Quantcast

സ്നേഹ കൂട്ടായ്മയുടെ കാഴ്ച്ചകളൊരുക്കി തടിയൻപാട്

MediaOne Logo

Web Desk

  • Published:

    25 Aug 2018 2:45 AM GMT

സ്നേഹ കൂട്ടായ്മയുടെ കാഴ്ച്ചകളൊരുക്കി തടിയൻപാട്
X

പ്രളയക്കെടുതിയില്‍ ദുരിതം അനുഭവിക്കുന്ന ഒരു കൂട്ടം ആളുകള്‍ക്ക് തുണയേകാന്‍ എത്തിയ സോളിഡാരിറ്റി പ്രവര്‍ത്തകര്‍ക്ക് ജുമുഅ നമസ്കാരത്തിന് സ്ഥലം ഒരുക്കി ക്രിസ്ത്യന്‍ ദേവാലയം. ഇടുക്കി ജില്ലയിലെ പ്രളയക്കെടുതിയില്‍ ഏറെ ദുരിതം അനുഭവിച്ച പ്രദേശമായ തടിയൻപാട്ടാണ് മനുഷ്യനെന്ന സുന്ദര പദത്തെ അന്വര്‍ത്തമാക്കിയ സംഭവങ്ങളുണ്ടായത്. ചെളിയും മണ്ണും നിറഞ്ഞ വീടുകള്‍ കഴിഞ്ഞ രണ്ട് ദിവസമായി സോളിഡാരിറ്റി പ്രവര്‍ത്തർത്തകരും നാട്ടുകാരും വൃത്തിയാക്കിക്കൊണ്ടിരിക്കുകയാണ്.

ഇടുക്കി ഡാം തുറന്ന് ജലം കുത്തിയൊഴികി എത്തിയ ഇടുക്കി ജില്ലയിലെ തടിയൻപാട്, പേമാരി നാശം വിതച്ച് ഒറ്റപ്പട്ട അവസ്ഥയിലാണ്. ദുരിതാശ്വാസ പ്രവര്‍ത്തകര്‍ക്ക് പോലും എത്തപ്പെടാന്‍ ഏറെ ബുദ്ധിമുട്ടുള്ള പ്രദേശമാണ് ഇവിടം. അമ്പതിലേറെ വീടുകളാണ് പൂര്‍ണ്ണമായും ചെളിയും മണ്ണും നിറഞ്ഞ് വാസയോഗ്യമല്ലാതായിരിക്കുന്നത്. അഞ്ച് ദിവസത്തെ ദുരിതാശ്വാസ പ്രവര്‍ത്തനങ്ങള്‍ക്കായി എഴുപതഞ്ചോളം വരുന്ന സോളിഡാരിറ്റി പ്രവര്‍ത്തകരാണ് ഇവിടെ എത്തിയത്. 2 ദിവസമായി തുടരുന്ന ശുചീകരണ പ്രവര്‍ത്തനങ്ങള്‍ക്കിടെ നാനജാതി മതസ്ഥരായ പ്രദേശവാസികളും ഇവർക്ക് പിന്തുണയുമായി രംഗത്തെത്തിയിരുന്നു. വെള്ളിയാഴ്ച ദിനത്തെ ജുമുഅ നിസ്കാരത്തിനായി തകര്‍ന്ന വഴികളിലൂടെ കിലോമീറ്റരുകള്‍ താണ്ടേണ്ട സോളിഡാരിറ്റി പ്രവര്‍ത്തകരുടെ അവസ്ഥ മനസ്സിലാക്കിയാണ് തടിയന്‍പാട് ഫാത്തിമ മാതാ പള്ളി വികാരി പ്രാത്ഥനാക്കായി ഇടമൊരുക്കിയത്.

നാനാ ജാതി മതസ്ഥരായ കുടേയേറ്റ കര്‍ഷകര്‍ തിങ്ങിപാര്‍ക്കുന്ന ഇടമാണ് തടിയന്‍പാട് പ്രദേശം. ചെറുതോണി ഡാം തുറന്ന് വെള്ളമെത്തിയ ആദ്യ പ്രദേശങ്ങളിലൊന്നായ തടിയന്‍പാട് കഴിഞ്ഞ ദിവസങ്ങളില്‍ പൂര്‍ണ്ണമായും വെള്ളത്തിനടിയിലായിരുന്നു. ദുരിതാശ്വാസ ക്യാന്പുകള്‍ വിട്ട് പലരും വീടുകളിലെത്തിയപ്പോഴാണ് പാർത്തിരുന്ന വീടിന്റെ അവസ്ഥ മനസ്സിലായത്. ഇവര്‍ക്ക് കൈത്താങ്ങായി രണ്ട് ദിനംകൂടി സോളിഡാരിറ്റി പ്രവര്‍ത്തകര്‍ പ്രദേശത്ത് ശുചീകരണ പ്രവര്‍ത്തനങ്ങള്‍ നടത്തും. 15 ലേറെ വീടുകളാണ് ഇതിനോടകം പ്രവര്‍ത്തകര്‍ വാസയോഗ്യമാക്കിയത്. പ്രതീക്ഷയുടെ നല്ല നാളുകളെ വരവേല്‍ക്കാന്‍ സമൃദ്ധിയുടെ ആഘോഷമായ ഓണം തടിയന്‍പാട്ടെ കര്‍ഷകര്‍ക്കൊപ്പം സോളിഡാരിറ്റി പ്രവര്‍ത്തകര്‍ ഇന്ന് ഒന്നുചേര്‍ന്ന് ആഘോഷിക്കും.

TAGS :

Next Story