കള്ളനോട്ട് കേസിലെ പ്രതികള്‍ നേതാക്കള്‍ക്കൊപ്പം, വെട്ടിലായി ബിജെപി

കള്ളനോട്ട് കേസിലെ പ്രതികള്‍ നേതാക്കള്‍ക്കൊപ്പം, വെട്ടിലായി ബിജെപി
സംഭവത്തില്‍ ബിജെപി നേതാക്കളുടെ പങ്ക് അന്വേഷിക്കണമെന്നാവശ്യപ്പെട്ട് സിപിഎം രംഗത്തെത്തി.
കള്ളപ്പണത്തിനെതിരെ പ്രചരണത്തിനിറങ്ങിയ യുവമോര്‍ച്ച നേതാവ് കള്ളനോട്ട് അടിച്ച കേസില്‍ പിടിയിലായത് ബിജെപിയെ വെട്ടിലാക്കുന്നു. തൃശൂര്‍ കയ്പ്പമംഗലം ഒബിസി മോര്‍ച്ച മണ്ഡലം ജന.സെക്രട്ടറി രാജീവ് ഏഴാച്ചേരിയെ കള്ളനോട്ട് കേസില്‍ പൊലീസ് പ്രതിചേര്‍ത്തു. സംഭവത്തില്‍ ബിജെപി നേതാക്കളുടെ പങ്ക് അന്വേഷിക്കണമെന്നാവശ്യപ്പെട്ട് സിപിഎം രംഗത്തെത്തി. അറസ്റ്റിലായ രാജീവ് ഏഴാച്ചേരിയെ കോടതി റിമാന്‍ഡ് ചെയ്തു.


യുവമോര്‍ച്ച എസ്.എന്‍.പുരം കിഴക്കന്‍ മേഖല പ്രസിഡന്റായ രാഗേഷ് ഏഴാച്ചേരിയുടെ വീട്ടില്‍ നിന്നാണ് ഇന്നലെ ഒന്നരലക്ഷം രൂപയുടെ കള്ളനോട്ടും അച്ചടി ഉപകരണങ്ങളും പിടികൂടിയത്. രാഗേഷിനെ ചോദ്യ ചെയ്തപ്പോഴാണ് സഹോദരനും ബിജെപിയുടെ ഒബിസി മോര്‍ച്ച കയ്പ്പമംഗലം മണ്ഡലം ജന.സെക്രട്ടറിയുമായ രാജീവ് ഏഴാച്ചേരിക്ക് സംഭവത്തില്‍ പങ്കുണ്ടെന്ന് വ്യക്തമായത്. രണ്ടാഴ്ച മുമ്പ് മതിലകത്തെ പെട്രോള്‍ പമ്പില്‍ രാഗേഷ് രണ്ടായിരം രൂപയുടെ കള്ളനോട്ട് നല്‍കിയിരുന്നതായും കണ്ടെത്തി. ഇതോടെയാണ് പൊലീസ് രാജീവിനെതിരെയും കേസെടുത്തത്.


ഒളിവിലായ രാജീവ് തമിഴ്‌നാട്ടിലേക്ക് കടന്നതായാണ് സൂചന. തീരദേശമേഖലയിലേ സാധാരണക്കാര്‍ക്കിടയിലാണ് കള്ളനോട്ട് പ്രചരിപ്പിച്ചതെന്നാണ് അന്വേഷണസംഘത്തിന്റെ കണ്ടെത്തല്. നോട്ട് നിരോധത്തിന് ശേഷം ബിജെപി നടത്തിയ കള്ളപ്പണത്തിന് എതിരായ പ്രചാരണത്തില്‍ പ്രാദേശികമായി മുന്നില്‍ നിന്നിരുന്നത് ബിജെപി നേതാവായ രാജീവായിരുന്നു. സംഭവത്തില്‍ മറ്റ് ബിജെപി നേതാക്കളുടെ പങ്ക് അന്വേഷിക്കണമെന്ന് സിപിഎം ജില്ലാ സെക്രട്ടറി കെ രാധാകൃഷ്ണന്‍ ആവശ്യപ്പെട്ടു.
ഇതിനിടെ ഇവര്‍ ബിജെപി സംസ്ഥാന നേതാക്കള്‍ക്കൊപ്പം നില്‍ക്കുന്ന ചിത്രങ്ങള്‍ സമൂഹ മാധ്യമങ്ങളില്‍ പ്രചരിക്കുന്നത് ബിജെപി നേതൃത്വത്തെ വെട്ടിലാക്കി. കള്ളനോട്ട് അച്ചടിച്ചത് കണ്ടെത്തിയ ശേഷം ഇരുവരേയും ബിജെപിയില്‍ നിന്ന് പുറത്താക്കിയിരുന്നു.
Adjust Story Font
16

