മരണം 109; ഇനിയും തിരിച്ചറിയാനാവാതെ 18 മൃതശരീരങ്ങള്‍
മരണം 109; ഇനിയും തിരിച്ചറിയാനാവാതെ 18 മൃതശരീരങ്ങള്‍
തിരുവനന്തപുരം മെഡിക്കല്‍ കോളജില്‍ മരിച്ച നാല് പേരുടെ മൃതദേഹങ്ങളടക്കം ഇനിയും തിരിച്ചറിയാതെ 18 പേരുടെ മൃതദേഹങ്ങളുണ്ട്.
- പ്രധാനമന്ത്രി നരേന്ദ്രമോദിയും കോണ്‍ഗ്രസ് ഉപാധ്യക്ഷന്‍ രാഹുല്‍ ഗാന്ധിയും സംഭവസ്ഥലം സന്ദര്‍ശിച്ചു
- കൊല്ലം പരവൂര്‍ പൊലീസ് സ്റ്റേഷനില്‍ രജിസ്റ്റര്‍ ചെയ്ത കേസ് ക്രൈംബ്രാഞ്ച് അന്വേഷിക്കും. അന്വേഷണ ചുമതലയുള്ള എഡിജിപി അനന്തകൃഷ്ണന്‍ സംഭവസ്ഥലം സന്ദര്‍ശിച്ചു.
- റിട്ടയേര്‍ഡ് ഹൈക്കോടതി ജഡ്ജ് കൃഷ്ണന്‍ക്ക് നായര്‍ക്ക് ജുഡീഷ്യല്‍ അന്വേഷണ ചുമതല
- മരിച്ചവരുടെ കുടുംബങ്ങള്‍ക്ക് പത്ത് ലക്ഷവും പരിക്കേറ്റവര്‍ക്ക് രണ്ടുലക്ഷവും അടിയന്തര ധനസഹായം
- രോഗികളുടെ ആരോഗ്യനില വിലയിരുത്താന്‍ തിരുവനന്തപുരം മെഡിക്കല്‍ കോളജില്‍ ഇന്നലെ രാത്രി അടിയന്തര മെഡിക്കല്‍ ബോര്‍ഡ് യോഗം ചേര്‍ന്നു
- 21 പേരടങ്ങുന്ന രണ്ടാമത്തെ വിദഗ്ധ സംഘം ആശുപത്രിയിലെത്തി
കൊല്ലം പരവൂര്‍ പുറ്റിങ്ങല്‍ ദേവി ക്ഷേത്രത്തിലുണ്ടായ വെടിക്കെട്ടപടകത്തില്‍ മരിച്ചവരുടെ എണ്ണം 106 ആയി. തിരുവനന്തപുരം മെഡിക്കല്‍ കോളജില്‍ മരിച്ച നാല് പേരുടെ മൃതദേഹങ്ങളടക്കം ഇനിയും തിരിച്ചറിയാതെ 14 പേരുടെ മൃതദേഹങ്ങളുണ്ട്. ഡി എന്‍ എ പരിശോധനകള്‍ അടക്കം പൂര്‍ത്തിയാക്കി ബന്ധുക്കള്‍ക്ക് വിട്ടുനല്‍കാന്‍ ആശുപ്രതി അധികൃതര്‍ ഇവ പൊലീസിന് കൈമാറി. 538 പേരാണ് പരിക്കേറ്റ് വിവിധ ആശുപത്രിയില്‍ ചികിത്സയിലുള്ളത്. ഇവരില്‍ എഴുപത് പേരുടെ നില ഗുരുതരമായി തുടരുകയാണ്. ഇവരില്‍ ഗുരുതരാവസ്ഥയിലുള്ള 8 പേര്‍ മെഡിക്കല്‍ കോളജ് ആശുപത്രിയിലാണുളളത്, കൊല്ലം, തിരുവനന്തപുരം ജില്ലകളിലെ ആശുപത്രികളിലാണ് പരിക്കേറ്റവരെ പ്രവേശിപ്പിച്ചിരിക്കുന്നത്.
രോഗികളുടെ ആരോഗ്യനില വിലയിരുത്താന്‍ തിരുവനന്തപുരം മെഡിക്കല്‍ കോളജില്‍ ഇന്നലെ രാത്രി അടിയന്തര മെഡിക്കല്‍ ബോര്‍ഡ് യോഗം ചേര്‍ന്നു. സംസ്ഥാന ആരോഗ്യവകുപ്പ് സെക്രട്ടറി ഡോ ഇളങ്കോവന്‍, ജില്ലാ കളക്ടര്‍ പ്രഭാകര്‍, ഡിഎംഇ ഡോ. റംലാ ബീവി എന്നിവരുടെ നേതൃത്വത്തിലായിരുന്നു യോഗം. യോഗത്തില്‍ സീനിയര്‍ ഡോക്റ്റര്‍മാരും പങ്കെടുത്തു. ഗുരുതരമായി പരിക്ക് പറ്റിയ രോഗികളെ ബേണ്‍സ് ഐസിയു ഉള്ള എയിംസിലേക്കോ മറ്റ് ആശുപത്രികളിലേക്കോ മാറ്റണമോ എന്ന കാര്യം യോഗം ചര്‍ച്ച ചെയ്തു. എല്ലാ രോഗികള്‍ക്കും 60 ശതമാനത്തിലധികം പൊള്ളലേറ്റതിനാല്‍ മറ്റ് ആശുപത്രികളിലേക്ക് മാറ്റേണ്ടെന്ന് യോഗം തീരുമാനിച്ചു.
പ്ലാസ്റ്റിക് സര്‍ജറി മേധാവി ഡോ കോമള റാണിയുടെ നേതൃത്വത്തില്‍ തീവ്രപരിചരണത്തിനായുള്ള ഉന്നതതല സംഘം പരിക്ക് പറ്റിയവരെ നിരീക്ഷിക്കും. ഡിഎംഇയുടെ നേതൃത്വത്തില്‍ എയിംസിലെയും കേന്ദ്ര ആശുപത്രിയിലെയും വിദഗ്ധ ഡോക്ടര്‍മാരടങ്ങിയ നിരീക്ഷണ കമ്മിറ്റി 2 മണിക്കൂര്‍ ഇടവിട്ട് സ്ഥിതിഗതികള്‍ വിലയിരുത്തും. രാവിലെ സ്ഥിതിഗതികള്‍ വീണ്ടും വിലയിരുത്തിയ ശേഷം മറ്റ് ആശുപത്രികളിലേക്ക് മാറ്റണമോ എന്ന് തീരുമാനിക്കും.
Adjust Story Font
16