പ്രളയ ദുരിതാശ്വാസമായി കേരളത്തിന് കേന്ദ്രം 2500 കോടി രൂപ നല്‍കും
നേരത്തെ നൽകിയ 600 കോടിക്ക് പുറമേയാണിത്. കേന്ദ്ര ആഭ്യന്തര സെക്രട്ടറി അധ്യക്ഷനായ സമിതിയുടേതാണ് ശിപാർശ.

പ്രളയ ദുരിത നിവാരണത്തിനായി കേരളത്തിന് കേന്ദ്രം 2500 കോടി രൂപ നല്‍കും. നേരത്തെ നൽകിയ 600 കോടിക്ക് പുറമേയാണിത്. കേന്ദ്ര ആഭ്യന്തര സെക്രട്ടറി അധ്യക്ഷനായ സമിതിയുടേതാണ് ശിപാർശ. ഔദ്യോഗിക പ്രഖ്യാപനം ഉടനുണ്ടായേക്കും.
കേരളത്തിന് ഇടക്കാല ആശ്വാസമായി കേന്ദ്രം അനുവദിച്ച തുക അപര്യാപ്തമാണെന്ന ആക്ഷേപം നിലനിൽക്കെയാണ് കേന്ദ്രം അധിക ധനസഹായത്തിന് തീരുമാനം എടുത്തിരിക്കുന്നത്. പ്രളയക്കെടുതി സംബന്ധിച്ച കേന്ദ്ര സംഘത്തിന്റെ അന്തിമ റിപ്പോർട്ടിന്റെ അടിസ്ഥാനത്തിലാണ് നടപടി. ആഭ്യന്തര സെക്രട്ടറി അധ്യക്ഷനായ സമിതിയുടെ ശിപാർശക്ക് ഇനി മന്ത്രിതല സമിതിയുടെ അംഗീകാരം വേണം. ശേഷമായിരിക്കും ഔദ്യോഗിക പ്രഖ്യാപനം.
4800 കോടി രൂപയാണ് കേരളം ആവശ്യപ്പെട്ടിരുന്നത്. പ്രകൃതിദുരന്തങ്ങള്‍ സംബന്ധിച്ച ഉന്നതതല സമിതി യോഗം അടിയന്തരമായി വിളിച്ചു ചേര്‍ത്തു കേരളത്തിനു ഈ സഹായം ലഭ്യമാക്കണമെന്നാവശ്യപ്പെട്ട് മുഖ്യമന്ത്രി പിണറായി വിജയന്‍ കേന്ദ്രമന്ത്രി രാജ്‌നാഥ് സിങ്ങിന് കത്തയച്ചിരുന്നു.
രക്ഷാദൗത്യത്തിന് സൈനിക ഹെലികോപ്റ്ററുകൾ എത്തിയതിനും മറ്റുമായി കേന്ദ്രം 290.67 കോടി ആവശ്യപ്പെട്ടന്നാണ് കഴിഞ്ഞ ദിവസം നിയമസഭയിൽ മുഖ്യമന്ത്രി വ്യക്തമാക്കിയത്. പ്രളയകാലത്ത് സൗജന്യ അരിയും മണ്ണെണ്ണയും അനുവദിക്കാത്ത കേന്ദ്ര നടപടിയും വൻ വിവാദമായിരുന്നു. 26718 കോടി രൂപയുടെ നാശനഷ്ടമാണ് പ്രളയത്തിലുണ്ടായത്. ലോക ബാങ്കിന്റെയും ഐക്യ രാഷ്ട്ര സഭയുടെ കണക്ക് പ്രകാരം 31000 കോടി രൂപ പുനർനിർമ്മാണത്തിന് വേണ്ടി വരും. മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ നിധി വഴി ഇതുവരെ കിട്ടയിത് 2683.18 കോടി രൂപ മാത്രമാണ്.
Adjust Story Font
16

