Quantcast

വിഭാഗീയത ഇല്ലാത്ത ജില്ലാ സമ്മേളനങ്ങള്‍ക്ക് ശേഷം സിപിഎം സംസ്ഥാന സമ്മേളനത്തിലേക്ക്

MediaOne Logo

Sithara

  • Published:

    16 May 2018 8:52 PM GMT

വിഭാഗീയത ഇല്ലാത്ത ജില്ലാ സമ്മേളനങ്ങള്‍ക്ക് ശേഷം സിപിഎം സംസ്ഥാന സമ്മേളനത്തിലേക്ക്
X

വിഭാഗീയത ഇല്ലാത്ത ജില്ലാ സമ്മേളനങ്ങള്‍ക്ക് ശേഷം സിപിഎം സംസ്ഥാന സമ്മേളനത്തിലേക്ക്

ഈ മാസം 22 മുതല്‍ 25 വരെ തൃശൂരിലാണ് സിപിഎം സംസ്ഥാന സമ്മേളനം നടക്കുന്നത്

കഴിഞ്ഞ കാലങ്ങളില്‍ പാര്‍ട്ടിയെ പിടിച്ചുലച്ച വിഭാഗീയത ഇല്ലാതെ ജില്ലാ സമ്മേളനങ്ങള്‍ പൂര്‍ത്തിയാക്കി സിപിഎം സംസ്ഥാന സമ്മേളനത്തിലേക്ക് കടക്കുന്നു. ഈ മാസം 22 മുതല്‍ 25 വരെ തൃശൂരിലാണ് സിപിഎം സംസ്ഥാന സമ്മേളനം നടക്കുന്നത്. കഴിഞ്ഞ സമ്മേളനത്തിന് ശേഷം അവശേഷിച്ച വിഭാഗീയതയുടെ അവസാന കണിക പോലും ഒഴിവാക്കാന്‍ കഴിഞ്ഞു എന്നാണ് സിപിഎം നേ‍തൃത്വത്തിന്‍റെ വിലയിരുത്തല്‍. സര്‍ക്കാരും പാര്‍ട്ടിയും ഒറ്റക്കെട്ടാണെന്ന പ്രതീതി ജനിപ്പിക്കാനും സമ്മേളനങ്ങളിലൂടെ നേതൃത്വത്തിനായി.

കാര്യമായ അസ്വാരസ്യങ്ങളില്ലാതെയാണ് ജില്ലാ സമ്മേളനങ്ങള്‍ പൂര്‍ത്തിയാക്കി സിപിഎം സംസ്ഥാന സമ്മേളനത്തിലേക്ക് കടക്കുന്നത്. മുഖ്യമന്ത്രിയായി രണ്ട് വര്‍ഷം പൂര്‍ത്തിയാകുമ്പോഴും പാര്‍ട്ടി സെക്രട്ടറി ആയിരുന്ന കാലയളവിലെ അതേ നിയന്ത്രണം പാര്‍ട്ടിയില്‍ പിണറായി വിജയന്‍ തുടരുന്ന കാഴ്ചയാണ് ജില്ലാസമ്മേളനങ്ങള്‍ അവസാനിക്കുമ്പോള്‍ കാണാന്‍ കഴിയുന്നത്. സര്‍ക്കാരിനെതിരെ കാര്യമായ അപസ്വരങ്ങള്‍ ജില്ലാസമ്മേളനങ്ങളില്‍ ഉയരാത്തത് പിണറായി വിജയന്റെ സ്വാധീനത്തിന്‍റേയും സ്വീകാര്യതയുടേയും തെളിവാണ്.

ഇടത് സര്‍ക്കാര്‍ അധികാരത്തിലുള്ളപ്പൊഴൊക്കെ ഭരണം എകെജി സെന്ററില്‍ നിന്നാണെന്ന വിമര്‍ശനം ഉയര്‍ന്നിരുന്നു. എന്നാല്‍ ഇപ്പോള്‍ അത്തരം ആരോപണങ്ങള്‍ക്കും ഇടമില്ല. ജില്ലാസമ്മേളനങ്ങളില്‍ സ്വാധീനം ഉറപ്പിക്കാനുള്ള ബോധപൂര്‍വമായ ശ്രമങ്ങള്‍ കോടിയേരി ബാലകൃഷ്ണന്റെ ഭാഗത്തുനിന്ന് ഉണ്ടായതുമില്ല. വി എസ് ഫാക്ടര്‍ സംസ്ഥാന സിപിഎമ്മില്‍ ഇല്ലാതായി. മൂന്ന് പൊളിറ്റ് ബ്യൂറോ അംഗങ്ങള്‍ സംസ്ഥാനത്തു നിന്നുണ്ടെങ്കിലും സമ്മേളനങ്ങളുടെ പൂര്‍ണ നിയന്ത്രണം പിണറായിക്കും കോടിയേരിക്കുമായിരുന്നു.
സ്വന്തം ജില്ലയായ കൊല്ലത്തു പോലും എം എ ബേബിക്ക് റോളുണ്ടായില്ല. മുഖ്യ രാഷ്ട്രീയ ശത്രു ബിജെപിയെന്ന് ആവര്‍ത്തിക്കുമ്പോഴും കോണ്‍ഗ്രസുമായി തെരഞ്ഞെടുപ്പ് സഖ്യം പാടില്ലെന്ന പ്രകാശ് കാരാട്ട് ലൈനിനൊപ്പമാണ് സംസ്ഥാന പാര്‍ട്ടിയെന്ന് ആവര്‍ത്തിച്ചുറപ്പിക്കാന്‍ സമ്മേളനത്തെ നേതാക്കള്‍ ഉപയോഗപ്പെടുത്തി.

മൂന്നു ജില്ലകളിലാണ് പുതിയ സെക്രട്ടറിമാരെത്തിയത്. മലപ്പുറത്ത് ഇ എം മോഹന്‍ദാസും വയനാട്ടില്‍ പി ഗഗാറിനും കാസര്‍ഗോട്ട് എം വി ബാലകൃഷ്ണനുമാണ് ജില്ലാ സെക്രട്ടറിമാര്‍. യുവാക്കള്‍ക്കും വനിതള്‍ക്കും കമ്മിറ്റികളില്‍ പ്രത്യേക പരിഗണന നല്‍കുമെന്ന് അവകാശപ്പെട്ടെങ്കിലും വനിതകളുടെ കാര്യത്തില്‍ ഇതുണ്ടായില്ലെന്ന് ജില്ലാ കമ്മിറ്റി തെരഞ്ഞെടുപ്പുകള്‍ വ്യക്തമാക്കുന്നുണ്ട്. എന്നാല്‍, മിക്ക ജില്ലകളിലും യുവപ്രാതിനിധ്യം ഉറപ്പിക്കാന്‍ പ്രായമായവരെ ഒഴിവാക്കി.

ഡിവൈഎഫ്‌ഐയുടെ എല്ലാ ജില്ലാ സെക്രട്ടറിമാരും അതത് ജില്ലാ കമ്മിറ്റികളിലെത്തി. എസ്എഫ്‌ഐ സംസ്ഥാന സെക്രട്ടറിക്കും പ്രസിഡന്റിനും ജില്ലാ കമ്മിറ്റികളില്‍ അംഗത്വം ലഭിച്ചു. സംസ്ഥാന കമ്മിറ്റി തെരഞ്ഞെടുപ്പിലും ഈ മാതൃക പിന്തുടരാനാണ് സാധ്യത.

TAGS :

Next Story