Quantcast

ബി.ജെ.പി നേതൃയോഗത്തിൽ ഇരുവിഭാഗങ്ങൾ തമ്മിൽ വാദപ്രതിവാദം

അദ്ധ്യക്ഷൻ പി.എസ് ശ്രീധരൻപിള്ളക്കെതിരെയും വി. മുരളീധരനെതിരെയും വിമർശനമുയർന്നു.

MediaOne Logo

Web Desk

  • Published:

    1 Dec 2018 6:36 AM IST

ബി.ജെ.പി നേതൃയോഗത്തിൽ ഇരുവിഭാഗങ്ങൾ തമ്മിൽ വാദപ്രതിവാദം
X

ബി.ജെ.പി സംസ്ഥാന നേതൃയോഗത്തിൽ ഇരുവിഭാഗങ്ങൾ തമ്മിൽ വാദപ്രതിവാദം . അദ്ധ്യക്ഷൻ പി.എസ് ശ്രീധരൻപിള്ളക്കെതിരെയും വി. മുരളീധരനെതിരെയും വിമർശനമുയർന്നു. ശ്രീധരൻ പിള്ളയുടെ പല പ്രസ്താവനകളും പാർട്ടിക്ക് ക്ഷീണമുണ്ടാക്കിയതായും ഒരു വിഭാഗം ഉന്നയിച്ചു. വി.മുരളീധരന്റ പ്രസ്താവന അദ്ധ്യക്ഷന്റ ആത്മാർത്ഥതയെ ചോദ്യം ചെയ്യുന്ന തരത്തിലായെന്ന് മറുവിഭാഗം ആരോപിച്ചു. വി. മുരളിധരൻ യോഗത്തിൽ പങ്കെടുത്തില്ല.

സംസ്ഥാന അദ്ധ്യക്ഷന്റെ പ്രവർത്തന ശൈലിക്കെതിരെയായിരുന്നു വിമർശനം. ശബരിമല സമരത്തിന്റെ കാര്യത്തിൽ ബി.ജെ.പിയുടെ നിലപാടുകൾ ശരിയായ അർത്ഥത്തിൽ ജനങ്ങളിലേക്കെത്തിക്കുന്നതിൽ സംസ്ഥാന അധ്യക്ഷന്റെ പല പരാമർശങ്ങളും തടസമായതായായി വിമർശനമുയർന്നു. ഇടയ്ക്കിടെയുള്ള നിലപാട് മാറ്റവും പ്രതിച്ഛായയ്ക്ക് കോട്ടം വരുത്തി. ബി. ജെ.പി പ്രവർത്തകരല്ലാത്ത വിശ്വാസികൾ ഒപ്പം വന്നെ ങ്കിലും പിന്നീടുണ്ടായ കാര്യങ്ങൾ ഇവരെയും ബി.ജെ.പിയിൽ നിന്നകറ്റി എന്ന പരാമർശവും യോഗത്തിലുണ്ടായി. സമരം സെക്രട്ടേറിയേറ്റിന് മുന്നിലേക്ക് മാറ്റുന്നതിന്റെ കാരണം വിശദീകരിക്കാൻ നേതൃത്വത്തിനായില്ല. സി.പി.എമ്മുമായുള്ള ഒത്ത് തീർപ്പ് സമരമാണെന്ന് പ്രവർത്തകർ തെറ്റിദ്ധരിച്ചാൽ അവരെ കുറ്റം പറയാനാകില്ലെന്നും നാല് ജില്ലകളിൽ നിന്നുള്ള ഭാരവാഹികൾ കുറ്റപ്പെടുത്തി. വേദി മാറ്റുന്നതോടെ സമരം ദുർബലമാകുമെന്നും വിശ്വാസികളുടെ പങ്കാളിത്തം കുറയുമെന്നുമുള്ള വാദങ്ങൾ പ്രതിനിധികൾ ഉയർത്തി.

കെ. സുരേന്ദ്രനെതിരായ കേസുകളിൽ കാര്യമായ ഇടപെടൽ നടത്താൻ സംസ്ഥാന നേതൃത്വം തയ്യാറായില്ല എന്നും ആരോപണമുണ്ടായി. ബി.ജെ.പി കോർ കമ്മിറ്റി അംഗം വി. മുരളീധരനെതിരെ ശ്രീധരൻ പിള്ളയെ അനുകൂലിക്കുന്ന പക്ഷം വിമർശനമുന്നയിച്ചു. സമരം മാറ്റുന്നതിനെ പറ്റി മുരളീധരൻ പറഞ്ഞ കാര്യങ്ങൾ അധ്യക്ഷനെ സംശയത്തിന്റെ മുനയിൽ നിർത്തിയെന്നും പ്രതികരണം അനവസരത്തിലുള്ളതായിരുന്നെന്നും ഒരു വിഭാഗം ചൂണ്ടിക്കാട്ടി. കോഴിക്കോടുണ്ടായിരുന്നെങ്കിലും മുരളീധരൻ യോഗത്തിൽ നിന്ന് വിട്ടുനിന്നു.

TAGS :

Next Story