Quantcast

പ്രളയക്കെടുതിയിലും വിദ്വേഷം: ‘ബീഫ് തിന്നുന്നവർക്ക് സഹായം നൽകരുത് ‘, ട്വിറ്ററിൽ കേരളത്തിനെതിരെ ക്യാമ്പയിൻ 

MediaOne Logo

Web Desk

  • Published:

    19 Aug 2018 1:03 PM GMT

പ്രളയക്കെടുതിയിലും വിദ്വേഷം: ‘ബീഫ് തിന്നുന്നവർക്ക് സഹായം നൽകരുത് ‘, ട്വിറ്ററിൽ കേരളത്തിനെതിരെ ക്യാമ്പയിൻ 
X

നൂറ്റാണ്ടിലെ മഹാപ്രളയം തീർത്ത ദുരന്ത ഘട്ടത്തിലൂടെ കടന്നു പോയിക്കൊണ്ടിരിക്കുകയാണ് കേരളം. ഇത് വരേയ്ക്കും മുന്നൂറിലധികം ജീവനുകൾ നഷ്ടമാവുകയും ആയിരങ്ങൾ ദുരിതാശ്വാസ ക്യാമ്പുകളിലേക്ക് മാറ്റപ്പെടുകയും ചെയ്തു. പത്തൊമ്പതിനായിരം കോടിയിലതികം രൂപയുടെ നഷ്ടം സംഭവിച്ചതായാണ് ഔദ്യോഗിക കണക്ക്. ദുരിതത്തിലായ കേരളത്തിന് സഹായ ഹസ്തവുമായി ലോകമെമ്പാടുമുള്ള സുമനസ്സുകൾ മുന്നോട്ട് വരുന്നുണ്ട്. എന്നാൽ, ഇതിനിടയിലും സംസ്ഥാനത്തിനെതിരെ വിദ്വേഷ പ്രചാരണം നടത്തുകയാണ് ചിലർ. ബീഫ് തിന്നുന്നവരാണെന്നും സഹായം നൽകരുതെന്നും പറഞ്ഞു കൊണ്ടാണ് ട്വിറ്ററിൽ കേരളത്തിനെതിരെ ഹേറ്റ് ക്യാമ്പയിൻ നടക്കുന്നത്.

വിദ്വേഷ പോസ്റ്റുകളിൽ അധികവും സംഘ് പരിവാർ ബന്ധമുള്ള ട്വിറ്റെർ ഹാൻഡിലുകളിൽ നിന്നാണ് വന്നിട്ടുള്ളത്. പശുവിനെ കൊല്ലുന്ന സംസ്ഥാനമാണ് കേരളമെന്നും അവരെ രക്ഷിച്ചാൽ അവർ ബീഫ് ചോദിക്കും എന്നുമൊക്കെയുള്ള പോസ്റ്റുകളാണ് ട്വിറ്ററിൽ പ്രചരിക്കുന്നത്.

നേരത്തെ കേരളത്തിലെ ഹിന്ദുക്കൾക്ക് വേണ്ടി മാത്രം സഹായം നൽകണം എന്ന രീതിയിൽ വലതുപക്ഷ എഴുത്തുകാരനായ രാജീവ് മൽഹോത്രയും ട്വിറ്ററിൽ പോസ്റ്റിട്ടിരുന്നു. ട്വിറ്ററിൽ പ്രധാനമന്ത്രി നരേന്ദ്ര മോദിയും ബിജെപി അധ്യക്ഷൻ അമിത് ഷായും പിന്തുടരുന്നയാളാണ് രാജീവ് മൽഹോത്ര.

പ്രളയക്കെടുതി നേരിടുന്ന കേരളത്തെ ഗൾഫ് രാജ്യങ്ങളുൾപ്പെടെ പലരും സഹായിക്കാൻ മുന്നോട്ടു വന്ന സാഹചര്യത്തിലാണ് രാജ്യത്തിനകത്തു തന്നെ ഇത്തരം വിദ്വേഷ പ്രചാരണങ്ങൾ നടക്കുന്നത്.

വെള്ളം കയറിയ വീടുകളിൽ നിന്നും രക്ഷപ്പെടുത്തി ദുരിതാശ്വാസ ക്യാമ്പുകളിൽ എത്തിച്ചവർക്ക് മാറിയുടുക്കാൻ വസ്ത്രങ്ങൾ പോലുമില്ലാത്ത സാഹചര്യമാണ്. നിരവധി വീടുകളാണ് വെള്ളപ്പൊക്കത്തിലും ഉരുള്പൊട്ടലിലുമായി തകർന്നു പോയത്. റോഡുകളും റെയിൽ പാതകളും തകർന്ന് ഗതാഗതം സ്തംഭിച്ച സ്ഥിതിവിശേഷവും ഉണ്ട്. വറുതിയിലായ കേരളത്തെ കരകയറ്റാൻ അടിയന്തര സഹായം ആവശ്യമുള്ള ഘട്ടത്തിലാണ് ഇത്തരം വിദ്വേഷ പ്രചാരണങ്ങൾ സംസ്ഥാനത്തിനെതിരെ നടക്കുന്നത്.

TAGS :

Next Story