Quantcast

സെബാസ്റ്റ്യന്‍ പോളിനൊപ്പം നില്‍ക്കാത്തവര്‍ രാജിവെക്കണമെന്ന് സൗത്ത് ലൈവ് മാനേജ്‌മെന്റ് 

MediaOne Logo

Subin

  • Published:

    1 Jun 2018 3:20 AM GMT

സെബാസ്റ്റ്യന്‍ പോളിനൊപ്പം നില്‍ക്കാത്തവര്‍ രാജിവെക്കണമെന്ന് സൗത്ത് ലൈവ് മാനേജ്‌മെന്റ് 
X

സെബാസ്റ്റ്യന്‍ പോളിനൊപ്പം നില്‍ക്കാത്തവര്‍ രാജിവെക്കണമെന്ന് സൗത്ത് ലൈവ് മാനേജ്‌മെന്റ് 

സൗത്ത് ലൈവിലെ മാധ്യമപ്രവര്‍ത്തകരും സെബാസ്റ്റ്യന്‍ പോളിനെ അനുകൂലിക്കുന്ന മാനേജ്‌മെന്റും തമ്മിലുള്ള അഭിപ്രായ വ്യത്യാസം പരസ്യമാക്കി കൊണ്ട് എക്‌സിക്യൂട്ടീവ് എഡിറ്റര്‍ എന്‍കെ ഭൂപേഷ് രംഗത്തെത്തി.

നടി ആക്രമിക്കപ്പെട്ട കേസില്‍ ദിലീപിനെ അനുകൂലിച്ച് സെബാസ്റ്റിയന്‍ പോള്‍ എഴുതിയ ലേഖനത്തെ തുടര്‍ന്നുള്ള അഭിപ്രായ ഭിന്നത സൗത്ത് ലൈവില്‍ രൂക്ഷമാകുന്നു. സൗത്ത് ലൈവിലെ മാധ്യമപ്രവര്‍ത്തകരും സെബാസ്റ്റ്യന്‍ പോളിനെ അനുകൂലിക്കുന്ന മാനേജ്‌മെന്റും തമ്മിലുള്ള അഭിപ്രായ വ്യത്യാസം പരസ്യമാക്കി കൊണ്ട് എക്‌സിക്യൂട്ടീവ് എഡിറ്റര്‍ എന്‍കെ ഭൂപേഷ് രംഗത്തെത്തി. മാനേജ്‌മെന്റിനും സെബാസ്റ്റ്യന്‍ പോളിനുമെതിരെ ഗുരുതര ആരോപണങ്ങളാണ് ഫേസ്ബുക്ക് പോസ്റ്റില്‍ ഭൂപേഷ് ഉന്നയിക്കുന്നത്.

ഉണ്ടിരുന്ന പത്രാധിപര്‍ സെബാസ്റ്റ്യന്‍ പോളിനുണ്ടായ ഉള്‍വിളിയായിരുന്നില്ല ആ ലേഖനമെന്ന് സൗത്ത് ലൈവ് മാനേജ്മെന്റ് ജീവനക്കാരെ അറിയിച്ചുവെന്ന് പറഞ്ഞാണ് ഭൂപേഷിന്റെ കുറിപ്പ് ആരംഭിക്കുന്നത്. സെബാസ്റ്റ്യന്‍ പോള്‍ ഏത് ക്രിമിനല്‍ പ്രവര്‍ത്തി ന്യായീകരിച്ചാലും ഇരയോടൊപ്പം നില്‍ക്കുന്നവരെ അപഹസിച്ചാലും കൂടെ നില്‍ക്കണം അല്ലെങ്കില്‍ പുറത്തുപോകണം എന്ന ഭീഷണിയാണ് മാനേജ്‌മെന്റ് പ്രതിനിധികള്‍ ഇന്ന് നടന്ന യോഗത്തിനിടെ നടത്തിയത്. സൗത്ത് ലൈവിലെ മുഴുവന്‍ ടീമംഗങ്ങളുടേയും അഭിപ്രായം ധിക്കരിച്ച് സെബാസ്റ്റ്യന്‍ പോളിനെ ന്യായീകരിക്കാന്‍ പ്രേരിപ്പിക്കുന്ന എന്തെങ്കിലും ഗുണം മാനേജ്‌മെന്റിന് ഉണ്ടായി കാണുമെന്ന ആരോപണവും ഭൂപേഷ് കുറിപ്പില്‍ ഉന്നയിക്കുന്നുണ്ട്. സൗത്ത് ലൈവ് മാനേജ്‌മെന്റിനെ ഇപ്പോള്‍ നയിക്കുന്നത് നീതിബോധമല്ലെന്നും ഭൂപേഷ് തുറന്നടിക്കുന്നു.

2017 സെപ്തംബര്‍ 10നാണ് സൗത്ത് ലൈവില്‍ ചീഫ് എഡിറ്റര്‍ സെബാസ്റ്റ്യന്‍ പോള്‍ ദിലീപിനെ അനുകൂലിച്ചുകൊണ്ട് ലേഖനമെഴുതിയത്. 'സഹാനുഭൂതി കുറ്റമല്ല, ദിലീപിനുവേണ്ടിയും ചോദ്യങ്ങള്‍ ഉണ്ടാകണം' എന്ന ലേഖനത്തിനെതിരെ സൗത്ത് ലൈവിലെ ജീവനക്കാര്‍ പരസ്യമായി രംഗത്തെത്തിയതോടെയാണ് കൂടുതല്‍ ശ്രദ്ധിക്കപ്പെട്ടത്. പിഡിപി നേതാവ് മഅ്ദനിയെ പോലെ പൊലീസ് ഭീകരതയുടെ ഇരയാണ് ദിലീപ് എന്നാണ് സെബാസ്റ്റിയന്‍ പോള്‍ ലേഖനത്തിലെഴുതിയിരിക്കുന്നത്. സെബാസ്റ്റിയന്‍ പോളിന്റെ ലേഖനത്തെ തള്ളി നേരത്തെ തന്നെ എന്‍ കെ ഭൂപേഷ് ഫേസ്ബുക്കില്‍ പോസ്റ്റിട്ടിരുന്നു.

ദിലീപ് ഇങ്ങനെയൊരു മണ്ടത്തരം ചെയ്യുമെന്ന് കരുതുന്നില്ലെന്ന ശ്രീനിവാസന്റെ പ്രതികരണത്തിന് പിന്നാലെയാണ് സെബാസ്റ്റ്യന്‍ പോളിന്റെ ലേഖനം വന്നത്. സംവിധായകന്‍ ആഷിക് അബുവും സെബാസ്റ്റ്യന്‍ പോളിന്റെ മകന്‍ റോണ്‍ ബാസ്റ്റിയനും അടക്കം നിരവധി പേര്‍ സെബാസ്റ്റ്യന്‍ പോളിന്റെ ലേഖനത്തിനെതിരെ പരസ്യമായി രംഗത്തെത്തിയിരുന്നു. ഇതിന് പിന്നാലെ തന്റെ ലേഖനത്തിലെ നിലപാടുകള്‍ സെബാസ്റ്റ്യന്‍ പോള്‍ ആവര്‍ത്തിക്കുകയും ചെയ്തു. നല്ല എതിര്‍ വിസ്താരം നടത്തിയാല്‍ പൊളിഞ്ഞു വീഴുന്ന കേസാണ് ദിലീപിനെതിരെയുള്ളതെന്നായിരുന്നു ലേഖനത്തെ ന്യായീകരിച്ച് സെബാസ്റ്റ്യന്‍ പോള്‍ പറഞ്ഞത്. ഈ വിവാദങ്ങള്‍ തുടരവെയാണ് മാനേജ്‌മെന്റ് യോഗത്തിലെ അഭിപ്രായ വ്യത്യാസങ്ങള്‍ പരസ്യമാക്കിക്കൊണ്ട് ഭൂപേഷ് ഫേസ്ബുക്കില്‍ കുറിപ്പെഴുതിയിരിക്കുന്നത്.

TAGS :

Next Story