തിരുവനന്തപുരം മെഡിക്കല്‍ കോളജിലെ ഡയാലിസിസ് യൂണിറ്റില്‍ വീണ്ടും അണുബാധ
ഡയാലിസിസിനുപയോഗിക്കുന്ന ഫ്ലൂയിഡിലാണ് അണുബാധ കണ്ടെത്തിയത്. ഇത് രണ്ടാം തവണയാണ് അണുബാധയുണ്ടാവുന്നത്.

തിരുവനന്തപുരം മെഡിക്കൽ കോളജിലെ ഡയാലിസിസ് യൂണിറ്റിൽ അണുബാധ. ആറ് രോഗികളിലാണ് ബാക്റ്റീരിയൽ അണുബാധ സ്ഥിരീകരിച്ചത്. യൂണിറ്റിലെ ഉപകരണങ്ങൾ അണുവിമുക്തമാക്കുന്നതിനുള്ള നടപടികൾ സ്വീകരിച്ചതായി മെഡിക്കൽ കോളജ് അധികൃതർ വ്യക്തമാക്കി.
കഴിഞ്ഞ ശനിയാഴ്ചയാണ് ഡയാലിസിസ് യൂണിറ്റിൽ അണുബാധ കണ്ടെത്തിയത്. ചികിൽസയിലിരുന്ന രോഗികളിൽ ചിലർക്ക് പനി വന്നതിനെ തുടർന്ന് നടത്തിയ പരിശോധനയിലാണ് അണുബാധയുടെ സ്ഥിരീകരണം. മരുന്നുകൾ നൽകുന്ന ഫ്ലൂയിഡിലാണ് ബാക്റ്റീരിയൽ അണുബാധ കണ്ടെത്തിയത്. എന്നാൽ എവിടെ നിന്നുമാണ് അണുബാധ ഉണ്ടായതെന്ന് കണ്ടെത്താനായില്ല. ഇത് രണ്ടാം തവണയാണ് മെഡിക്കൽ കോളജിലെ ഡയാലിസിസ് യൂണിറ്റിൽ അണുബാധയുണ്ടാകുന്നത്. ആറുമാസം മുമ്പും അണുബാധ കണ്ടെത്തിയിരുന്നു.
അതേസമയം കൃത്യസമയത്ത് അണുബാധ കണ്ടെത്താനായെന്നും തുടർനടപടികൾ സ്വീകരിച്ചുവെന്നും മെഡിക്കൽ കോളജ് അധികൃതർ അറിയിച്ചു. യൂണിറ്റിലെ ഉപകരണങ്ങളുടെ ശുദ്ധീകരണം ചികിൽസ മുടങ്ങാതെ പൂർത്തിയാക്കുമെന്നും മെഡിക്കൽ കോളജ് സൂപ്രണ്ട് വ്യക്തമാക്കി. അടിക്കടി അണുബാധയുണ്ടാകുന്ന പശ്ചാത്തലത്തിൽ പ്രശ്‌നത്തിന് ശാശ്വത പരിഹാരം കാണുന്നതിനുള്ള തയ്യാറെടുപ്പിലാണ് മെഡിക്കൽ കോളജ്.
Adjust Story Font
16

