Quantcast

കെ.പി.സി.സിയുടെ പുതിയ നേതൃത്വം ഇന്ന് അധികാരമേല്‍ക്കും

പ്രസിഡന്റായി മുല്ലപ്പള്ളി രാമചന്ദ്രനും മൂന്ന് വര്‍ക്കിംഗ് പ്രസിഡന്റുമാരും പ്രചരണസമിതി തലവനും സ്ഥാനമേല്‍ക്കും. വൈകീട്ട് യു.ഡി.എഫ് യോഗവും രാഷ്ട്രീയകാര്യ സമിതിയും ചേരും.

MediaOne Logo

Web Desk

  • Published:

    27 Sept 2018 7:31 AM IST

കെ.പി.സി.സിയുടെ പുതിയ നേതൃത്വം ഇന്ന് അധികാരമേല്‍ക്കും
X

കേരളത്തില്‍ കോണ്‍ഗ്രസിന്റെ പുതിയ നേതൃത്വം ഇന്ന് ചുമതലയേല്‍ക്കും. മുല്ലപ്പള്ളി രാമചന്ദ്രനൊപ്പം മൂന്ന് വര്‍ക്കിംഗ് പ്രസിഡന്റുമാരും പ്രചരണസമിതി തലവനും നേതൃത്വമേറ്റെടുക്കും. യു.ഡി.എഫ് കണ്‍വീനര്‍ ബെന്നി ബെഹനാനും ഇന്ന് ചേരുന്ന യു.ഡി.എഫ് യോഗത്തില്‍ വെച്ച് ചുമതല ഏറ്റെടുക്കും.

ഒരു പ്രസിഡന്റും മൂന്ന് വര്‍ക്കിംഗ് പ്രസിഡന്റുമാരും പ്രചരണസമിതി തലവനും ഉള്‍പ്പെടെയുള്ള പുതിയ ടീമാണ് ഇന്ന് ചുമതലേല്‍ക്കുന്നത്. രാവിലെ 12ന് കെ.പി.സി.സി ആസ്ഥാനമായ ഇന്ദിരാഭവനിലാണ് ചുമതലയേറ്റെടുക്കല്‍ ചടങ്ങ്. നിയുക്ത കെ.പി.സി.സി പ്രസിഡന്റ് മുല്ലപ്പള്ളി രാമചന്ദ്രന്‍ നിലവിലെ പ്രസിഡന്‍റ് എം.എം ഹസനില്‍ നിന്ന് ചുമതല ഏറ്റെടുക്കും.

വര്‍ക്കിംഗ് പ്രസിഡന്റുമാരായ കെ. സുധാകരന്‍, എം.ഐ ഷാനവാസ്, കൊടിക്കുന്നില്‍ സുരേഷ് പ്രചരണ സമിതി തലവന്‍ കെ. മുരളീധരന്‍ എന്നിവരും ഇന്നുതന്നെ ചുമതലേല്‍ക്കും. കോണ്‍ഗ്രസ് പ്രവര്‍ത്തക സമിതിയംഗങ്ങളായ എ.കെ ആന്റണി, ഉമ്മന്‍ചാണ്ടി, കെ.സി വേണുഗോപാല്‍, മുന്‍ കെ.പി.സി.സി പ്രസിഡന്റുമാര്‍, എം.പി മാര്‍. എം.എല്‍.എമാര്‍, കെ.പി.സി.സി ഭാരവാഹികള്‍, ഡി.സി.സി പ്രസിഡന്‍റുമാര്‍ ഉള്‍പ്പെടെ നേതൃനിരയും പ്രവര്‍ത്തകരും ചുമതലേറ്റെടുക്കല്‍ ചടങ്ങില്‍ പങ്കെടുക്കാനുണ്ടാകും. വൈകിട്ട് ആറിന് പുതിയ നേതൃത്വം പങ്കെടുക്കുന്ന ആദ്യ കെ.പി.സി.സി രാഷ്ട്രീയകാര്യ സമിതിയും ചേരും. പുതിയ കെ.പി.സി.സി ഭാരവാഹികള്‍ സംബന്ധിച്ച ചര്‍ച്ചകളാകും പുതിയ നേതൃത്വത്തിന് മുന്നില്‍ ആദ്യം എത്തുക. പാര്‍ലമെന്‍റ് തെരഞ്ഞെടുപ്പ് തയാറെടുപ്പുകളും യോഗം ചര്‍ച്ച ചെയ്യും.

ഉച്ചക്ക് ശേഷം 3 ന് കന്‍റോണ്‍മെന്‍റ് ഹൌസില്‍ ചേരുന്ന യോഗത്തില്‍ യു.ഡി.എഫ് കണ്‍വീനറായി ബെന്നി ബെഹനനാനും ചുമതലയേറ്റെടുക്കും.

TAGS :

Next Story