പ്രളയത്തില്‍ 26718 കോടി രൂപയുടെ നാശനഷ്ടം, ദുരിതാശ്വാസ നിധിയിലെത്തിയത് 2683.18 കോടി; പുനര്‍നിര്‍മാണത്തിന് ഈ തുക മതിയാവില്ലെന്ന് മുഖ്യമന്ത്രി
റേഷൻ ഇനങ്ങൾ നൽകിയതിനും രക്ഷാപ്രവർത്തനത്തിന് വിമാനം എത്തിയതിനുമായി 290 കോടി രൂപ കേന്ദ്രത്തിന് നൽകേണ്ടി വന്നുവെന്നും മുഖ്യമന്ത്രി സഭയെ അറിയിച്ചു.

പ്രളയാനന്തര പുനര്‍നിര്‍മാണത്തിന് ഇതുവരെ കിട്ടിയ തുക പോരെന്ന് മുഖ്യമന്ത്രി പിണറായി വിജയന്‍. ദുരിതാശ്വാസ നിധിയിലേക്ക് ആകെ കിട്ടിയത് 2683.18 കോടി രൂപയാണ്. റേഷൻ ഇനങ്ങൾ നൽകിയതിനും രക്ഷാപ്രവർത്തനത്തിന് വിമാനം എത്തിയതിനുമായി 290 കോടി രൂപ കേന്ദ്രത്തിന് നൽകേണ്ടി വന്നുവെന്നും മുഖ്യമന്ത്രി സഭയെ അറിയിച്ചു.

26718 കോടി രൂപയുടെ നാശനഷ്ടമാണ് പ്രളയത്തിലുണ്ടായത്. 31000 കോടി രൂപ പുനർനിർമ്മാണത്തിന് വേണം. ദുരിതാശ്വാസ നിധി വഴി 2683.18 കോടി രൂപ ഇതുവരെ സമാഹരിച്ചു. വീടുകളുടെ നാശനഷ്ടത്തിന് 1357.78 കോടി ചെലവായി. കേന്ദ്രം 600 കോടി രൂപയാണ് ഇതുവരെ നൽകിയത്. ഇതിൽ പ്രളയ സമയത്ത് റേഷൻ ഇനങ്ങൾ നൽകിയതിനും രക്ഷാപ്രവർത്തനത്തിന് വിമാനങ്ങൾ എത്തിയതിനുമായി 290.67 കോടി രൂപ കേന്ദ്രത്തിന് നൽകേണ്ടി വന്നുവെന്നും മുഖ്യമന്ത്രി ചട്ടം 300 പ്രകാരം നടത്തിയ പ്രസ്താവനയിൽ പറയുന്നു.

എസ്.ഡി.ആര്‍.എഫിലെ മുഴുവൻ തുക വിനിയോഗിച്ചാലും ബാധ്യതപ്പെട്ട തുക മുഴുവൻ കൊടുത്ത് തീർക്കാൻ ഫണ്ട് പര്യാപ്തമല്ലെന്നും മുഖ്യമന്ത്രി വ്യക്തമാക്കി. തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങളുടെ റോഡുകളുടെ പുനർനിർമ്മാണം, വീടുകളുടെ പുനർനിർമ്മാണം, ജീവനോപാധികളുടെ വീണ്ടെടുപ്പ് തുടങ്ങിയവയ്ക്കാണ് പുനർനിർമ്മാണത്തിൽ പ്രാധാന്യം നൽകുന്നത്. കുട്ടനാട്, പുഴയോര പാരിസ്ഥിത ദുർബല മേഖലകൾ, രൂക്ഷമായ കടലാക്രമണ നടക്കുന്ന സ്ഥലം, മണ്ണിടിച്ചിൽ മേഖല എന്നിവിടങ്ങളുടെ സവിശേഷത കണക്കിലെടുത്ത് മാത്രമേ പുനർനിർമ്മാണം നടത്തൂവെന്നും മുഖ്യമന്ത്രി അറിയിച്ചു.

കൊച്ചിയുടെ സമഗ്ര വികസനം, തിരുവനന്തപുരം, കോഴിക്കോട് ജില്ലകളുടെ പശ്ചാത്തല സൗകര്യ വികസനം, 14 ജിലകളുടേയും വികസനം എന്നിവയും പുനർനിർമാണത്തിന്റെ ഭാഗമായി ഉണ്ടാകുമെന്നും മുഖ്യമന്ത്രി അറിയിച്ചു.
Adjust Story Font
16

