Quantcast

കോണ്‍ഗ്രസ് വിമതനെ ഡപ്യൂട്ടി മേയറാക്കാന്‍ എല്‍ഡിഎഫ് തീരുമാനം

MediaOne Logo

admin

  • Published:

    4 Jun 2018 11:22 AM GMT

കോണ്‍ഗ്രസ് വിമതനെ ഡപ്യൂട്ടി മേയറാക്കാന്‍ എല്‍ഡിഎഫ് തീരുമാനം
X

കോണ്‍ഗ്രസ് വിമതനെ ഡപ്യൂട്ടി മേയറാക്കാന്‍ എല്‍ഡിഎഫ് തീരുമാനം

സിപിഐയുടെ എതിര്‍പ്പ് അവഗണിച്ചാണ് ഇന്നലെ ചേര്‍ന്ന എല്‍ഡിഎഫ് യോഗം ഈ തീരുമാനമെടുത്തത്

കോണ്‍ഗ്രസ് വിമതന്‍ പി കെ രാഗേഷിനെ കണ്ണൂര്‍ കോര്‍പ്പറേഷന്‍ ഡപ്യൂട്ടി മേയറാക്കാന്‍ എല്‍ഡിഎഫ് തീരുമാനം. സിപിഐയുടെ എതിര്‍പ്പ് അവഗണിച്ചാണ് ഇന്നലെ ചേര്‍ന്ന എല്‍ഡിഎഫ് യോഗം ഈ തീരുമാനമെടുത്തത്. ജൂണ്‍ രണ്ടാം വാരം ലീഗ് പ്രതിനിധിയായ നിലവിലെ ഡപ്യൂട്ടി മേയര്‍ക്കെതിരെ അവിശ്വാസ പ്രമേയം കൊണ്ടുവരാനും യോഗത്തില്‍ തീരുമാനമായി.

കോര്‍പറേഷന്‍ ഭരണം ആറ് മാസം പിന്നിട്ട സാഹചര്യത്തിലാണ് മുസ്ലീം ലീഗ് പ്രതിനിധിയായ ഡപ്യൂട്ടി മേയര്‍ക്കെതിരെ അവിശ്വാസ പ്രമേയം കൊണ്ടുവരാന്‍ എല്‍ഡിഎഫ് ജില്ലാ കമ്മറ്റി തീരുമാനമെടുത്തത്. നിയമസഭാ തെരഞ്ഞെടുപ്പിന് ശേഷം കോണ്‍ഗ്രസ് വിമതന്‍ പി കെ രാഗേഷിന് ഡപ്യൂട്ടി മേയര്‍ സ്ഥാനം നല്‍കാമെന്ന് സിപിഎം ജില്ലാ നേതൃത്വം നേരത്തെ വാഗ്ദാനം നല്‍കിയിരുന്നു. ഇതിന്റെ അടിസ്ഥാനത്തിലായിരുന്നു രാഗേഷ് അഴീക്കോട് മണ്ഡലത്തില്‍ വിമതനായി മത്സരിച്ചത്. എന്നാല്‍ രാഗേഷിന്റെ സ്ഥാനാര്‍ഥിത്വം കൊണ്ട് എല്‍ഡിഎഫിന് കാര്യമായ നേട്ടം ഉണ്ടായില്ലെന്നു മാത്രമല്ല, കേവലം 1518 വോട്ടുകള്‍ മാത്രമായിരുന്നു രാഗേഷിന് ലഭിച്ചത്. എങ്കിലും രാഗേഷിനെ ഒപ്പം നിര്‍ത്തുന്നത് രാഷ്ട്രീയമായി ഗുണം ചെയ്യുമെന്നാണ് സിപിഎമ്മിന്റെ കണക്ക് കൂട്ടല്‍. എല്‍ഡിഎഫ് അവിശ്വാസ പ്രമേയം കൊണ്ടുവന്നാല്‍ പിന്തുണക്കുമെന്ന് രാഗേഷും വ്യക്തമാക്കിക്കഴിഞ്ഞു.

വിഷയം ചര്‍ച്ച ചെയ്യാന്‍ ഇന്നലെ വിളിച്ചു ചേര്‍ത്ത എല്‍ഡിഎഫ് ജില്ലാ കമ്മറ്റി യോഗത്തിലും അതിനു മുന്‍പ് നടന്ന സിപിഎം - സിപിഐ ഉഭയകക്ഷി ചര്‍ച്ചയിലും രാഗേഷിനെ ഡപ്യൂട്ടി മേയറാക്കുന്നതിനെ സിപിഐ ശക്തമായി എതിര്‍ത്തു. എന്നാല്‍ ഭൂരിപക്ഷ അഭിപ്രായം പരിഗണിച്ച് ജൂണ്‍ രണ്ടാം വാരം അവിശ്വാസ പ്രമേയം കൊണ്ടുവരാനും ഡപ്യൂട്ടി മേയര്‍സ്ഥാനം രാഗേഷിന് നല്‍കാനും എല്‍ഡിഎഫ് തീരുമാനിക്കുകയായിരുന്നു. 55 അംഗ കണ്ണൂര്‍ കോര്‍പറേഷനില്‍ ഇരു മുന്നണികള്‍ക്കും 27 സീറ്റ് വീതം ലഭിച്ചതിനെ തുടര്‍ന്നാണ് രാഗേഷിന്റെ പിന്തുണയോടെ മേയര്‍ സ്ഥാനം എല്‍ഡിഎഫിന് ലഭിച്ചത്. എന്നാല്‍ ഡപ്യൂട്ടി മേയര്‍ തെരഞ്ഞെടുപ്പില്‍ നിന്നും രാഗേഷ് വിട്ടു നിന്നതിനെ തുടര്‍ന്ന് നറുക്കെടുപ്പിലൂടെ ലീഗിലെ സി സമീറിന് തത്സ്ഥാനം ലഭിക്കുകയായിരുന്നു.

TAGS :

Next Story