Quantcast

നിലക്കലില്‍ വീണ്ടും സംഘര്‍ഷം; പൊലീസിന് നേരെ കല്ലേറ്; മാധ്യമപ്രവര്‍ത്തകര്‍ക്ക് മര്‍ദ്ദനം

വനിതാ മാധ്യമപ്രവര്‍ത്തകര്‍ ഉള്‍പ്പെടെയുള്ളവരെ കയ്യേറ്റം ചെയ്യുകയുണ്ടായി. റിപ്പോര്‍ട്ടര്‍, റിപബ്ലിക്, ന്യൂസ് 18 ചാനലുകളുടെ വാഹനങ്ങള്‍ അടിച്ചുതകര്‍ത്തിരുന്നു.

MediaOne Logo

Web Desk

  • Published:

    17 Oct 2018 12:48 PM GMT

നിലക്കലില്‍ വീണ്ടും സംഘര്‍ഷം; പൊലീസിന് നേരെ കല്ലേറ്; മാധ്യമപ്രവര്‍ത്തകര്‍ക്ക് മര്‍ദ്ദനം
X

ശബരിമല സ്ത്രീപ്രവേശനത്തിനെതിരായ പ്രതിഷേധത്തിന്‍റെ മറവില്‍ നിലക്കലിലും പമ്പയിലും വ്യാപക അക്രമം. വനിതാമാധ്യമ പ്രവര്‍ത്തകര്‍ ഉള്‍പ്പെടെ നിരവധി പേര്‍ക്ക് മര്‍ദനമേറ്റു. നിരവധി വാഹനങ്ങള്‍ തകര്‍ത്തു. കല്ലേറില്‍ 5 പൊലീസ് ഉദ്യോഗസ്ഥര്‍ക്ക് പരിക്കേറ്റു. പൊലീസ് പലയിടത്തും ലാത്തി വീശി.

രാവിലെ പൊലീസ് പിരിച്ചുവിട്ട അക്രമികള്‍ ഉച്ചയോടെ തിരിച്ചെത്തിയാണ് വ്യാപക ആക്രമണം അഴിച്ചുവിട്ടത്. പൊലീസിനെതിരെ തിരിഞ്ഞ അക്രമികള്‍ വനിതാ മാധ്യമപ്രവര്‍ത്തകരെയടക്കം മര്‍ദിച്ചു. ന്യൂസ് 18, റിപ്പോര്‍ട്ടര്‍, ഇന്ത്യാടുഡെ എന്നീ മാധ്യമസ്ഥാപനങ്ങളിലെ മാധ്യമപ്രവര്‍ത്തകര്‍ക്ക് മര്‍ദനമേറ്റു. മാധ്യമം പത്രത്തിന്റേത് അടക്കം നിരവധി വാഹനങ്ങള്‍ അടിച്ച് തകര്‍ത്തു. സമീപത്തെ കുറ്റിക്കാടുകളില്‍ മറഞ്ഞിരുന്നായിരുന്നു പൊലീസിനെതിരായ ആക്രമണം.

നാല് മണിക്കൂറിലധികം പ്രദേശത്ത് അക്രമികള്‍ അഴി‍ഞ്ഞാടി. പൊലീസിനെതിരെ വ്യാപകമായി കല്ലേറുണ്ടായി. സ്ത്രീകള്‍ എത്തുന്നുവെന്ന് ആരോപിച്ച് കെ.എസ്.ആര്‍.ടി.സി ബസുകള്‍ക്ക് നേരെയും ആക്രമണം ഉണ്ടായി.

പമ്പയിലും പ്രതിഷേധത്തിന്റെ മറവില്‍ അക്രമികള്‍ അഴിഞ്ഞാടി. പൊലീസിനും മാധ്യമങ്ങള്‍ക്കും നേരെ ഇവിടെയും ആക്രമണമുണ്ടായി. അക്രമികളെ പിരിച്ചുവിടാനായി പൊലീസ് പലയിടത്തും ലാത്തിവീശി. അയ്യപ്പ ധര്‍മ്മ സേന പ്രവര്‍ത്തകന്‍ രാഹുല്‍ ഈശ്വറിനെ നേരത്തെ തന്നെ പൊലീസ് കസ്റ്റഡിയിലെടുത്തിരുന്നു.

TAGS :

Next Story