സുരക്ഷിതത്വമോ മതിയായ ഓട്ടമോ ഇല്ലാതെ ഷീ ടാക്സി ഡ്രൈവര്‍മാര്‍
ജന്‍ഡര്‍ പാര്‍ക്കിന്‍റെ കീഴിലായിരുന്ന ഷീ ടാക്സി ഒരുവര്‍ഷം മുമ്പ് വനിതാ വികസന കോര്‍പ്പറേഷന്‍ ഏറ്റെടുത്തോടെ പ്രതിസന്ധി ആരംഭിച്ചു. നേരത്തെ ഉണ്ടായിരുന്ന കോള്‍ സെന്‍റര്‍ ഇല്ലാതായി.

സ്ത്രീ സുരക്ഷക്കായി കഴിഞ്ഞ സര്‍ക്കാര്‍ കൊട്ടിഘോഷിച്ച് ആരംഭിച്ച ഷീ ടാക്സി പദ്ധതി പ്രതിസന്ധിയില്‍. സുരക്ഷിതയാത്രക്കായുള്ള സംവിധാനങ്ങളോ മതിയായ ഓട്ടമോ ഇല്ലാതെ വലയുകയാണ് സംസ്ഥാനത്തെ ഷീ ടാക്സി ഡ്രൈവര്‍മാര്‍. തങ്ങളുടെ പ്രശ്നങ്ങള്‍ ചൂണ്ടിക്കാട്ടി മുഖ്യമന്ത്രിക്കും വനിതാകമ്മീഷനും പരാതി നല്‍കി കാത്തിരിക്കുകയാണ് ഇവര്‍.
2013ല്‍ സ്ത്രീകളുടെ സുരക്ഷ മുന്‍നിര്‍ത്തിയാണ് തിരുവനന്തപുരം, കൊച്ചി, കോഴിക്കോട് നഗരങ്ങളില്‍ സുരക്ഷാ സൌകര്യങ്ങള്‍ ഒരുക്കി ഷീ ടാക്സി രംഗത്ത് വന്നത്. പദ്ധതി മറ്റ് ജില്ലകളിലേക്ക് കൂടി വ്യാപിപ്പിക്കാനും ലക്ഷ്യമിട്ടിരുന്നു. തിരുവനന്തപുരത്ത് മാത്രം 30 ഓളം ഡ്രൈവര്‍മാരാണ് ഉണ്ടായിരുന്നത്. എന്നാല്‍ ജന്‍ഡര്‍ പാര്‍ക്കിന്‍റെ കീഴിലായിരുന്ന ഷീ ടാക്സി ഒരുവര്‍ഷം മുമ്പ് വനിതാ വികസന കോര്‍പ്പറേഷന്‍ ഏറ്റെടുത്തോടെ പ്രതിസന്ധി ആരംഭിച്ചു. നേരത്തെ ഉണ്ടായിരുന്ന കോള്‍ സെന്‍റര്‍ ഇല്ലാതായി. ഒപ്പം സുരക്ഷാ സംവിധാനങ്ങളും എടുത്തു മാറ്റി.
വനിതാ വികസന കോര്‍പ്പറേഷനില്‍ നിന്നും ബാങ്കുകളില്‍ നിന്നും വായ്പ എടുത്താണ് പലരും വണ്ടി വാങ്ങിയിരുന്നത്. കാര്യമായ ഓട്ടം ലഭിക്കാതായതോടെ തിരിച്ചടവും മുടങ്ങി. തലസ്ഥാനത്ത് ചില വണ്ടികള്‍ ബാങ്കുകാര്‍ പിടിച്ചെടുത്തതായും ഇവര്‍ പറയുന്നു. പലതവണ പ്രതിഷേധം അറിയിച്ചിട്ടും നടപടി ഉണ്ടാകാത്തതിനെ തുടര്‍ന്ന് മുഖ്യമന്ത്രിക്കും സാമൂഹ്യനീതി വകുപ്പ് മന്ത്രി കെ കെ ശൈലജക്കും വനിതാകമ്മീഷനും പരാതി നല്‍കി. സുരക്ഷാ സൌകര്യം ഉറപ്പാക്കി ജോലി ചെയ്യാനുള്ള അവസരം ഉറപ്പാക്കണമെന്നാണ് ഷീ ടാക്സിക്കാരുടെ ആവശ്യം. ഷീ ടാക്സി പദ്ധതി ഉപേക്ഷിക്കില്ലെന്നും സാങ്കേതിക പ്രശ്നങ്ങള്‍ ഉടന്‍ പരിഹരിക്കുമെന്നുമാണ് വനിതാ വികസന കോര്‍പ്പറേഷന്‍റെ വിശദീകരണം.
Adjust Story Font
16

