Quantcast

ആദ്യ വനിതാ പൊലീസ് ബറ്റാലിയൻ കർമരംഗത്തേക്ക‌്

31ന‌് തൃശൂര്‍ കേരള പോലീസ് അക്കാദമി പരേഡ‌് ഗ്രൗണ്ടില്‍ നടക്കുന്ന പാസിങ‌് ഔട്ട‌് പരേഡില്‍ മുഖ്യമന്ത്രി പിണറായി വിജയന്‍ അഭിവാദ്യം സ്വീകരിക്കും

MediaOne Logo

Web Desk

  • Published:

    30 July 2018 6:10 AM GMT

ആദ്യ വനിതാ പൊലീസ് ബറ്റാലിയൻ കർമരംഗത്തേക്ക‌്
X

സ്ത്രീ സുരക്ഷാ നടപടികൾ ഫലപ്രദമാക്കുന്നതിനായി പ്രത്യേകം രൂപീകരിച്ച ആദ്യ വനിതാ പൊലീസ് ബറ്റാലിയൻ കർമരംഗത്തേക്ക‌്. തൃശൂർ രാമവർമപുരം പൊലീസ് അക്കാദമിയിൽ കമാൻഡോ പരിശീലനവും നൈറ്റ‌് ഫയറിങ്ങിന്റെ പാഠങ്ങളുമായി ഹൈടെക‌് പരിശീലനം നേടിയ 577 വനിതാ റിക്രൂട്ടുകളാണ‌് ജൂലൈ 31ന‌് പാസിംഗ് ഔട്ട്‌ കഴിഞ്ഞ് കര്‍മരംഗത്തിറങ്ങുക.

577 വനിതാ സിവിൽ പൊലീസ് ഓഫീസർമാരെ അതിവേഗമാണ‌് റിക്രൂട്ട‌് ചെയ‌്തത‌്. 31ന‌് തൃശൂര്‍ കേരള പോലീസ് അക്കാദമി പരേഡ‌് ഗ്രൗണ്ടില്‍ നടക്കുന്ന പാസിങ‌് ഔട്ട‌് പരേഡില്‍ മുഖ്യമന്ത്രി പിണറായി വിജയന്‍ അഭിവാദ്യം സ്വീകരിക്കും.

കേരളത്തില്‍ ആദ്യമായി വനിത ഇന്‍സ്ട്രക്ടര്‍മാരുടെ നേതൃത്വത്തില്‍ വിദഗ്ധ പരിശീലനം ലഭിച്ചിട്ടുള്ളവരാണ് ഈ ബാച്ചിലെ വനിതാ ട്രെയിനികള്‍. അടിസ്ഥാന നിയമങ്ങള്‍ക്കും, വിവിധ സ്‌പെഷ്യല്‍ നിയമങ്ങള്‍ക്കും പുറമേ കളരി, യോഗ, കരാട്ടേ, നീന്തല്‍, ഡ്രൈവിങ്, കംപ്യൂട്ടര്‍, സോഫ്റ്റ് സ്‌കില്ലുകള്‍, ഫയറിങ്, ആയുധങ്ങള്‍, വനത്തിനുള്ളിലെ പരിശീലനം, സ്ത്രീകളുടെയും കുട്ടികളുടെയും ട്രാന്‍സ്‌ജെന്‍ഡര്‍ വിഭാഗങ്ങളുടെയും പ്രശ്‌നങ്ങള്‍ കൈകാര്യം ചെയ്യല്‍, ദുരന്തനിവാരണം തുടങ്ങി വിവിധ മേഖലകളിലും പരിശീലനം നല്‍കിയിട്ടുണ്ട്. ഐക്യരാഷ്‌ട്രസഭ വിമൺ ട്രെയിനിങ് സെന്റർ ഇ-ലേണിങ് കാമ്പസിലെ പരിശീലനവും ലഭിച്ചാണ് ഇവർ പുറത്തിറങ്ങുന്നത് ഇവര്‍ക്കായി പുതിയ ഡിസൈനിലുള്ള യൂണിഫോമും തയ്യാറായിട്ടുണ്ട്.

ഇവരിൽ തെരഞ്ഞെടുക്കപ്പെട്ട 44 പേരെ ഉൾപ്പെടുത്തിയാണ‌് കേരളത്തിലെ ആദ്യ വനിതാ കമാൻഡോ വിഭാഗം രൂപീകരിച്ചത‌്. മൂന്നാറിൽ ഹൈ ആൾട്ടിറ്റ്യൂഡ‌് പരിശീലനം നൽകി. ജംഗിൾ ട്രെയിനിങ്ങും ബാച്ചുകളാക്കി നൽകി. സാധാരണ ഉപയോഗിക്കാറുള്ള പിസ‌്റ്റൾ, ഓട്ടോമാറ്റിക‌് ഗൺ എന്നിവയ‌്ക്കുപുറമെ എകെ 47 ഉപയോഗിച്ചുള്ള പരിശീലനവും ഇവർക്ക‌് നൽകി.

പരിശീലനം പൂർത്തിയാക്കിയവരിൽ 19 ബി.ടെക്. ബിരുദധാരികളുണ്ട്. ബിരുദാനന്തരബിരുദമുള്ളത് 82 പേർക്കാണ്. എം.ബി.എ., എം.സി.എ., പോളിടെക്നിക്, ടി.ടി.സി., ബി.എഡ്. തുടങ്ങി പ്രൊഫഷണൽ യോഗ്യതകളുള്ളവരെല്ലാം ഇതിൽ ഉൾപ്പെട്ടിട്ടുണ്ട്. തിരുവനന്തപുരം കഴക്കൂട്ടം മേനംകുളത്താണ‌് ബറ്റാലിയൻ ആസ്ഥാനം.

TAGS :

Next Story