Quantcast

പി.കെ ശശിക്കെതിരായ ലൈംഗിക പീഡന പരാതി: സി.പി.എം അന്വേഷണ സംഘം പാർട്ടി പ്രവർത്തകരിൽ നിന്നും മൊഴിയെടുക്കും

സംഭവത്തിന്റെ യഥാർത്ഥ വശം പ്രവർത്തകർക്ക് അറിയാമെന്ന് വനിതാ നേതാവും പി.കെ ശശിയും നേരത്തെ കമ്മീഷനോട് പറഞ്ഞിരുന്നു.

MediaOne Logo

Web Desk

  • Published:

    24 Sep 2018 2:40 AM GMT

പി.കെ ശശിക്കെതിരായ ലൈംഗിക പീഡന പരാതി: സി.പി.എം അന്വേഷണ സംഘം പാർട്ടി പ്രവർത്തകരിൽ നിന്നും മൊഴിയെടുക്കും
X

പി.കെ ശശി എം.എൽ.എക്കെതിരെ ഡി.വൈ.എഫ്.ഐ വനിത നേതാവ് നൽകിയ ലൈംഗിക പീഡന പരാതിയിൽ സി.പി.എം അന്വേഷണ സംഘം പാർട്ടി പ്രവർത്തകരിൽ നിന്നും ഡി.വൈ.എഫ്.ഐ പ്രവർത്തകരിൽ നിന്നും ഇന്ന് മൊഴിയെടുക്കും. സംഭവത്തിന്റെ യഥാർത്ഥ വശം പ്രവർത്തകർക്ക് അറിയാമെന്ന് വനിതാ നേതാവും പി.കെ ശശിയും നേരത്തെ കമ്മീഷനോട് പറഞ്ഞിരുന്നു. അതേസമയം സംഭവത്തിൽ ഒത്തുതീർപ്പിനുളള ശ്രമങ്ങൾ ഇപ്പോഴും നടക്കുന്നതായി സൂചനയുണ്ട്.

പി.കെ ശശിക്കെതിരായ ആരോപണത്തിന്മേൽ അന്വേഷണ റിപ്പോർട്ട് സമർപ്പിക്കാൻ ഇനി ദിവസങ്ങൾ ബാക്കിനിൽക്കെയാണ് അന്വേഷണ സമിതി നാല് നേതാക്കളുടെ മൊഴികൂടി എടുക്കുന്നത്. സംഭവത്തിന്റെ യഥാർത്ഥ വശങ്ങൾ അറിയാവുന്നവരെന്ന് വനിതാ നേതാവും പി.കെ ശശിയും പരാമർശിച്ചിട്ടുള്ള രണ്ട് ഡി.വൈ.എഫ്.ഐ നേതാക്കളുടെയും രണ്ട് സി.പി.എം പ്രവർത്തകരുടെയും മൊഴിയാണ് അന്വേഷണ സമിതി എടുക്കുക.

പാർട്ടി നടപടി ക്രമങ്ങൾ പുരോഗമിക്കുമ്പോഴും പരാതി പിൻവലിക്കാൻ വനിതാ നേതാവിന് മേൽ സമ്മർദ്ദമുണ്ടെന്നാണ് സൂചന. കമ്മീഷനംഗമായ മന്ത്രി എ.കെ ബാലന്റെ വകുപ്പിലെ ഒരുദ്യോഗസ്ഥൻ പെൺകുട്ടിയെ നേരിട്ട് കണ്ട് പരാതി പിൻവലിക്കാൻ ആവശ്യപ്പെട്ടതായി ഒരുവിഭാഗം പ്രവർത്തകർ പറയുന്നു. എന്നാൽ പെൺകുട്ടി ആരോപണത്തിൽ ഉറച്ചുനിൽക്കുന്നതായാണ് അറിയിച്ചതെന്നും സൂചനയുണ്ട്.

അടുത്തയാഴ്ച ചേരുന്ന സി.പി.എം സംസ്ഥാന നേതൃയോഗങ്ങൾക്ക് മുൻപായി സമിതി റിപ്പോർട്ട് സമർപ്പിക്കും. ഈ യോഗങ്ങളിലായിരിക്കും ശശിക്കെതിരായ നടപടിയുടെ കാര്യത്തിൽ തീരുമാനമെടുക്കുക. നടപടിയുണ്ടാവുകയാണെങ്കിൽ അത് സംഘടാതലത്തിൽമാത്രം ഒതുക്കി നിർത്താൻ ശ്രമം നടക്കുന്നെന്ന ആരോപണവും ശക്തമാണ്.

TAGS :

Next Story