എല്‍ഡിഎഫിലേക്കെങ്കില്‍ ഒപ്പമുണ്ടാകില്ലെന്ന് മാണിയോട് ജോസഫ് വിഭാഗം

എല്‍ഡിഎഫിലേക്കെങ്കില്‍ ഒപ്പമുണ്ടാകില്ലെന്ന് മാണിയോട് ജോസഫ് വിഭാഗം
മാണിയെ വിട്ട് വേഗം പുറത്തുവരാന്‍ ജോസഫ് വിഭാഗത്തോട് കോണ്‍ഗ്രസ്
കെ എം മാണി എല്‍ഡിഎഫിലേക്ക് പോയാല്‍ ഒപ്പമുണ്ടാകില്ലെന്ന് അടുത്ത പാര്‍ട്ടി യോഗത്തില്‍ പി ജെ ജോസഫിനെ അനുകൂലിക്കുന്നവര്‍ വ്യക്തമാക്കും. ഉടന്‍ ഉന്നതതാധികാര സമിതി വിളിച്ച് കൂട്ടണമെന്ന ആവശ്യം പാര്‍ട്ടി ജനറല്‍ സെക്രട്ടറി ജോയി എബ്രഹാമിനെ അറിയിക്കാനും ജോസഫിനൊപ്പമുള്ളവര്‍ തീരുമാനിച്ചിട്ടുണ്ട്. അതേസമയം ഇ ജെ അഗസ്തിയോട് രാജി പിന്‍വലിക്കാന്‍ കെ എം മാണി ആവശ്യപ്പെട്ടു.
യുഡിഎഫിനെതിരായ കടുത്ത നിലപാടില്‍ നിന്ന് കെ എം മാണി കുറച്ച് പിന്നോട്ട് പോയെങ്കിലും ഇത് സംബന്ധിച്ച ചര്‍ച്ചകള്‍ അവസാനിപ്പിക്കേണ്ടതില്ലെന്ന അഭിപ്രായത്തിലാണ് പി ജെ ജോസഫിനൊപ്പമുള്ളവര്‍. മാണി എല്‍ഡിഎഫിലേക്ക് പോവുകയാണങ്കില്‍ ഒപ്പമുണ്ടാകില്ലെന്ന കാര്യം പാര്‍ട്ടി യോഗത്തില്‍ അറിയിക്കാനാണ് തീരുമാനം. കെ എം മാണിയും, ജോസ് കെ മാണിയും ചേര്‍ന്ന് ചരല്‍ക്കുന്ന് ക്യാമ്പിലെ തീരുമാനം അട്ടിമറിക്കുകയാണെന്ന വികാരം മാണിക്കൊപ്പം നില്‍ക്കുന്നവര്‍ക്കും ഉണ്ട്. ഈ സാഹചര്യം പരമാവധി മുതലെടുത്ത് മാണിയോട് എതിര്‍പ്പുള്ളവരെ കൂടെ കൂട്ടാന്‍ പി ജെ ജോസഫിന്റെ നിര്‍ദ്ദേശ പ്രകാരം മോന്‍സ് ജോസഫിന്റെ നേത്യത്വത്തില്‍ ശ്രമം തുടങ്ങുകയും ചെയ്തു. ഇതിന് കോണ്‍ഗ്രസ് നേത്യത്വത്തിന്റെ സഹായവും ഉണ്ട്.
വേഗം പുറത്ത് വരാനാണ് കോണ്‍ഗ്രസ്, ജോസഫിനൊപ്പം നില്‍ക്കുന്നവരോട് ആവശ്യപ്പെടുന്നത്. എന്നാല്‍ മാണി എല്‍ഡിഎഫിലേക്ക് പോകാത്തിടത്തോളം കാലം കേരള കോണ്‍ഗ്രസ് എം വിട്ട് പുറത്ത് വരില്ലന്ന് കോണ്‍ഗ്രസ് നേത്യത്വത്തെ ജോസഫും അറിയിച്ചു. എം.എല്‍എമാര്‍ അടക്കമുള്ള മാണിക്കൊപ്പം നില്‍ക്കുന്ന നേതാക്കളുമായി കെ സി ജോസഫും, തിരുവഞ്ചൂരും സംസാരിച്ചിട്ടുണ്ടെന്നാണ് വിവരം. പക്ഷെ മാണി എല്‍ഡിഎഫില്‍ പോകാന്‍ തീരുമാനിച്ചാല്‍ മാത്രം തുടര്‍ ചര്‍ച്ച മതിയെന്ന നിലപാടാണ് ഇവരും സ്വീകരിച്ചത്. മുന്‍ നിലപാടില്‍ അയവ് വരുത്തിയതിനാല്‍ പ്രശ്നങ്ങളെല്ലാം അവസാനിച്ചെന്ന കണക്കൂട്ടലിലാണ് കെ.എം മാണി. ഇതേത്തുടര്‍ന്നാണ് കോട്ടയം ജില്ലാ പ്രസിഡന്റ് സ്ഥാനം രാജിവെച്ച ഇജെ അഗസ്തിയോട് രാജി പിന്‍വലിക്കാന്‍ കെ എം മാണി ആവശ്യപ്പെട്ടത്.
അതേസമയം, കോട്ടയത്ത് ഇന്ന് ജില്ലാ കോണ്‍ഗ്രസ് നേതൃത്വത്തിന്റെ അടിയന്തര യോഗം ചേരുന്നുണ്ട്. കോട്ടയം ജില്ലാ പഞ്ചായത്തില്‍ സിപിഎമ്മുമായി കേരള കോണ്‍ഗ്രസ് ധാരണയില്‍ എത്തിയ സാഹചര്യത്തിലാണ് യോഗം. കേരള കോണ്‍ഗ്രസ് നടത്തിയ രാഷ്ട്രീയ വഞ്ചനയ്ക്കെതിരെ ശക്തമായ നിലപാടുകള്‍ യോഗത്തില്‍ കൈക്കൊണ്ടേക്കുമെന്നാണ് സൂചന. പ്രത്യേക സാഹചര്യം കണക്കിലെടുത്ത് മുന്‍മുഖ്യമന്ത്രി ഉമ്മന്‍ ചാണ്ടി, തിരുവഞ്ചൂര്‍ രാധാകൃഷ്ണന്‍, തുടങ്ങിയ മുതിര്‍ന്ന നേതാക്കള്‍ എല്ലാം യോഗത്തില്‍ പങ്കെടുക്കും.
ഉമ്മന്‍ചാണ്ടി അടക്കം കോണ്‍ഗ്രസിലെ മുതിര്‍ന്ന നേതാക്കളുള്ള ജില്ലയില്‍ തന്നെ ഇത്തരത്തില്‍ ഒരു നിലപാട് കേരള കോണ്‍ഗ്രസ് എം
സ്വീകരിച്ചതിനെതിരെ ശക്തമായ പ്രതിഷേധം ജില്ലാ നേതൃത്വത്തിന് ഉണ്ട്. ഈ സാഹചര്യത്തിലാണ് അടിയന്തര നേതൃയോഗം ചേരാന്‍
കോണ്‍ഗ്രസ് തീരുമാനിച്ചത്. ജില്ലാ പഞ്ചായത്തിലടക്കമുള്ള തദ്ദേശ സ്വയം ഭരണ സ്ഥാപനങ്ങളില്‍ സ്വീകരിക്കേണ്ട നിലപാടുകള്‍ യോഗം
ചര്‍ച്ച ചെയ്യും. ജില്ലാ പഞ്ചായത്തില്‍ അവിശ്വാസം കൊണ്ടുവരുന്ന കാര്യവും പരിശോധിക്കുന്നുണ്ട്. ഒപ്പം നിലവില്‍ കേരള കോണ്‍ഗ്രസ്
എമ്മിലെ ഭിന്നത മുതലെടുക്കാനുള്ള കരുനീക്കങ്ങളും യോഗത്തില്‍ ചര്‍ച്ചയാകും.
മൂന്ന് മണിക്ക് ഡിസിസി ഹാളില്‍ നടക്കുന്ന യോഗത്തില്‍ ഉമ്മന്‍ ചാണ്ടി, തിരുവഞ്ചൂര്‍ രാധാകൃഷ്ണന്‍, കെ സി ജോസഫ്, ആന്റോ ആന്റണി എന്നിങ്ങനെ ജില്ലയിലെ എല്ലാ നേതാക്കളും പങ്കെടുക്കുന്നുണ്ട്. ആദ്യ ദിവസം കെ എം മാണി എടുത്ത നിലപാട് ഇന്നലെ മയപ്പെടുത്തിയെങ്കിലും. ജോസ് മാണിയും കെ എം മാണിയും യുഡിഎഫിലേക്ക് തിരികെ വരാന്‍ അനുവദിക്കില്ലെന്നാണ് ജില്ല കോണ്‍ഗ്രസ് നേതൃത്വം പറയുന്നത്. ആയതിനാല്‍ മറ്റ് നേതാക്കളുടെ കാര്യത്തില്‍ സ്വീകരിക്കേണ്ട നിലപാടുകളും യോഗം ചര്‍ച്ച ചെയ്യും. കോട്ടയത്തിന്റെ ചുമതലയുള്ള ശൂരനാട് രാജശേഖരനും യോഗത്തില്‍ പങ്കെടുക്കും.
Adjust Story Font
16

