Quantcast

ശബരിമല; പ്രത്യക്ഷ സമരത്തിനിറങ്ങാന്‍ ഹൈക്കമാന്‍ഡ് അനുമതി കാത്ത് കെ.പി.സി.സി

ഹൈക്കമാന്‍ഡ് പൊതുവികാരത്തിനൊപ്പം നില്‍ക്കണമെന്ന് ആവശ്യപ്പെട്ട് അധ്യക്ഷന്‍ രാഹുല്‍ ഗാന്ധിക്ക് കെ.പി.സി..സി കത്തയച്ചു. 

MediaOne Logo

Web Desk

  • Published:

    16 Oct 2018 7:39 AM GMT

ശബരിമല; പ്രത്യക്ഷ സമരത്തിനിറങ്ങാന്‍ ഹൈക്കമാന്‍ഡ് അനുമതി കാത്ത് കെ.പി.സി.സി
X

ശബരിമല സ്ത്രീപ്രവേശന വിഷയത്തില്‍ പ്രത്യക്ഷ സമരത്തിനിറങ്ങാന്‍ ഹൈക്കമാന്‍ഡ് അനുമതി കാത്ത് കെ.പി.സി.സി. ഹൈക്കമാന്‍ഡ് പൊതുവികാരത്തിനൊപ്പം നില്‍ക്കണമെന്ന് ആവശ്യപ്പെട്ട് അധ്യക്ഷന്‍ രാഹുല്‍ ഗാന്ധിക്ക് കെ.പി.സി..സി കത്തയച്ചു. മുല്ലപ്പളളി രാമചന്ദ്രനും രമേശ് ചെന്നിത്തലയും നാളെ രാഹുലിനെ കാണും. എ.കെ ആന്റണിയും കെ.സി വേണുഗോപാലും രാഹുലിനെ കണ്ട് നിലപാട് വിശദീകരിച്ചു.

ശബരിമല സ്ത്രീ പ്രവേശനം വിശ്വാസികളുടെ വികാരം കൂടി കണക്കിലെടുത്താകണം നടപ്പാക്കേണ്ടതെന്ന് വിധിയെ സ്വാഗതം ചെയ്ത് ഹൈക്കമാന്‍ഡ് വ്യക്തമാക്കിയിരുന്നു. വിഷയത്തില്‍ വിശ്വാസികൾക്കൊപ്പം നിൽക്കാനാണ് സംസ്ഥാന ഘടകം തീരുമാനിച്ചിരുന്നത്. നട തുറക്കുന്ന 17നും 18നും പമ്പയിലും നിലയ്ക്കലും നടക്കുന്ന വിശ്വാസികളുടെ സമരത്തിന് പിന്തുണ നൽകും. കോൺഗ്രസ് വർക്കിങ് പ്രസിഡണ്ട് കെ.സുധാകരൻ 17ന് പമ്പയും നിലയ്ക്കലും സന്ദർശിക്കും. സമരത്തിൽ സജീവമാകാൻ കോട്ടയം, പത്തനംതിട്ട ഡി.സി.സികൾക്ക് നിർദ്ദേശം നൽകിയിട്ടുണ്ട്.

ഇക്കാര്യത്തില്‍ പിന്തുണ തേടി ഹൈക്കമാന്‍ഡിന് കെ.പി.സി.സി നേതൃത്വം കത്തയച്ചു. നാളെ കെ.പി.സി.സി അധ്യക്ഷന്‍ മുല്ലപ്പളളി രാമചന്ദ്രനും പ്രതിപക്ഷനേതാവ് രമേശ് ചെന്നിത്തലയും രാഹുലിനെ കണ്ട് നിലപാട് വിശദീകരിക്കും. രാഹുല്‍ അനുമതി നല്‍കിയാല്‍ സമരം പ്രത്യക്ഷത്തില്‍ ഏറ്റെടുക്കും. മുതിര്‍ന്ന നേതാക്കളായ എ.കെ ആന്റണിയും കെ.സി വേണുഗോപാലും രാഹുലിനെ കണ്ട് സാഹചര്യം ബോധിപ്പിച്ചു. ബി.ജെ.പിയുടെ മുതലെടുപ്പ് തടയാന്‍ ക്രിയാത്മക ഇടപെടല്‍ അനിവാര്യമെന്നാണ് വിലയിരുത്തല്‍.

TAGS :

Next Story