സിപിഎം സമ്മേളനങ്ങള്‍ക്ക് നാളെ തുടക്കം

സിപിഎം സമ്മേളനങ്ങള്‍ക്ക് നാളെ തുടക്കം
നാളെ മുതല്‍ ഒക്ടോബര്‍15 വരെ പാര്‍ട്ടിയുടെ 31700 ബ്രാഞ്ചുകളില്‍ സമ്മേളനവും സംഘടന തെരഞ്ഞെടുപ്പും നടക്കും
ഇരുപത്തി രണ്ടാംപാര്‍ട്ടി കോണ്‍ഗ്രസിന് മുന്നോടിയായുളള സിപിഎം സമ്മേളനങ്ങള്‍ക്ക് നാളെ തുടക്കമാകും. നാളെ മുതല്‍ ഒക്ടോബര്‍ 15വരെ ബ്രാഞ്ച് സമ്മേളനങ്ങള്‍ നടക്കും. ഫെബ്രുവരിയിലാണ് സംസ്ഥാന സമ്മേളനം. വിഭാഗീയത ഒഴിവാക്കാനായുളള മാര്‍ഗരേഖ പാര്‍ട്ടി നേതൃത്വം കീഴ്ഘടകങ്ങള്‍ക്ക് നല്‍കിയിട്ടുണ്ട്.
നാളെ ആരംഭിക്കുന്ന ബ്രാഞ്ച് സമ്മേളനത്തോടെ സംഘടന തെരഞ്ഞെടുപ്പിലേക്ക് സിപിഎം കടക്കുകയാണ്. നാളെ മുതല്‍ ഒക്ടോബര്‍15 വരെ പാര്‍ട്ടിയുടെ 31700 ബ്രാഞ്ചുകളില്‍ സമ്മേളനവും സംഘടന തെരഞ്ഞെടുപ്പും നടക്കും. ഒക്ടോബര്‍ 15 മുതല്‍ നവംബര്‍ 15വരെ ലോക്കല്‍ സമ്മേളനങ്ങളും നവംബര്‍ 15 മുതല്‍ ഡിസംബര്‍ 15 വരെ ഏരിയ സമ്മേളനങ്ങളും നടത്തും.
ജില്ല സമ്മേളനങ്ങള്‍ ഡിസംബര്‍ 26ന് തുടങ്ങി ജനുവരി 21ന് അവസാനിക്കും. തൃശൂരില്‍ ഫെബ്രവരി 22 മുതല്‍ 25വരെയാണ് സംസ്ഥാന സമ്മേളനം. ഏപ്രിലില്‍ ഹൈദരാബാദില്‍ വെച്ചാണ് പാര്‍ട്ടി കോണ്‍ഗ്രസ്. മുന്‍വര്‍ഷങ്ങളില്‍ നിന്ന് വിഭിന്നമായി വലിയ വിഭാഗീയ പ്രശ്‌നങ്ങളില്ലാതെയാണ് സംഘടന തെരഞ്ഞെടുപ്പിലേക്ക് കടക്കുന്നതെന്ന ആശ്വാസം ഇത്തവണ സിപിഎം നേതൃത്വത്തിനുണ്ട്.വിഎസ് പക്ഷം ഏതാണ്ട് നാമവശേഷമായിക്കഴിഞ്ഞു.
ബഹു ഭൂരിഭാഗം ജില്ലാകമ്മറ്റികളിലും ഔദ്യോഗിക പക്ഷത്തിന് മൃഗീയ ആധിപത്യവുമുണ്ട്. എന്നാല്‍ ചില ജില്ലകളിലെങ്കിലും ഒറ്റപ്പെട്ട പ്രശ്‌നങ്ങള്‍ ഉളളത് നേതൃത്വം ഗൗരവമായാണ് കാണുന്നത്. ഇതിന്റെ അടിസ്ഥാനത്തില്‍ സമ്മേളനങ്ങളില്‍ വിഭാഗീയ പ്രശ്‌നങ്ങള്‍ തടയാനുളള മാര്‍ഗരേഖയും പാര്‍ട്ടിനേതൃത്വം കീഴ്ഘടകങ്ങള്‍ക്ക് നല്‍കിയിട്ടുണ്ട്. ബ്രാഞ്ച് മുതലുളള സമ്മേളനങ്ങളില്‍ പാര്‍ട്ടി ഉപരിഘടകം നിശ്ചയിക്കുന്ന പാനലിനെതിരെ മറ്റൊരു പാനല്‍ മത്സര രംഗത്തുണ്ടാകരുതെന്നാണ് മാര്‍ഗരേഖയിലെ പ്രധാന നിര്‍ദേശം. സമ്മേളന പ്രതിനിധികള്‍ക്ക് വേണമെങ്കില്‍ വ്യക്തിപരമായി മത്സരിക്കാം എന്നും മാര്‍ഗരേഖ വിശദീകരിക്കുന്നു. ദേശീയതലത്തില്‍ കോണ്‍ഗ്രസുമായുളള ബന്ധം മുതല്‍ സംസ്ഥാന സര്‍ക്കാറിന്റെ വിലയിരുത്തല്‍ വരെയുളള വിഷയങ്ങളും സമ്മേളനങ്ങളില്‍ ചര്‍ച്ചയാകും.
Adjust Story Font
16

