Quantcast

ജലനിധി പദ്ധതിയുടെ കോണ്‍ട്രാക്ടര്‍ക്ക് കിട്ടാനുള്ളത് 40 ലക്ഷത്തിലധികം;കിട്ടിയത് ജപ്തി‍

കണ്‍സള്‍ട്ടന്‍സി ഇടക്ക് മാറിയതും ജലനിധിയുടെയും പഞ്ചായത്ത് അധികൃതരുടെയും നിഷേധാത്മക സമീപനവുമാണ് കരാറുകാരന്‍റെ വീട് നഷ്ടപ്പെടുന്ന അവസ്ഥയിലേക്കെത്തിച്ചത്

MediaOne Logo

Web Desk

  • Published:

    8 July 2018 5:32 AM GMT

ജലനിധി പദ്ധതിയുടെ കോണ്‍ട്രാക്ടര്‍ക്ക് കിട്ടാനുള്ളത് 40 ലക്ഷത്തിലധികം;കിട്ടിയത് ജപ്തി‍
X

ജലനിധിക്കായി കുടിവെള്ള പദ്ധതി നിര്‍മിച്ച കോണ്‍ട്രാക്ടര്‍ ജപ്തി ഭീഷണിയില്‍. തിരുവനന്തപുരം മാണിക്കല്‍ പഞ്ചായത്തിലെ 6 പദ്ധതികള്‍ ഏറ്റെടുത്ത ഷാനവാസിന് കിട്ടാനുള്ളത് നാല്പത് ലക്ഷത്തിലധികം രൂപ. കണ്‍സള്‍ട്ടന്‍സി ഇടക്ക് മാറിയതും ജലനിധിയുടെയും പഞ്ചായത്ത് അധികൃതരുടെയും നിഷേധാത്മക സമീപനവുമാണ് കരാറുകാരന്‍റെ വീട് നഷ്ടപ്പെടുന്ന അവസ്ഥയിലേക്കെത്തിച്ചത്.

നെല്ലിക്കാട്, ചിരവിള, ജീവധാര, തുടങ്ങി ആറു പദ്ധതികളാണ് ട്രിവ കണ്‍സ്ട്രക്ഷന്‍ ഉടമ ഷാനവാസ് നിര്‍മാണത്തിനായി ജലനധിയില്‍ നിന്ന് കരാറെടുത്തത്. പി എന്‍ പണിക്കര്‍ ഫൌണ്ടേഷന് കീഴിലുള്ള കേഡസ് ആയിരുന്നു ഏജന്‍സി. ആറു പദ്ധതിയുടെ കിണര്‍ നിര്‍മാണം പൂര്‍ത്തിയായി. 28 ലക്ഷം രൂപ ചെലവായി. 10 ലക്ഷം രൂപ നല്‍കി. ഇതിനിടെ ഫണ്ട് നല്‍കുന്നതില്‍ ജലനിധി വീഴ്ച വ‌രുത്തിയതോടെ കേഡസ് പിന്മാറി. കേഡസ് പിന്മാറുമ്പോള്‍ 18 ലക്ഷം രൂപ കുടിശ്ശിക ഉണ്ട്. പിന്നീട് വന്ന ജി പാറ്റ് നിര്‍മാണം തുടരാന്‍ നിര്‍ദേശിച്ചു. എന്നാല്‍ കുടിശ്ശിക നല്‍കാനോ നിര്‍മാണ ചെലവിലുണ്ടായ വര്‍ധന അംഗീകരിക്കാനോ പഞ്ചായത്തോ ജലനിധിയോ തയാറായില്ല.

നിര്‍മാണം പൂര്‍ത്തീകരിച്ചാല്‍ പണം ലഭിക്കുമെന്ന പ്രതീക്ഷയില്‍ കെഎഫ്‍സിയില്‍ നിന്ന് ലോണെടുത്ത ഷാനവാസ് രണ്ട് പദ്ധതി പൂര്‍ത്തീകരിച്ചു. എന്നാല്‍ പദ്ധതിയില്‍ നിന്ന് കുടിവെള്ള വിതരണം തുടങ്ങി നാലുവര്‍ഷമായിട്ടും ചെലവായ നാല്പത് ലക്ഷത്തോളം രൂപ കിട്ടിയില്ല. വായ്പ കുടിശ്ശിക 29 ലക്ഷം എത്തിയതോടെ കെഎഫ്‍സി വീട്ടില്‍ ജപ്തി നോട്ടീസും പതിച്ചു

ആദ്യ ഏജന്‍സിയുടെ കണക്കുകള്‍ അംഗീകരിക്കാത്ത ജലധിധി മൂന്നരലക്ഷം രൂപ മാത്രമേ നല്‍കാനുള്ളൂ എന്ന നിലപാടിലാണ്. ജലനിധിയും പഞ്ചായത്തധികൃതരും ഏജന്‍സികളെയും കരാറുകാരെയും പറ്റിക്കുകയാണെന്ന നിലപാടാണ് കേഡസിന്. കടംവീടാനായി ഷാനവാസ് ഗള്‍ഫില്‍ പോയെങ്കിലും വിജയകരമായില്ല. ജലനിധിയില്‍ നിന്ന് കുടിശ്ശിക ലഭിച്ചില്ലെങ്കില്‍ കിടപ്പാടം നഷ്ടപ്പെടുമെന്ന അവസ്ഥയിലാണ് ഷാനവാസ്.

TAGS :

Next Story