Quantcast

ഉമ്മന്‍ചാണ്ടിക്കെതിരെ പരസ്യ വിമര്‍ശം നടത്തിയ സുധീരനും കുര്യനുമെതിരെ എ ഗ്രൂപ്പ്

ഉമ്മന്‍ചാണ്ടിക്കെതിരെ വിമര്‍ശം ഉയര്‍ത്തിയ വി എം സുധീരനും പി ജെ കുര്യനും വേദി നല്‍കേണ്ടെന്ന് എ ഗ്രൂപ്പ് തീരുമാനം.

MediaOne Logo

Web Desk

  • Published:

    19 Jun 2018 8:54 AM GMT

ഉമ്മന്‍ചാണ്ടിക്കെതിരെ പരസ്യ വിമര്‍ശം നടത്തിയ സുധീരനും കുര്യനുമെതിരെ എ ഗ്രൂപ്പ്
X

ഉമ്മന്‍ചാണ്ടിക്കെതിരെ വിമര്‍ശം ഉയര്‍ത്തിയ വി എം സുധീരനും പി ജെ കുര്യനും വേദി നല്‍കേണ്ടെന്ന് എ ഗ്രൂപ്പ് തീരുമാനം. തിരുവനന്തപുരത്ത് ചേര്‍ന്ന എ ഗ്രൂപ്പിന്റെ രഹസ്യ യോഗത്തിന്റേതാണ് തീരുമാനം. ഷാഫി പറമ്പിലിനെ യൂത്ത് കോണ്‍ഗ്രസ് അധ്യക്ഷ സ്ഥാനത്തേക്ക് ഉയര്‍ത്തിക്കാട്ടാനും ധാരണ.

രാജ്യസഭാ സീറ്റ് വിവാദത്തില്‍ ഉമ്മന്‍ചാണ്ടിയെ പ്രതിസ്ഥാനത്ത് നിര്‍ത്തി ആക്രമണം അഴിച്ചുവിട്ട വി എം സുധീരനെയും പി ജെ കുര്യനെയും തിരികെ ആക്രമിക്കാന്‍ തന്നെയാണ് എ ഗ്രൂപ്പിന്റെ തീരുമാനം. ഇതിന്‍റ ഭാഗമായി ഇരുവര്‍ക്കും പാര്‍ട്ടി വേദികള്‍ പരമാവധി നല്‍കാതിരിക്കുക എന്ന നിര്‍ദേശം താഴെതലങ്ങളില്‍ നല്‍കും. വി എം സുധീരന് ഇപ്പോള്‍ തന്നെ പാര്‍ട്ടി വേദികള്‍ ലഭിക്കുന്നത് കുറഞ്ഞിട്ടുണ്ടെന്നാണ് ഗ്രൂപ്പിന്റെ വിലയിരുത്തല്‍. പരസ്യ പ്രസ്താവനക്ക് വിലക്കുണ്ടെന്നതിന്റെ അടിസ്ഥാനത്തില്‍ സുധീരന്റെയും കുര്യന്റെയും വിമര്‍ശങ്ങള്‍ക്ക് നേതാക്കള്‍ മറുപടി നല്‍കിയിട്ടില്ല. ഇനിയും വിമര്‍ശം തുടര്‍ന്നാല്‍ മറുപടി നല്‍കണമെന്ന നിര്‍ദേശമാണ് രണ്ടാം നിര നേതാക്കള്‍ക്ക് നല്‍കിയിരിക്കുന്നത്.

വ്യക്തിപരമായ വിമര്‍ശങ്ങള്‍ ഉമ്മന്‍ചാണ്ടിക്ക് പരിക്കേല്‍പ്പിച്ചെന്ന വിലയിരുത്തലാണ് പൊതുവെ ഉണ്ടായത്. യൂത്ത് കോണ്‍ഗ്രസ് തെരഞ്ഞെടുപ്പ് ഒരു മാസത്തിനകം വരാനിരിക്കെ ഗ്രൂപ്പിന്റെ സ്വാധീനം ഉറപ്പിക്കാനും എ ഗ്രൂപ്പ് യോഗത്തില്‍ തീരുമാനമായി. ഷാഫി പറമ്പില്‍ എംഎല്‍എയെ യൂത്ത് കോണ്‍ഗ്രസ് പ്രസിഡന്റ് സ്ഥാനത്തേക്ക് ഉയര്‍ത്തിക്കാണിക്കും. നിലവില്‍ യൂത്ത് കോണ്‍ഗ്രസ് ദേശീയ സെക്രട്ടറിയായ ഷാഫിയോട് രാജി വെച്ച് സംസ്ഥാനത്തെ പ്രവര്‍ത്തനങ്ങളില്‍ സജീവമാകാനും നിര്‍ദേശം നല്‍കിയിട്ടുണ്ട്.

എംഎല്‍എ ഹോസ്റ്റലിലെ ഷാഫി പറമ്പിലിന്റെ മുറിയില്‍ ചേര്‍ന്ന യോഗത്തില്‍ ബെന്നി ബെഹനാന്‍, കെ സി ജോസഫ്, പി സി വിഷ്ണുനാഥ്, ഷാഫി പറമ്പില്‍, ഡീന്‍ കുര്യാക്കോസ്, ജെ ബി മേത്തര്‍, കെ എം അഭിജിത്, ജെ എസ് അഖില്‍ എന്നിവര്‍ പങ്കെടുത്തു.

TAGS :

Next Story