Quantcast

ഓണപരീക്ഷയ്ക്ക് പകരം ക്ലാസ് ടെസ്റ്റ്

MediaOne Logo

Web Desk

  • Published:

    1 Sept 2018 8:33 AM IST

ഓണപരീക്ഷയ്ക്ക് പകരം ക്ലാസ് ടെസ്റ്റ്
X

പ്രളയക്കെടുതിയിൽ ക്ലാസുകൾ നഷ്ടപ്പെട്ടത് കാരണം സ്കൂളുകളിൽ ഒന്നാം പാദ പരീക്ഷക്ക് പകരം ക്ലാസ് ടെസ്റ്റ് നടത്താൻ ആലോചന. നഷ്ടപ്പെട്ട പ്രവൃത്തി ദിനം മറികടക്കാൻ പറ്റാത്ത സാഹചര്യം ഉള്ളതിനാൽ അതാത് സ്കൂളുകൾക്ക് പരീക്ഷ നടത്താൻ അനുമതി നൽകാനാണ് സാധ്യത. ഇതിനായി പൊതു വിദ്യാഭ്യാസ വകുപ്പും അധ്യാപക സംഘടനാ പ്രതിനിധികളും യോഗം ഉടൻ ചേരും.

മഴക്കാലത്തെ പതിവ് അവധി മറികടക്കാൻ പ്രവൃത്തി ദിനം പുനഃക്രമീകരിച്ചുവെങ്കിലും പ്രളയത്തോടെ കാര്യങ്ങൾ കൈവിട്ടു. നാലു മുതൽ പതിനെട്ട് പ്രവൃത്തി ദിനങ്ങളാണ് സ്കൂളുകൾക്ക് നഷ്ടപ്പെട്ടത്. തിരുവനന്തപുരം, കൊല്ലം, കാസർകോട് ജില്ല ഒഴികെയുള്ള ജില്ലകളിൽ വലിയ തോതിൽ ക്ലാസുകൾ നഷ്ടപ്പെട്ടു. ആലപ്പുഴ ജില്ലയിലാണ് കൂടുതൽ നഷ്ടം സംഭവിച്ചത്. തീരെ ക്ലാസുകൾ നടക്കാത്ത സ്കൂളുകളും ആലപ്പുഴയിലുണ്ട്. ഇത് മാത്രമല്ല പ്രളയ ദുരന്തത്തിൽ പെട്ട് ഇപ്പോഴും പല സ്ഥലത്തും ക്ലാസുകൾക്ക് ഹാജരാകാൻ കഴിയാത്ത വിദ്യാർഥികളുമുണ്ട്. ഇങ്ങനെ സംഭവിച്ചതിനാൽ പരീക്ഷക്ക് തയ്യാറാവാൻ വേണ്ട അധ്യയനം വിദ്യാർഥികൾക്ക് ലഭിച്ചിട്ടില്ല. ഇനി പരീക്ഷ നടന്നാൽ പത്ത് പ്രവൃത്തി ദിനം കൂടി നഷ്ടമാകും. ഇതോടെയാണ് ചോദ്യ പേപ്പർ അച്ചടിച്ചെങ്കിലും സംസ്ഥാനത്ത് ഒന്നാകെ ഒന്നാം പാദ പരീക്ഷ നടത്തേണ്ടതില്ലെന്ന ആലോചന നടക്കുന്നത്. അതിനാൽ നഷ്ടപ്പെട്ട പ്രവൃത്തി ദിനം ജില്ലകൾ പുനഃക്രമീകരിക്കും. അതാത് സ്കൂളുകൾ തന്നെ പരീക്ഷ ക്ലാസ് ടെസ്റ്റായി നടത്തും. ഇതിന് സ്കൂളുകൾക്ക് അനുമതി നൽകുന്ന സർക്കാരിന്റെ ഉത്തരവ് ഉടനിറക്കും. ഇത് തീരുമാനിക്കാൻ കഴിഞ്ഞ വ്യാഴാഴ്ച യോഗം വിളിച്ചിരുന്നെങ്കിലും മാറ്റുകയായിരുന്നു. ഇതിനിടയിൽ പൊതു വിദ്യാഭ്യാസ വകുപ്പ് ഇടപെട്ട് സിബിഎസ് സി ഐസിഎസ് സി പരീക്ഷകൾ ഈ മാസം പത്തിന് ശേഷമാക്കാൻ തീരുമാനിച്ചിരുന്നു.

അധ്യാപക ദിനാഘോഷം ഉപേക്ഷിക്കാൻ തീരുമാനിച്ചെങ്കിലും കലാ-കായിക-ശാസ്ത്ര മേളകൾ നടത്തുന്നത് സംബന്ധിച്ച് സർക്കാരിന്റെ നയപരമായ തീരുമാനമുണ്ടാകണമെന്നാണ് പൊതു വിദ്യാഭ്യാസ വകുപ്പ് പറയുന്നത്. അക്കാര്യത്തിൽ കൂടി തീരുമാനമെടുക്കാനാണ് ക്വാളിറ്റി ഇംപ്രൂവ്മെന്റ് പ്രോഗ്രാം മോണിട്ടറിംഗ് കമ്മിറ്റിയുടെ യോഗം ഉടൻ ചേരുക.

TAGS :

Next Story