Quantcast

മെഡിക്കല്‍ പ്രവേശം: ഫീസ് ഏകീകരിക്കില്ലെന്ന് സര്‍ക്കാര്‍

MediaOne Logo

Subin

  • Published:

    19 May 2018 2:27 PM GMT

മെഡിക്കല്‍ പ്രവേശം: ഫീസ് ഏകീകരിക്കില്ലെന്ന് സര്‍ക്കാര്‍
X

മെഡിക്കല്‍ പ്രവേശം: ഫീസ് ഏകീകരിക്കില്ലെന്ന് സര്‍ക്കാര്‍

സ്വാശ്രയ ദന്തല്‍ കോളജ് അസോസിയേഷനുമായി ഉണ്ടാക്കിയ ഏകീകൃത ഫീസ് കരാറില്‍ നിന്ന് സര്‍ക്കാര്‍ പിന്മാറി...

സ്വാശ്രയ ദന്തല്‍ കോളജ് അസോസിയേഷനുമായി ഉണ്ടാക്കിയ ഏകീകൃത ഫീസ് കരാറില്‍ നിന്ന് സര്‍ക്കാര്‍ പിന്മാറി. സ്വാശ്രയ കോളജുകളില്‍ ഫീസ് ഏകീകരിക്കില്ലെന്ന് ആരോഗ്യമന്ത്രി കെകെ ശൈലജ ടീച്ചര്‍ പ്രസ്താവനയില്‍ അറിയിച്ചു. അതിനിടെ സര്‍ക്കാര്‍ ഏറ്റെടുത്ത സ്വകാര്യ കോളജുകളിലെ മെഡിക്കല്‍ സീറ്റുകളിലെ പ്രവേശ മാനദണ്ഡങ്ങള്‍ വിശദീകരിച്ച് ആരോഗ്യ വകുപ്പ് പുതിയ ഉത്തരവിറക്കി. കഴിഞ്ഞ വര്‍ഷത്തെ കരാറനുസരിച്ച് ക്രിസ്ത്യന്‍ മാനേജ്‌മെന്റുകള്‍ക്ക് ഏകീകൃത ഫീസ് അനുവദിച്ചാണ് സര്‍ക്കാര്‍ പുതിയ ഉത്തരവ് ഇറക്കിയിരിക്കുന്നത്‌.

സ്വാശ്രയ സ്ഥാപനങ്ങളിലെ പകുതി സീറ്റില്‍ സംസ്ഥാന റാങ്ക് പട്ടികയില്‍ നിന്നും ബാക്കി പകുതി സീറ്റില്‍ നീറ്റില്‍ നിന്നും പ്രവേശം നടത്തും. ഇതിനായി കമ്മീഷണര്‍ പ്രത്യേക റാങ്ക് പട്ടിക തയ്യാറാക്കും. ന്യൂനപക്ഷ പദവിയുള്ള സ്ഥാപനങ്ങളിലെ സാമുദായിക ക്വാട്ടയിലെ പ്രവേശവും ഈ പട്ടികയില്‍ നിന്ന് പ്രവേശ കമ്മീഷണര്‍ തയ്യാറാക്കും. നൂറില്‍ 15 സീറ്റുകള്‍ അതത് സാമുദായങ്ങള്‍ക്കായിരിക്കും. ഇതും മെറിറ്റ് അടിസ്ഥാനത്തില്‍ സംസ്ഥാന റാങ്ക് പട്ടികയില്‍ നിന്നാകും എടുക്കും.

സമുദായം തെളിയിക്കുന്നതിനാവശ്യമായ രേഖകളുടെ വിശദാംശങ്ങള്‍ ന്യൂനപക്ഷ പദവിയുള്ള സ്ഥാപനങ്ങള്‍ ഈ മാസം 2ന് മുമ്പായി പ്രവേശ കമ്മീഷണറെ അറിയിക്കണം. കൃസ്ത്യന്‍ മെഡിക്കല്‍ കോളജുകളുമായി കഴിഞ്ഞ വര്‍ഷം ഉണ്ടാക്കിയ കരാറിലെ ഫീസ് ഘടന, സാമുദായിക ക്വാട്ട, സ്‌കോളര്‍ഷിപ്പ് എന്നിവ ഈ ഉത്തരവിലും വ്യവസ്ഥ ചെയ്യുന്നു. അതേസമയം മറ്റ് മാനേജ്‌മെന്റുകളുമായും കല്‍പിത സര്‍വകലാശാലയുമായും ഏത് തരം ഫീസ് ഘടന പാലിക്കുമെന്ന കാര്യം ഉത്തരവില്‍ പറയുന്നില്ല. ഇക്കാര്യത്തില്‍ വിദ്യാര്‍ഥികള്‍ക്ക് പിന്നീട് നിര്‍ദേശം ലഭിക്കുമെന്നാണ് ഉത്തരവിലുളളത്. കേരളത്തിന് പുറത്ത് നിന്നുള്ള വിദ്യാര്‍ഥികളെ പ്രവേശിപ്പിക്കുന്ന കാര്യത്തില്‍ സംസ്ഥാന പ്രവേശ കമ്മീഷണറുടെ പ്രോസ്‌പെക്ടസിലെ ആറാം ക്ലോസ് അനുസരിച്ച് നടത്തുമെന്നാണ് ഉത്തരവ് പറയുന്നത്.

TAGS :

Next Story