാണെന്ന് പറയാൻ മാത്രം അധഃപതിച്ച ജനപ്രതിനിധികൾ തന്നെയാണ് ഇന്ത്യയുടെ തീരാക്കളങ്കം!'' അവര്‍ പറഞ്ഞു. തന്റെ ഫേസ്ബുക്ക് പോജിലൂടെയാണ് ദീപ നിശാന്ത് പ്രതികരണവുമായി രംഗത്തെത്തിയത്.

ഫേസ്ബുക്ക് പോസ്റ്റിന്റെ പൂര്‍ണ്ണ രൂപം:

'കാലത്തിൻ്റെ കവിൾത്തടത്തിലെ ഏകാന്തമായ കണ്ണുനീർത്തുള്ളി'യായി താജ്മഹലിനെ വിശേഷിപ്പിച്ചത് ടാഗോറാണ്. ആ വിശേഷണത്തിന് നാനാർത്ഥതലങ്ങൾ കൈവരുന്ന ഒരു കാലഘട്ടത്തിലൂടെയാണ് രാജ്യം കടന്നു പോകുന്നത്.. മുഗൾവാസ്തുകലയുടെ ഉദാത്ത മാതൃകയായ ഒരു മന്ദിരത്തെ ആദ്യം സർക്കാരിൻ്റെ വിനോദസഞ്ചാര ലഘുലേഖയിൽ നിന്ന് ലളിതമായി വെട്ടിമാറ്റി.. ഇപ്പോഴിതാ ഒരു ജനപ്രതിനിധി ആ വെണ്ണക്കൽശിൽപ്പമന്ദിരത്തെ വിശേഷിപ്പിച്ചിരിക്കുന്നത് 'ഇന്ത്യയുടെ കളങ്കം' എന്നാണ്! 'ഹിന്ദുക്കളെ ദ്രോഹിച്ച' ഷാജഹാൻ്റെ താജ്മഹലിനെ ചരിത്രത്തിൽ നിന്ന് നീക്കാൻ സർക്കാർ ശ്രമിച്ചുകൊണ്ടിരിക്കുകയാണെന്ന് പറയാൻ മാത്രം അധഃപതിച്ച ജനപ്രതിനിധികൾ തന്നെയാണ് ഇന്ത്യയുടെ തീരാക്കളങ്കം!

ന്യൂനപക്ഷങ്ങൾക്കെതിരെ നുണപ്രചാരണങ്ങൾ നടത്തി വിദ്വേഷം വളർത്തുന്ന തന്ത്രം ചരിത്രത്തിൽ എല്ലായിടത്തും ഫാസിസ്റ്റുകൾ പയറ്റിത്തെളിഞ്ഞതാണ്.. അപരമതവിദ്വേഷത്തിലധിഷ്ഠിതമായ പ്രത്യയശാസ്ത്രമാണ് അവരുടെ അടിസ്ഥാന പ്രമാണം.. ഒരാൾ നുണ പറയുന്നതു പോലെയല്ല ഒരു കൂട്ടം ആളുകൾ നുണ പ്രചരിപ്പിക്കുന്നത്.. നുണകൾ ആവർത്തിച്ച് ചരിത്രത്തെ അവർ വളച്ചൊടിക്കും.. ഗുജറാത്തിലെ കുട്ടികൾ പഠിക്കുന്ന പുസ്തകങ്ങളിൽ ഇന്നത്തെ ജറുസലേം ' യദുനിഷാദാലയ' മായി മാറുന്നത് അങ്ങനെയാണ്. യാദവരെ ആട്ടിയോടിച്ച് ക്രൈസ്തവർ പിടിച്ചെടുത്ത ജറുസലേമിനെ ഹിന്ദുക്കൾ ഗൃഹാതുരതയോടെ നോക്കണം! നെടുവീർപ്പിടണം! ലക്ഷ്യം അതുതന്നെ! പാരീസ് 'പരമേശ്വരീയ' മാണെന്ന് പാഠപുസ്തകങ്ങളിൽ വായിച്ചു പഠിക്കുന്ന കുട്ടി അതൊരു ആധികാരികരേഖയായി മനസ്സിൽ പ്രതിഷ്ഠിക്കും.ഇന്തോനേഷ്യയിലെ 'ബാലിദ്വീപി'നേയും അഫ്ഗാനിസ്ഥാനിലെ കാണ്ഡഹാറിനേയുമൊക്കെ വൈകാരികത ഉണർത്തുന്ന നുണപ്രചാരണങ്ങളിലൂടെ തങ്ങളുടേതാക്കി മാറ്റാൻ ശ്രമിക്കുന്ന അതേ ആളുകൾ തന്നെയാണ് ഇപ്പോൾ താജ്മഹലിൻ്റെ ചരിത്രത്തെയും വളച്ചൊടിക്കാൻ ശ്രമിക്കുന്നത്.

Aliyar Makkiyil ൻ്റെ വരികൾ കടമെടുക്കുന്നു......

"എന്റെ കണ്ണ് ചൂഴ്ന്ന് എടുക്കുമോ
അറിയില്ലല്ലോ !

'പുരാനദില്ലി' വരെയൊന്നു പോകണം
കുത്തബ് മിനാറൊന്ന് കാണണം
എപ്പോഴണവിടം
നിലംപൊത്തുന്നതെന്നറിയില്ലല്ലോ?

ചുവന്ന കോട്ടയുടെ ഓരത്തുനിന്നൊരു 'സെൽഫി'യെടുക്കണം
എപ്പോഴണതിൻ
നിറം മാറുന്നതെന്നറിയില്ലല്ലോ?

ആഗ്രയിൽ പോകണം
പണിയാളരെ വാഴ്ത്തണം
മുംതാസ് മഹലിനെയോർക്കണം
പ്രണയ മഴയിൽ മുങ്ങി കുളിക്കണം
എപ്പോഴണവിടം
നിരോധിതമാകുന്നതെന്നറിയില്ലല്ലോ?

സബർമതിവരെ പോകണം
ധ്യാനനിമഗ്നനാവണം
മഹാത്മാവിൻ പാദങ്ങളെ തിരയണം
ഭൂദാനക്കാരന്റെ കുടിലിൽ പൂക്കൾ വിതറണം
എപ്പോഴണവിടെ
പുതിയ പ്രതിമകൾ വരുന്നതെന്നറിയില്ലല്ലോ ?

കന്യാകുമാരിയിൽ പോകണം
ഉദയസ്തമനങ്ങൾ
കൺകുളിർക്കെ കാണണം
വിവേകാനന്ദപ്പാറയിലിരിക്കണം
എപ്പോഴാണ് സ്വാമികൾ
സഹോദരീ സഹോദരന്മാരെ എന്നതിനു പകരം എന്റെ മതക്കാരെയെന്നു
പറയുന്നതെന്നറിയില്ലല്ലോ !

അതുവഴി രാമേശ്വരം വരെ പോകണം
കലാമിന്റെ കിനാവുകൾക്ക് കാതോർക്കണം
എപ്പോഴണവിടം
ജാറമാകുന്നതെന്നറിയില്ലല്ലോ ?

ബോംബേ കാണണം
ഗോവയിൽ കുളിക്കണം
ജാലിയൻവാലാബാഗിൽ നമിക്കണം
കാപ്പാട് കടപ്പുറവും കാണണം
എപ്പോഴണവിടം
ചരിത്രമല്ലാതാകുതെന്നറിയില്ലല്ലോ ?

എരുമേലിയിൽ പോകണം
ശരണം വിളിച്ച് മലകയറണം
വാവർക്കവിടെയിപ്പോഴും
ഇടമുണ്ടോയെന്ന് തെരക്കണം !

എല്ലാ കാഴ്ചയും
എല്ലാ യാത്രയും ഉടനെ വേണം
എപ്പോഴാണവർ
കണ്ണു ചൂഴ്ന്നെടുക്കുന്നതെന്നറിയില്ലല്ലോ?

കണ്ണുണ്ടായിട്ടും കാണാത്തവർക്ക്
അതും ഇതും ഒന്നും ഒരു കാഴ്ചയല്ലല്ലോ ?
ആളിക്കത്തുക നാം തീയായി പടരുക നാം
തമസ്സൊഴിഞ്ഞു പോകട്ടെ!"

TAGS :

Next Story