Quantcast

കന്യാസ്ത്രീ രേഖാമൂലം പരാതി നൽകിയില്ലെന്ന കർദിനാളിന്റെ വാദം പൊളിയുന്നു; പരാതിയുടെ പകര്‍പ്പ് മീഡിയവണിന്

ബിഷപ്പിന്റെ ദുരുദ്ദേശത്തോടെയുള്ള സമീപനം സഹിക്കാവുന്നതിനും അപ്പുറമാണെന്നും സഭ വിട്ടുപോകുന്നതിനെപ്പറ്റി ആലോചിക്കുന്നുവെന്നും കന്യാസ്ത്രീ പരാതിയില്‍ പറയുന്നു.

MediaOne Logo

Web Desk

  • Published:

    15 July 2018 10:39 AM GMT

കന്യാസ്ത്രീ രേഖാമൂലം പരാതി നൽകിയില്ലെന്ന കർദിനാളിന്റെ വാദം പൊളിയുന്നു; പരാതിയുടെ പകര്‍പ്പ് മീഡിയവണിന്
X

ജലന്ധര്‍ ബിഷപ്പിനെതിരായ പരാതി കന്യാസ്ത്രീ രേഖാമൂലം നല്‍കിയില്ലെന്ന കര്‍ദിനാളിന്റെ വാദം പൊളിയുന്നു. 2017 ജൂലൈ 11ന് ആണ് കന്യാസ്ത്രീ മാര്‍ ജോര്‍ജ് ആലഞ്ചേരിക്ക് പരാതി നല്‍കിയത്. ബിഷപ്പ് നേരിട്ടും ഫോണിലൂടെയും അപമാനിക്കുന്നതായും ബിഷപ്പിന്റെ ചെയ്തികള്‍ പരാതിയില്‍ വിശദമായി എഴുതി നല്‍കാന്‍ കഴിയാത്ത വിധമാണെന്നും പരാതിയില്‍ പറയുന്നു. കന്യാസ്ത്രീയുടെ പരാതിയുടെ പകര്‍പ്പ് മീഡിയവണിന് ലഭിച്ചു.

ജലന്ധർ ബിഷപ്പിനെരെ കന്യാസ്ത്രീ പരാതി ഒന്നും പറഞ്ഞിട്ടില്ലെന്നായിരുന്നു വിവാദം ഉയര്‍ന്ന് വന്നപ്പോൾ തന്നെ കർദ്ദിനാൾ പറഞ്ഞിരുന്നത്. എന്നാൽ കന്യാസ്ത്രീ കര്‍ദിനാളിന് 2017 ജൂലൈ 11ന് തന്നെ പരാതി രേഖാമൂലം തന്നെ നല്‍കിയിരുന്നു. ഈ പരാതിയുടെ പകർപ്പാണ് മീഡിയവണിന് ലഭിച്ചത്. ബിഷപ്പ് ഫ്രാങ്കോ മുളയ്ക്കല്‍ നേരിട്ടും ഫോണിലൂടെയും തന്നെ അപമാനിച്ചു എന്ന് പറഞ്ഞ് തുടങ്ങുന്ന പരാതിയിൽ ബിഷപ്പിന്റെ ദുരുദ്ദേശത്തോടെയുള്ള സമീപനം സഹിക്കാവുന്നതിനും അപ്പുറമാണെന്നും പറയുന്നു.

സഭ വിട്ടുപോകുന്നതിനെപ്പറ്റി ആലോചിച്ചു. ബിഷപ്പിന്റെ ചെയ്തികള്‍ പരാതിയില്‍ വിശദമായി എഴുതി നല്‍കാന്‍ കഴിയാത്ത അത്രയും മോശമാണ്. കന്യാസ്ത്രീകള്‍ നേരിടുന്ന ഗുരുതരമായ പ്രശ്‌നങ്ങള്‍ പരിഹരിക്കാന്‍ കര്‍ദിനാള്‍ ഇടപെടണമെന്നും കന്യാസ്ത്രീ പരാതിയിൽ ആവശ്യപ്പെട്ടിരുന്നു.

കര്‍ദിനാളിനെ നേരിട്ട് കണ്ട് പരാതി പറയാന്‍ ആഗ്രഹിക്കുന്നതായും പരാതിയിൽ പറയുന്നുണ്ട്. പാലാ ബിഷപ്പിനോട് പരാതി പറഞ്ഞപ്പോള്‍ കര്‍ദിനാളിനെ സമീപിക്കാന്‍ നിര്‍ദേശിച്ചതായും കത്തിലുണ്ട്. ചെവ്വാഴ്ചയോ ബുധനാഴ്ചയോ അന്വേഷണസംഘം കര്‍ദിനാളിന്റെ മൊഴിയെടുക്കും. പാലാ ബിഷപ്പ് ജോസഫ് കല്ലറങ്ങാട്ടില്‍, കുറവിലങ്ങാട് പള്ളി വികാരി ജോസഫ് തടത്തില്‍ എന്നിവരുടെ മൊഴി ഇന്നലെ രേഖപ്പെടുത്തിയിരുന്നു.

TAGS :

Next Story