നിലമ്പൂര്‍ നഞ്ചന്‍കോട് റെയില്‍ പാതയ്ക്കുള്ള പദ്ധതി അട്ടിമറിക്കപ്പെടുന്നു

നിലമ്പൂര്‍ നഞ്ചന്‍കോട് റെയില്‍ പാതയ്ക്കുള്ള പദ്ധതി അട്ടിമറിക്കപ്പെടുന്നു
ഡിഎംആര്‍സി. തലശ്ശേരി മൈസൂരു പാതയ്ക്ക് വേണ്ടിയാണ് നിലമ്പൂര്‍ നഞ്ചന്‍കോട് പാതയെ തഴയുന്നതെന്നാണ് ആരോപണം.
സംയുക്ത സംരംഭ പദ്ധതിയില്‍ ഉള്‍പ്പെടുത്തിയ നിലമ്പൂര്‍ നഞ്ചന്‍കോട് റെയില്‍ പാതയ്ക്കുള്ള പദ്ധതി അട്ടിമറിക്കപ്പെടുന്നതായി ആരോപണം. സര്‍വെ നടപടികളോട് സംസ്ഥാനസര്‍ക്കാര്‍ അനുകൂല നിലപാട് സ്വീകരിക്കാത്തതിനെത്തുടര്‍ന്ന് പദ്ധതിയില്‍ നിന്ന് പിന്മാറാനൊരുങ്ങുകയാണ് ഡിഎംആര്‍സി. തലശ്ശേരി മൈസൂരു പാതയ്ക്ക് വേണ്ടിയാണ് നിലമ്പൂര്‍ നഞ്ചന്‍കോട് പാതയെ തഴയുന്നതെന്നാണ് ആരോപണം.
സംയുക്ത സംരംഭ റെയില്‍ പദ്ധതികളില്‍ മുന്‍ഗണനാക്രമത്തില്‍ മൂന്നാംസ്ഥാനത്തായിരുന്നു നിലമ്പൂര്‍ നഞ്ചന്‍കോട് പാത. എട്ട് പദ്ധതികളെ രണ്ടായി തിരിച്ചതില്‍ ആദ്യഘട്ടത്തിലും. എന്നാല്‍ പാതയെ രണ്ടാംഘട്ടത്തിലേക്ക് തരംതാഴ്ത്തിയിരിക്കുകയാണ് കേരള റെയില്‍വികസന കോര്‍പ്പറേഷന്‍. ചുമതലയെടുത്ത് ഒരുവര്‍ഷമായിട്ടും ഡിപിആറിന് അവശ്യമായ ഫണ്ടിന്റെ ആദ്യ ഗഡു പോലും ഡിഎംആര്‍സിക്ക് നല്‍കിയിട്ടില്ല. പാതയ്ക്ക് കര്‍ണാടകം അനുമതി നല്‍കാത്തതിനാല്‍ ഡിഎംആര്‍സിക്ക് പണം കൈമാറാനാവില്ലെന്ന നിലപാടിലാണ് കേരള സര്‍ക്കാര്‍. എന്നാല്‍ കര്‍ണാടകം അനുമതി നല്‍കുന്നില്ലെന്ന കേരളത്തിന്റെ വാദത്തെ റെയില്‍വെ ആക്ഷന്‍ കമ്മിറ്റി എതിര്‍ക്കുന്നു.
കണ്ണൂരില്‍ നിന്നുള്ള ഭരണകക്ഷി നേതാക്കളും വ്യവസായികളും അടങ്ങുന്ന ലോബിയാണ് അട്ടിമറിക്ക് പിന്നിലെന്നാണ് ആരോപണം. മുന്പ് പരിഗണനയിലില്ലാതിരുന്ന തലശ്ശേരിമൈസൂരു പാത ആദ്യഘട്ടത്തില്‍ ഇടം നേടിയതും നിലമ്പൂര്‍ നഞ്ചന്‍കോട് പാത തരംതാഴ്ത്തപ്പെട്ടതും ആരോപണങ്ങള്‍ക്ക് ബലമേകുന്നു. തലശ്ശേരി മൈസൂരു പാത ലാഭകരമാകില്ലെന്ന് ഡിഎംആര്‍സി നേരത്തെ മുന്നറിയിപ്പ് നല്‍കിയിരുന്നു. കേരളം സമര്‍പ്പിച്ച പദ്ധതികളില്‍ നിലമ്പൂര്‍ നഞ്ചന്‍കോട് പാതയ്ക്ക് മാത്രമായിരുന്നു കേന്ദ്രവിഹിതം അനുവദിച്ചത്. പദ്ധതിച്ചെലവിന്റെ പകുതി തുക അനുവദിച്ച് കേന്ദ്രസര്‍ക്കാര്‍ കഴിഞ്ഞ ജൂലൈയില്‍ ഉത്തരവും പുറപ്പെടുവിച്ചു.
Adjust Story Font
16

