പാലക്കാട് സിപിഐ ജില്ലാ സെക്രട്ടറിക്കെതിരെ അഴിമതി ആരോപണം; പ്രതിഷേധിച്ച് ഒരുവിഭാഗം പാര്‍ട്ടി വിട്ടു
സുരേഷ് രാജ് ആഡംബര ഫ്ലാറ്റ് വാങ്ങിയത് പാർട്ടി തത്വങ്ങൾ ലംഘിച്ചാണെന്നും ഇതിനുളള പണം എവിടെനിന്ന് കിട്ടിയെന്ന് വ്യക്തമാക്കണമെന്നും പ്രവർത്തകർ

സിപിഐ പാലക്കാട് ജില്ലാസെക്രട്ടറി കെ.പി സുരേഷ് രാജിനെതിരെ ഗുരുതര ആരോപണങ്ങളുന്നയിച്ച് ഒരു വിഭാഗം പ്രവർത്തകർ പാർട്ടിയിൽ നിന്ന് രാജി വച്ചു. ഭാര്യയുടെ പേരിൽ 50ലക്ഷം ചെലവിട്ട് പാലക്കാട് ഫ്ലാറ്റ് വാങ്ങിയതിൽ ക്രമക്കേടുണ്ടെന്നും ഇത് വിജിലൻസ് അന്വേഷിക്കണമെന്നുമാണ് ഇവരുടെ ആവശ്യം. എന്നാൽ ആരോപണങ്ങൾ രാഷ്ട്രീയപ്രേരിതമാണെന്നും ഏത് അന്വേഷണവും നേരിടാൻ തയ്യാറെന്നും സുരേഷ് രാജ് പ്രതികരിച്ചു
സിപിഐ പാലക്കാട് ജില്ലാ ഘടകത്തിൽ വിഭാഗീയത കടുക്കുന്നതിനിടെയാണ് ജില്ലാ സെക്രട്ടറിക്കെതിരെ അഴിമതിയാരോപണങ്ങളുമായി ഒരു വിഭാഗം പ്രവർത്തകർ പരസ്യമായി രംഗത്തെത്തിയിരിക്കുന്നത്. കോങ്ങാട് മണ്ഡലം സെക്രട്ടറിയും ജില്ലാ കൌണ്‍സിലര്‍ അംഗവുമായ കെ.കെ രാജന്‍ മാസ്റ്ററുടെ നേതൃത്വത്തില്‍ ഒരു സംഘം പ്രവർത്തകരാണ് പാർട്ടി വിട്ടത്. സുരേഷ് രാജ് ആഡംബര ഫ്ലാറ്റ് വാങ്ങിയത് പാർട്ടി തത്വങ്ങൾ ലംഘിച്ചാണെന്നും ഇതിനുളള പണം എവിടെനിന്ന് കിട്ടിയെന്ന് വ്യക്തമാക്കണമെന്നും പ്രവർത്തകർ ആരോപിക്കുന്നു.
അതേസമയം ബാങ്ക് വായ്പയുൾപ്പെടെ എടുത്താണ് അധ്യാപികയായ ഭാര്യ അവരുടെ പേരിൽ ഫ്ലാറ്റ് വാങ്ങിയതെന്നും ഇതിൽ ക്രമവിരുദ്ധമായൊന്നുമില്ലെന്നും സിപിഐ ജില്ലാ സെക്രട്ടറി വിശദീകരിക്കുന്നു.
ജില്ലാ സെക്രട്ടറിയുടെ നിലപാടിൽ പ്രതിഷേധിച്ച് പ്രാദേശിക നേതാക്കൾ ഉൾപ്പെടെ കൂടുതൽ പ്രവർത്തകർ പാർട്ടി വിടുമെന്ന് വിമതനേതാക്കൾ പറഞ്ഞു. നേതൃത്വത്തിനെതിരെ ആരോപണം ഉന്നയിച്ച 4 മണ്ഡലം കമ്മറ്റികളിലെ അംഗങ്ങള്‍ക്കെതിരെ സിപിഐ ജില്ലാ കമ്മറ്റി നടപടി എടുത്തിരുന്നു. സംസ്ഥാന നേതൃത്വവും കെ.പി സുരേഷ് രാജിനെ സംരക്ഷിക്കുകയാണെന്നും വിമത നേതാക്കള്‍ കുറ്റപെടുത്തി.
Adjust Story Font
16

