ജെഡിയു യുഡിഎഫ് വിട്ട് എല്‍ഡിഎഫിലേക്ക്

ജെഡിയു യുഡിഎഫ് വിട്ട് എല്‍ഡിഎഫിലേക്ക്
എല്‍ഡിഎഫിന്റെ ഭാഗമാകാന്‍ ജെഡിയു സംസ്ഥാന സെക്രട്ടറിയേറ്റില്‍ ധാരണയായി.
മുന്നണി മാറ്റത്തിന് ജെഡിയു സംസ്ഥാന സെക്രട്ടറിയേറ്റിന്‍റെ അംഗീകാരം. സംസ്ഥാന പ്രസിഡന്‍റ് വീരേന്ദ്രകുമാറിന്‍റെ നിലപാടിനെ 14 ജില്ലാ പ്രസിഡന്‍റുമാരും സംസ്ഥാന ഭാരവാഹികളും പിന്തുണച്ചു. കെ പി മോഹനനും മുന്നണി മാറ്റത്തിന് പിന്തുണ പ്രഖ്യാപിച്ചു. എതിരഭിപ്രായം അവതരിപ്പിക്കാന്‍ അനുവദിച്ചില്ലെന്ന് ആരോപിച്ച് സംസ്ഥാന സെക്രട്ടറി ജോണ്‍ ജോണ്‍ ഭാരവാഹിത്വം രാജിവെച്ചു. പാര്‍ട്ടി ദേശീയ തലത്തില്‍ ശരത് യാദവ് വിഭാഗത്തിനൊപ്പം നില്‍ക്കാനും തീരുമാനിച്ചു.
രാവിലെ തിരുവനന്തപുരത്ത് ചേര്‍ന്ന സംസ്ഥാന സെക്രട്ടറിയേറ്റില്‍ സംസ്ഥാന പ്രസിഡന്‍റ് വീരേന്ദ്രകുമാറാണ് രാഷ്ട്രീയ നയത്തില്‍ നിലപാട് അറിച്ചത്. ശരത് യാദവുമായും സിപിഎം നേതാക്കളുമായും നടത്തിയ ചര്‍ച്ചയുടെ അടിസ്ഥാനത്തില്‍ ഇടത് മുന്നണിയിലേക്ക് മാറാനുള്ള സമയമാണിതെന്ന് വീരേന്ദ്രകുമാര്‍ പറഞ്ഞു. ഇടത് മുന്നണിയുമായുള്ള ധാരണ പൂര്‍ണമായി പങ്കുവെച്ചില്ലെങ്കിലും അര്‍ഹമായ പ്രാതിനിധ്യം പാര്‍ട്ടിക്ക് എല്ലാ തലങ്ങളിലും കിട്ടുമെന്ന ഉറപ്പും വീരേന്ദ്ര കുമാര്‍ നല്‍കി. തുടര്‍ന്ന് സംസാരിച്ച സംസ്ഥാന നേതാക്കളും ജില്ലാ പ്രസിഡന്‍റുമാരും തീരുമാനത്തെ പിന്തുണച്ചു. മുന്നണിമാറ്റത്തെ അനുകൂലിക്കാതിരുന്ന കെ പി മോഹനനനും മനയത്ത് ചന്ദ്രനും വീരേന്ദ്രകുമാറിന്‍റെ നിലപാടിനൊപ്പം നിന്നു.
നാളത്തെ സംസ്ഥാന കൌണ്‍സില്‍ യോഗത്തിന് ശേഷമാകും ഔദ്യോഗിക പ്രഖ്യാപനമുണ്ടാവുക. വീരേന്ദ്രകുമാറിന്‍റെ നിലപാടില്‍ അഭിപ്രായ വ്യത്യാസം പ്രകടിപ്പിച്ച സംസ്ഥാന സെക്രട്ടറി ജോണ്‍ ജോണ്‍ ഭാരവാഹിത്വം രാജിവെച്ചു. ജോണിന്‍റെ തീരുമാനം വലിയ ചലനമുണ്ടാക്കില്ലെന്നാണ് നേതൃത്വത്തിന്‍റെ വിലയിരുത്തല്‍. ദേശീയ തലത്തില്‍ ശരത് യാദവ് നേതൃത്വം നല്‍കുന്ന പാര്‍ട്ടിക്കൊപ്പം നില്‍ക്കാനും സംസ്ഥാന സെക്രട്ടറിയേറ്റില്‍ തീരുമാനമായി.
Adjust Story Font
16

