Quantcast

കനത്ത മഴയില്‍ സംസ്ഥാനത്ത് ഇന്ന് നാല് മരണം

കോട്ടയത്ത് മൂന്ന് സ്ഥലത്ത് ഉരുള്‍പൊട്ടി. പാലായും ഈരാറ്റപേട്ടയും വെള്ളത്തിനടിയിലാണ്. ഇടുക്കിയില്‍ രണ്ട് സ്ഥലത്ത് ഉരുള്‍പൊട്ടി.

MediaOne Logo

Web Desk

  • Published:

    16 July 2018 3:35 PM GMT

കനത്ത മഴയില്‍ സംസ്ഥാനത്ത് ഇന്ന്  നാല് മരണം
X

കനത്ത മഴയില്‍ ഇന്ന് സംസ്ഥാനത്ത് നാല് മരണം. കോട്ടയത്തും കൊല്ലത്തും രണ്ട്പേര്‍ വീതമാണ് മരിച്ചത്. കോട്ടയത്ത് മൂന്ന് സ്ഥലത്ത് ഉരുള്‍പൊട്ടി. പാലായും ഈരാറ്റപേട്ടയും വെള്ളത്തിനടിയിലാണ്. ഇടുക്കിയില്‍ രണ്ട് സ്ഥലത്ത് ഉരുള്‍പൊട്ടി. ജില്ലയിലെ നദികളെല്ലാം കര കവിഞ്ഞ് ഒഴുകുകയാണ്.

കനത്ത മഴയെ തുടര്‍ന്ന് കോട്ടയത്ത് മധ്യവസ്കന്‍ ആറ്റില്‍ മുങ്ങിമരിച്ചു. ചെറുവള്ളി സ്വദേശി ശിവൻകുട്ടി ആണ് മരിച്ചത്. മേലമ്പാറയിൽ വെള്ളത്തിൽ വീണ് കുന്നത്ത് കെ.വി ജോസഫ് മരിച്ചു. പൂഞ്ഞാർ, തീക്കോയി, കൂട്ടിക്കൽ എന്നിവിടങ്ങളില്‍ ഉരുള്‍പൊട്ടി. ആളപായമില്ല.

കിഴക്കൻ മേഖലയിൽ മഴ കനത്തതോടെ മീനച്ചിലാർ കരകവിഞ്ഞൊഴുകുകയാണ്. പാല, ഈരാറ്റുപേട്ട ടൗണുകൾ അടക്കം വെള്ളത്തിനടിയിലായി. താഴ്ന്ന പ്രദേശങ്ങളിലെല്ലാം വെള്ളം കയറി. 140 ഓളം വീടുകൾ ഭാഗികമായി തകർന്നു. കുമരകം ഒറ്റപ്പെട്ടു. ആലപ്പുഴയിലേക്കും ചേർത്തലയിലേക്കും ഉള്ള കെ.എസ്.ആര്‍.ടി.സി സർവ്വീസുകൾ നിർത്തിവെച്ചു. റോഡ് ഗതാഗതവും പലയിടങ്ങളിലും താറുമാറായി. ഇടുക്കിയില്‍ തൊടുപുഴക്ക് സമീപം മേത്തൊട്ടിയില്‍ ഉരുള്‍പൊട്ടി വീട് ഒലിച്ചുപോയി. വീട്ടിലുള്ളവരെ മാറ്റിപ്പാര്‍പ്പിച്ചതിനാല്‍ അപകടം ഒഴിവായി. മൂലമറ്റം ആശ്രമം റോഡിന് സമീപം ഉടുമ്പന്നൂരും ഉരുള്‍പൊട്ടി. കൃഷിനാശവും ഉണ്ടായി.

ഇടുക്കിയില്‍ ഡാമുകളില്‍ ജലനിരപ്പ് ഉയര്‍ന്നു. മുല്ലപ്പെരിയാര്‍ ഡാമിലെ ജലനിരപ്പ് ഒന്നര ആഴ്ചക്കിടെ 117- 130 ആയി ഉയര്‍ന്നു. ഇരട്ടയാര്‍, പാമ്പാര്‍, കല്ലാര്‍, പെരിയാര്‍ എന്നിവ കരകവിഞ്ഞ് ഒഴുകുകകയാണ്. കനത്ത മഴയില്‍ 24 വീടുകള്‍ പൂര്‍ണമായും 45 വീടുകള്‍ ഭാഗികമായും തകര്‍ന്നു. -ശക്തമായ മണ്ണിടിച്ചിലിൽ ഇടുക്കി നാളിയാനി - കുളമാവ് റോഡ് ഒലിച്ചുപോയി. 150 ഓളം കുടുംബങ്ങൾ ഒറ്റപ്പെട്ടു.

കൊല്ലത്ത് മുറിച്ച് മാറ്റിയ മരം വീണ് ചവറ സ്വദേശി ബനഡിക്ടും തേവലക്കരയിൽ ഷോക്കേറ്റ് ആറാം ക്ലാസ് വിദ്യാര്‍ഥി അനൂപും മരിച്ചു. മലപ്പുറത്തിന്റെ തീരദേശ മേഖലകളിൽ കടലാക്രമണം രൂക്ഷമാണ്. പൊന്നാനി ഭാഗങ്ങളിലും വീടുകളിൽ വെള്ളം കയറി. പാലപ്പെട്ടിയിൽ 20 ഓളം കുടുംബങ്ങൾ ബന്ധുവീടുകളിലേക്ക് താമസം മാറി. തിരുവനന്തപുരം ഭീമാപള്ളിയില്‍ കടലാക്രമണം രൂക്ഷമാണ്. വീടിന്റെ മതിലിടിഞ്ഞ് വീണ് മൂന്ന് പേര്‍ക്ക് പരിക്കേറ്റു.

TAGS :

Next Story