Quantcast

വള്ളങ്ങള്‍ തകര്‍ന്നിട്ടും തളര്‍ന്നില്ല; രാവ് പകലാക്കി മത്സ്യത്തൊഴിലാളികള്‍

കര്‍ക്കിടകം കഴിഞ്ഞ് കടല്‍,കൊയ്ത്തിന് തയ്യാറായി നില്‍ക്കുന്നു.ആ സമ്പത്ത് ഒഴിവാക്കുമ്പോഴുണ്ടാകുന്ന വലിയ നഷ്ടം രക്ഷപ്പെടുത്തിയ ജീവനുകളുടെ കണക്ക് നോക്കുമ്പോള്‍ തുച്ഛമെന്ന് പറയുന്നുണ്ടാകും ഓരോ തൊഴിലാളിയും.

MediaOne Logo

Web Desk

  • Published:

    19 Aug 2018 3:10 PM GMT

വള്ളങ്ങള്‍ തകര്‍ന്നിട്ടും തളര്‍ന്നില്ല; രാവ് പകലാക്കി മത്സ്യത്തൊഴിലാളികള്‍
X

നഗരവും ഗ്രാമവും നിലയില്ലാക്കയമായപ്പോള്‍ നൂറു കണക്കിന് മത്സ്യത്തൊഴിലാളികള്‍ ആണ് രക്ഷിക്കാന്‍ ഓടിയെത്തിയത്. രാവ് പകലാക്കിയുള്ള രക്ഷാപ്രവര്‍ത്തനം. കടലില്‍ തുഴയെറിയുന്നവര്‍ പുഴയുടെ കുത്തൊഴുക്കിനെ ഭയന്നില്ല. സഹായിക്കാനെത്തണമെന്ന അധികൃതരുടെ വിളികള്‍ക്ക് കാത്തിരുന്നുമില്ല.

കിട്ടിയ ലോറികളില്‍ വള്ളം കയറ്റി കുതിച്ചു. തിരുവനന്തപുരത്തു നിന്ന്, കൊല്ലത്തു നിന്ന്, ആലപ്പുഴയില്‍ നിന്ന്. പ്രദേശം പരിചയമില്ല. വെള്ളത്തിനടിയില്‍ വള്ളം മറിക്കാന്‍ പാകത്തില്‍ കെട്ടിടങ്ങളോ മരങ്ങളോ ഉണ്ടോ എന്നറിയില്ല. ഇതൊന്നും ജീവന്‍ രക്ഷിക്കാനുള്ള ശ്രമത്തിന് തടയായില്ല. ദുരിത നിവാരണ സേനയോ നാവിക സേനയോ എത്തുന്നതിന് മുമ്പ് രക്ഷിച്ചത് പതിനായിരങ്ങളെ.

ഒരുവട്ടം വിളിച്ചിട്ട് വരാതിരുന്നവര്‍ പിന്നീട് കേഴുന്ന കാഴ്ച പലകുറി കണ്ടു. അപ്പോഴൊക്കെ മടി കൂടാതെ വള്ളമിറക്കി. ഈ പാച്ചിലിനിടെ ചില വള്ളങ്ങള്‍ തകര്‍ന്നപ്പോഴും തളരാതെ. ട്രോളിംഗ് നിരോധനം കഴിഞ്ഞ നാളുകള്‍. കര്‍ക്കിടകം കഴിഞ്ഞ് കടല്‍, കൊയ്ത്തിന് തയ്യാറായി നില്‍ക്കുന്നു. ആ സമ്പത്ത് ഒഴിവാക്കുമ്പോഴുണ്ടാകുന്ന വലിയ നഷ്ടം രക്ഷപ്പെടുത്തിയ ജീവനുകളുടെ കണക്ക് നോക്കുമ്പോള്‍ തുച്ഛമെന്ന് പറയുന്നുണ്ടാകും ഓരോ തൊഴിലാളിയും.

TAGS :

Next Story