Quantcast

സെക്രട്ടറിയേറ്റില്‍ ഫയല്‍ നീക്കം അവതാളത്തില്‍

MediaOne Logo

Sithara

  • Published:

    1 Jun 2018 12:10 AM IST

സെക്രട്ടറിയേറ്റില്‍ ഫയല്‍ നീക്കം അവതാളത്തില്‍
X

സെക്രട്ടറിയേറ്റില്‍ ഫയല്‍ നീക്കം അവതാളത്തില്‍

വിഷയം പരിശോധിച്ച് റിപ്പോര്‍ട്ട് സമര്‍പ്പിക്കാന്‍ വകുപ്പ് സെക്രട്ടറിമാര്‍ക്ക് സര്‍ക്കാര്‍ നിര്‍ദേശം നല്‍കി

സെക്രട്ടറിയേറ്റില്‍ ഫയല്‍ നീക്കം അവതാളത്തില്‍. ഫയല്‍ നീക്കത്തില്‍ അക്ഷന്തവ്യമായ കാലതാമസം ഉണ്ടാകുന്നതായി സര്‍ക്കാര്‍ വിലയിരുത്തി. ഇത് പരിശോധിച്ച് റിപ്പോര്‍ട്ട് സമര്‍പ്പിക്കാന്‍ പൊതുഭരണ വകുപ്പ് സെക്രട്ടറി ഷീലാ തോമസ് വകുപ്പ് സെക്രട്ടറിമാര്‍ക്ക് നിര്‍ദേശം നല്‍കി. ഐഎഎസുകാരുടെ അതൃപ്തിയും സെക്രട്ടറിയേറ്റ് ജീവനക്കാരുടെ സമരവും മന്ദതക്ക് കാരണമായെന്നാണ് വിലയിരുത്തല്‍.

സെക്രട്ടറിയേറ്റിലെ മേല്‍തട്ടുകാരായ ഐഎഎസുകാരും താഴെതട്ടായ സെക്രട്ടറിയേറ്റ് ജീവനക്കാരും അതൃപ്തിയിലാണ്. വിജിലന്‍സ് ഡയറക്ടറുടെ നീക്കങ്ങളിലെ അതൃപ്തി സര്‍ക്കാരിനെ അറിയിച്ചിട്ടും നടപടിയില്ലാത്തതാണ് ഐഎഎസുകാരുടെ അതൃപ്തിക്ക് കാരണം. മന്ത്രിമാരുടെ ഓഫീസുകളില്‍ നിന്ന് വരുന്ന ഫയലുകള്‍ പോലും സാങ്കേതിക കാരണങ്ങള്‍ പറഞ്ഞ് വൈകിപ്പിക്കുന്നതായി പരാതിയുണ്ട്.

കേരള അഡ്മിനിസ്ട്രേറ്റീവ് സര്‍വീസില്‍ സെക്രട്ടറിയേറ്റ് ജീവനക്കാരെ ഉള്‍പ്പെടുത്തിയതിനെതിരെ യുഡിഎഫ് അനുകൂല ജീവനക്കാര്‍ പ്രത്യക്ഷ സമരത്തിലാണ്. പ്രത്യക്ഷ സമരത്തിലേക്ക് വന്ന സിപിഐ അനുകൂല സ്റ്റാഫ് അസോസിയേഷന്‍റെ നേതാക്കളെ സ്ഥലം മാറ്റിയത് അവരിലെ അതൃപ്തി വര്‍ധിപ്പിച്ചു. രണ്ട് വിഭാഗവും അതൃപ്തിയിലായതോടെ സെക്രട്ടറിയേറ്റിലെ ഫയല്‍ നീക്കം നിലച്ചു എന്ന് തന്നെ പറയാവുന്ന അവസ്ഥയിലാണ്. ഇത് വിലയിരുത്തിയ ശേഷമാണ് കാലതാമസം വന്നതിനെക്കുറിച്ച് റിപ്പോര്‍ട്ട് സമര്‍പ്പിക്കാന്‍ പൊതുഭരണ സെക്രട്ടറി ഷീലാ തോമസ് വകുപ്പ് സെക്രട്ടറിമാര്‍ക്ക് നിര്‍ദേശം നല്‍കിയത്.

ഫയല്‍ നീക്കത്തില്‍ അക്ഷന്തവ്യമായ കാലതാമസം ഉണ്ടാകുന്നതായി ശ്രദ്ധയില്‍പ്പെട്ടു എന്നാണ് ഷീലാ തോമസ് നല്‍കിയ കുറിപ്പിലുള്ളത്. നിയമ വകുപ്പ് മാറ്റി നിര്‍ത്തിയാല്‍ മറ്റെല്ലാ വകുപ്പുകളിലും വൈകുന്നു. ജനുവരി മാസത്തെ ഫയല്‍ നീക്കം സംബന്ധിച്ച റിപ്പോര്‍ട്ട് സമര്‍പ്പിക്കാനാണ് ആവശ്യപ്പെട്ടിരിക്കുന്നത്.
സെക്രട്ടറിയേറ്റിലെ ഭരണ സ്തംഭനം സര്‍ക്കാര്‍ തന്നെ സമ്മതിച്ചുവെന്ന് തെളിയിക്കുന്നതാണ് പുതിയ സംഭവ വികാസങ്ങള്‍.

TAGS :

Next Story