Quantcast

മുഖ്യമന്ത്രിയെ ഔദ്യോഗിക വാഹനത്തില്‍ കയറ്റാതെ മത്സ്യതൊഴിലാളികളുടെ പ്രതിഷേധം

MediaOne Logo

Subin

  • Published:

    21 May 2018 5:50 AM IST

മൂന്ന് മിനുറ്റോളം ഔദ്യോഗിക വാഹനത്തില്‍ കയറാനാകാതെ മുഖ്യമന്ത്രി നിന്നു. ഒടുവില്‍ ഏറെ പണിപ്പെട്ട് സമീപത്തുണ്ടായിരുന്ന മന്ത്രി കടകംപള്ളി സുരേന്ദ്രന്റെ ഔദ്യോഗിക വാഹനത്തില്‍ കയറ്റിയാണ് പൊലീസ് മുഖ്യമന്ത്രിയെ പുറത്തെത്തിച്ചത്...

വിഴിഞ്ഞത്ത് മുഖ്യമന്ത്രി പിണറായിവിജയന് നേരെ മത്സ്യതൊഴിലാളികളുടെ പ്രതിഷേധം. മുഖ്യമന്ത്രിയെ ഔദ്യോഗിക വാഹനത്തില്‍ കയറാന്‍ അനുവദിച്ചില്ല. ഓഖി ചുഴലിക്കാറ്റ് ദുരന്തത്തിനെ തുടര്‍ന്ന് ആദ്യമായാണ് മുഖ്യമന്ത്രി പ്രദേശത്തെത്തിയത്. പൊലീസ് ഏറെ പണിപെട്ടാണ് മുഖ്യമന്ത്രിയെ മന്ത്രി കടകംപള്ളി സുരേന്ദ്രന്റെ വാഹനത്തില്‍ കയറ്റി പുറത്തെത്തിച്ചത്.

മുഖ്യമന്ത്രിയുടെ സന്ദര്‍ശനത്തെ തുടര്‍ന്ന് വിഴിഞ്ഞത്ത് കനത്ത സുരക്ഷയാണ് ഒരുക്കിയിരുന്നത്. മുഖ്യമന്ത്രി വരുന്നതറിഞ്ഞ് ആയിരക്കണക്കിന് പേരാണ് ഒത്തുകൂടിയിരുന്നത്. പിണറായി വിജയന്‍ എത്തുന്നതിന് അല്‍പം മുമ്പാണ് നാല് മത്സ്യതൊഴിലാളികളുടെ മൃതദേഹങ്ങള്‍ വിഴിഞ്ഞത്തെത്തിച്ചത്. ഇത് ജനങ്ങളുടെ രോക്ഷം വര്‍ധിപ്പിച്ചു. വിഴിഞ്ഞത്തെ പള്ളിയില്‍ വെച്ച് മുഖ്യമന്ത്രി ജനങ്ങളുമായി സംസാരിക്കാന്‍ ശ്രമിച്ചു. എന്നാല്‍ വൈകാരികമായി ജനങ്ങള്‍ പ്രതികരിച്ചതോടെ മുഖ്യമന്ത്രിയുടെ വാക്കുകള്‍ ബഹളങ്ങളില്‍ മുങ്ങിപ്പോവുകയായിരുന്നു.

ജനങ്ങള്‍ക്കൊപ്പം സര്‍ക്കാരുണ്ടെന്നും ആവശ്യമായ നടപടികള്‍ സ്വീകരിക്കുമെന്നും മുഖ്യമന്ത്രി പറഞ്ഞു. ചുരുങ്ങിയ വാക്കുകളില്‍ ജനങ്ങളെ സര്‍ക്കാരിന്റെ ഭാഗം ബോധ്യപ്പെടുത്താന്‍ മുഖ്യമന്ത്രി ശ്രമിച്ചെങ്കിലും അതിന് കഴിഞ്ഞില്ല. തുടര്‍ന്ന് ഔദ്യോഗിക വാഹനത്തിലേക്ക് കയറാന്‍ ശ്രമിച്ച മുഖ്യമന്ത്രിയെ ജനക്കൂട്ടം തടഞ്ഞുവെക്കുകയായിരുന്നു. മുഖ്യമന്ത്രിയുടെ വാഹനത്തിന്റെ ചില്ലുകളില്‍ അടിച്ച് ജനങ്ങള്‍ പ്രതിഷേധിക്കുകയും ചെയ്തു. മൂന്ന് മിനുറ്റോളം ഔദ്യോഗിക വാഹനത്തില്‍ കയറാനാകാതെ മുഖ്യമന്ത്രി നിന്നു. ഒടുവില്‍ ഏറെ പണിപ്പെട്ട് സമീപത്തുണ്ടായിരുന്ന മന്ത്രി കടകംപള്ളി സുരേന്ദ്രന്റെ ഔദ്യോഗിക വാഹനത്തില്‍ കയറ്റിയാണ് പൊലീസ് മുഖ്യമന്ത്രിയെ പുറത്തെത്തിച്ചത്.

TAGS :

Next Story