അന്വേഷണസംഘം മലപ്പുറത്തെത്തി; കോട്ടക്കുന്നില്‍ വന്നത് ജസ്‍നയല്ലെന്ന് സ്ഥിരീകരിച്ചു
ജസ്‍നയുടെ ചിത്രം കാണിച്ചപ്പോള്‍ മഴവീട്ടില്‍ കണ്ടത് ജസ്‍നയല്ലെന്ന് ജസ്‍ഫര്‍. മഴവീട്ടിലിരുന്ന പെണ്‍കുട്ടിയെ കണ്ട പാര്‍ക്കിലെ ജീവനക്കാരനും അത് ജസ്‍നയല്ലെന്ന്...

മെയ് മൂന്നിന് മലപ്പുറം കോട്ടക്കുന്നില്‍ എത്തിയത് പത്തനംതിട്ടയില്‍ നിന്നും കാണാതായ ജസ്‍നയല്ലെന്ന് അന്വേഷണ സംഘം സ്ഥിരീകരിച്ചു. പാര്‍ക്കിലെ സിസിടിവി ക്യാമറയുടെ ഹാര്‍ഡ് ഡിസ്ക് അന്വേഷണ സംഘം ശേഖരിച്ചു. മലപ്പുറം നഗരത്തിലെ മറ്റു സിസിടിവി ദൃശ്യങ്ങള്‍ ശേഖരിക്കാനും അന്വേഷണ സംഘം നടപടി തുടങ്ങി.
കോട്ടക്കുന്ന് പാര്‍ക്കിലെ മഴ വീട്ടില്‍ ജസ്‍നയോട് സാദൃശ്യമുള്ള ഒരാളെ കണ്ടുവെന്ന് സമീപവാസിയായ ജസ്‍ഫറാണ് ആദ്യം പറഞ്ഞത്. ഇതേ തുടര്‍ന്ന് പ്രത്യേക അന്വേഷണ സംഘം മലപ്പുറത്തെത്തി അന്വേഷണം ആരംഭിച്ചു.
ജസ്‍നയുടെ ചിത്രം കാണിച്ചാണ് ജസ്‍ഫറില്‍ നിന്നും സംഘം വിവരങ്ങള്‍ ആരാഞ്ഞത്. മഴവീട്ടില്‍ കണ്ടത് ജസ്‍നയല്ലെന്ന് ഇതോടെ ജസ്‍ഫര്‍ സ്ഥിരീകരിച്ചു. മഴവീട്ടിലിരുന്ന പെണ്‍കുട്ടിയെ കണ്ട പാര്‍ക്കിലെ ജീവനക്കാരനും അത് ജസ്‍നയല്ലെന്ന മൊഴിയാണ് സംഘത്തിന് നല്‍കിയത്. ആ ദിവസങ്ങളിലെ സിസിടിവി ദൃശ്യങ്ങള്‍ വീണ്ടെടുക്കാനാവില്ലെന്ന് വ്യക്തമായിട്ടുണ്ട്. എങ്കിലും പാര്‍ക്കിലെ സിസിടിവിയുടെ ഹാര്‍ഡ് ഡിസ്ക് അന്വേഷണ സംഘം ശേഖരിച്ചു.
ജസ്‍നയെക്കുറിച്ച് വിവരം നല്‍കുന്നവര്‍ക്ക് അഞ്ച് ലക്ഷം നല്‍കുമെന്ന ഡിജിപിയുടെ അറിയിപ്പ് പാര്‍ക്കിലെ ഭിത്തിയില്‍ അന്വേഷണ സംഘം പതിച്ചു. ഏപ്രില്‍ 22നാണ് പത്തനംതിട്ടയില്‍ നിന്നും ജസ്‍നയെ കാണാതായത്.
Adjust Story Font
16

