കെഎസ്ആര്‍ടിസിയെ ഇനി സഹായിക്കാനാകില്ലെന്ന് സര്‍ക്കാര്‍; തൊഴിലാളി സംഘടനകള്‍ക്ക് പ്രതിഷേധം

കെഎസ്ആര്‍ടിസിയെ ഇനി സഹായിക്കാനാകില്ലെന്ന് സര്‍ക്കാര്‍; തൊഴിലാളി സംഘടനകള്‍ക്ക് പ്രതിഷേധം
സര്‍ക്കാരിന്‍റേത് ഇടതുപക്ഷ നിലപാടല്ലെന്നും കെഎസ്ആര്‍ടിസിയെ സ്വകാര്യവത്കരിക്കുന്നതിന്റെ മുന്നോടിയാണ് ഇത്തരമൊരു നിലപാടെന്നും എഐടിയുസി
കെഎസ്ആര്‍ടിസിയെ ഇനി സാമ്പത്തികമായി സഹായിക്കാനാകില്ലെന്ന സര്‍ക്കാര്‍ നിലപാടിനെതിരെ തൊഴിലാളി സംഘടനകള്‍. ഇത് സംബന്ധിച്ച് ഹൈക്കോടതിയില്‍ സര്‍ക്കാര്‍ സമര്‍പ്പിച്ച സത്യവാങ്മൂലം പിന്‍വലിക്കണമെന്ന് എഐടിയുസി ആവശ്യപ്പെട്ടു. സര്‍ക്കാരിന്‍റേത് ഇടതുപക്ഷ നിലപാടല്ലെന്നും കെഎസ്ആര്‍ടിസിയെ സ്വകാര്യവത്കരിക്കുന്നതിന്റെ മുന്നോടിയാണ് ഇത്തരമൊരു നിലപാടെന്നും അവര്‍ പറയുന്നു.
കെഎസ്ആര്‍ടിസിയെ സഹായിക്കാനാകുന്നതിന്റെ പരമാവധി സഹായിച്ചിട്ടുണ്ടെന്നും ഇനി സാധ്യമല്ലെന്നുമാണ് ഹൈക്കോടതിയില്‍ സര്‍ക്കാര്‍ നല്‍കിയ സത്യവാങ്മൂലം. പെന്‍ഷന്‍ ബാധ്യത ഏറ്റെടുക്കില്ലെന്നും സര്‍ക്കാര്‍ വ്യക്തമാക്കി. ഇതോടെ അഞ്ച് മാസമായി പെന്‍ഷന്‍ കിട്ടാത്ത വിരമിച്ച ജീവനക്കാരും ശമ്പളം സമയത്ത് കിട്ടാത്ത നിലവിലെ ജീവനക്കാരും കടുത്ത അരക്ഷിതാവസ്ഥയിലായി. വിഷയത്തില്‍ ഭരണകക്ഷിയായ സിപിഐയുടെ തൊഴിലാളി യൂണിയന്‍ തന്നെ സര്‍ക്കാരിനെതിരെ പരസ്യമായി രംഗത്തുവന്നു. കഴിഞ്ഞ ദിവസം സംസ്ഥാന വ്യാപകമായി പന്തം കൊളുത്തി പ്രകടനം വരെ നടത്തി.
സര്‍ക്കാരിന്റേത് നയപരമായ നിലപാട് മാത്രമാണെന്നാണ് സിഐടിയുവിന്റെ പക്ഷം. കഴിഞ്ഞ ദിവസം 70 കോടി അനുവദിച്ചത് പോലെ വായ്പ ലഭ്യമാക്കിയും മറ്റും ഇപ്പോഴും കെഎസ്ആര്‍ടിസിയെ സര്‍ക്കാര്‍ സഹായിക്കുന്നുണ്ടെന്നും അവര്‍ ചൂണ്ടിക്കാട്ടുന്നു. ഏതായാലും കെഎസ്ആര്‍ടിസിയെ ലാഭത്തിലാക്കുമെന്ന് പ്രഖ്യാപിച്ച് അധികാരത്തിലെത്തിയ എല്‍ഡിഎഫ് സര്‍ക്കാറിന് രണ്ട് വര്‍ഷമായിട്ടും ഒന്നും ശരിയാക്കാനായില്ലെന്ന തുറന്നുപറച്ചിലായി ഹൈക്കോടതി സത്യവാങ്മൂലത്തെ കാണാം.
Adjust Story Font
16

